20 January, 2019 10:18:07 AM
ശബരിമലയിൽ യുവതി ദര്‍ശനത്തിന് പിന്നാലെ ശുദ്ധിക്രിയ; തന്ത്രിക്കു കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: ശബരിമലയിൽ യുവതി ദര്‍ശനത്തിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിനു തന്ത്രിക്കു സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ദര്‍ശനം നടത്തിയ യുവതികളിൽ ഒരാൾ ദളിത് ആയതിനാൽ ശുദ്ധി ക്രിയ അയിത്താചാരം ആയി കണക്കാക്കും എന്ന് കമ്മീഷൻ അംഗം എസ് അജയകുമാർ വ്യക്തമാക്കി. ഈ മാസം 17 നു ഹാജരാകാൻ തന്ത്രിക് നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ ആണ് നോട്ടീസ് നൽകുന്നത്. ഭരണ ഘടനക്കും നീതി ന്യായ വ്യവസ്ഥക്കും മുകളിൽ അല്ല തന്ത്രി എന്നും അജയകുമാർ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
"ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിൽ ഒരു സ്ത്രീ ദളിത് ആയതുകൊണ്ട് സംസ്ഥാന പട്ടിക ജാതി - വർഗ്ഗ കമ്മീഷൻ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജർ ആവാൻ നോട്ടീസ് അയച്ചിരുന്നു. കമ്മിഷൻ മുൻപാകെ ഹാജരാവാത്തതുകൊണ്ട് തുടർനടപടി എന്ന നിലക്ക് കമ്മീഷൻ മെമ്പറായ ഞാൻ തന്ത്രിയക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുകയാണ് . ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമവ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ സവർണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിർക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന പട്ടിക ജാതി - പട്ടിക വർഗ കമ്മീഷൻ ശക്തമായി ഇടപെടുന്നതായിരിക്കും."