18 January, 2019 12:47:30 PM
51 യുവതികൾ മല കയറിയെന്ന് സര്‍ക്കാര്‍; ബിന്ദുവിനും കനക ദുര്‍ഗയ്ക്കും സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇതുവരെ 51 യുവതികൾ മല കയറിയെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കൂടുതൽ പേരും ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പേരും ആധാർ കാർഡുമടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ് കോടതിയിൽ നൽകിയിരിക്കുന്നത്.
കൂടാതെ ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളായ ബിന്ദുവിനും കനക ദുര്‍ഗയ്ക്കും അവര്‍ ആവശ്യപ്പെടുന്ന വിധത്തില്‍ പോലീസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍സമയ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടാണ് കനക ദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചത്
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും കോടതി നിരീക്ഷിച്ചു. ബിന്ദുവിനും കനക ദുര്‍ഗയ്ക്കും ഉള്‍പ്പെടെ 51 യുവതികള്‍ക്ക് സുരക്ഷ നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതി അറിയിച്ചു. ഇവര്‍ക്കുള്ള സുരക്ഷ തുടരാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ശബരിമല നട ശനിയാഴ്ച അടയ്ക്കുന്നതിനാല്‍ ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് അയ്യപ്പഭക്തര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന് മാത്യു നെടുംപാറ ആവശ്യപ്പെട്ടു. എന്നാല്‍ ചീഫ് ജസ്റ്റീസ് ഈ ആവശ്യം തള്ളുകയായിരുന്നു.