07 January, 2019 03:45:48 PM


ശബരിമല വിഷയം ലോക്സഭയിൽ: സംസ്ഥാന സർക്കാറിനെ പിരിച്ചുവിടണമെന്ന് ബിജെപി



ദില്ലി: ശബരിമല വിഷയത്തില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമായ നടപടികളുമായി ബിജെപി. വിഷയം വീണ്ടും ബിജെപി ലോക്സഭയിൽ ഉന്നയിച്ചു. കേരള സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്നും  ജാര്‍ഖണ്ഡിലെ ഖൊഢ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ദുബെ ലോക്സഭയില്‍ ആവശ്യപ്പെട്ടു. 


സിപിഎം അക്രമം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ വേണം. സംസ്ഥാനത്ത് വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. ക്രമസമാധാന നില തകര്‍ന്നുവെന്നും  നിഷികാന്ത് ദുബെ ആരോപിച്ചു. എന്നാല്‍ ഇതിനെതിരെ സിപിഎം എംപിമാര്‍ സഭയില്‍ പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു  ഇടത് എംപിമാരുടെ പ്രതിഷേധം. ശബരിമല യുവതീപ്രവേശനത്തെത്തുടർന്ന് കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് ആരോപിച്ച് പാർലമെന്‍റിൽ ബിജെപി എംപിമാർ രാവിലെ പ്രതിഷേധിച്ചിരുന്നു.


പാർലമെന്‍റ് സമ്മേളിക്കുന്നതിന് മുമ്പ് രാവിലെ 10 മണിയോടെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു നൂറോളം ബിജെപി എംപിമാരുടെ പ്രതിഷേധം. കേന്ദ്രമന്ത്രിമാരും പ്രതിഷേധത്തിനെത്തി. ബിജെപി രാജ്യസഭാ എംപി വി മുരളീധരന്‍റെ വീടിന് നേരെ നടന്ന ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനപ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണം, കേരളത്തിൽ ക്രമസമാധാനം തകർന്നു എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായാണ് എംപിമാർ അണിനിരന്നത്. 


ഭരണഘടനയ്ക്കുള്ളിൽ നിന്ന് ശബരിമല വിഷയത്തിൽ ഇടപെടുമെന്നാണ് നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നത്. എന്ത് ഇടപെടലാണ് നടത്തുകയെന്ന ചോദ്യത്തിന്, കേരളത്തോട് ക്രമസമാധാനനില സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അത് കിട്ടിയ ശേഷം തീരുമാനമെടുക്കാമെന്നുമാണ് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അക്രമം അവസാനിപ്പിക്കാനുള്ള നിർദേശം നൽകാൻ കേന്ദ്രസർക്കാരിന് കഴിയും. ഭരണഘടനയ്ക്കകത്തു നിന്നുകൊണ്ട് അത്തരമൊരു സന്ദേശം കേരളത്തിന് നൽകിയേക്കും എന്നാണ് സൂചന. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K