06 January, 2019 03:25:57 PM


പിഞ്ചുകുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ച ആംബുലന്‍സ് സൈക്കിള്‍ യാത്രക്കാരന്‍റെ ജീവനെടുത്തു (VIDEO കാണാം)



കൊല്ലം: മംഗലാപുരത്തു നിന്നും നാല് ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തിരുവനന്തപുരത്ത് ശ്രീചിത്രയിലെത്തിച്ച ശേഷം മടങ്ങുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ടു. ഓച്ചിറ പള്ളിമുക്കില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നര മണിയോടെ ഉണ്ടായ അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരനായ കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്കുപുറം സാധുപുരത്ത് ചന്ദ്രന്‍ (60) മരണമടഞ്ഞു. ബൈക്ക് യാത്രികരും ഒഡീഷാ സ്വദേശികളുമായ രണ്ട് പേരെ ഗുരുതരമായ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


ആംബുലന്‍സ് ഡ്രൈവര്‍മാരായ അബ്ദുള്ള, ഹാരിസ്, നഴ്സ് അശ്വന്ത് എന്നിവര്‍ക്കും പരിക്കേറ്റു. ശനിയാഴ്ച രാത്രി മംഗലാപുരത്തുനിന്നും തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രി വരെ എട്ട് മണിക്കൂര്‍ കൊണ്ട് രോഗിയായ കുട്ടിയെ എത്തിച്ചശേഷം മടങ്ങുകയായിരുന്നു ഇവര്‍. ക്ഷീണം കൊണ്ട് ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്ന് അനുമാനിക്കുന്നുവെന്ന് പോലീസ് പറയുന്നു. ഓച്ചിറ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് ചന്ദ്രന്‍റെ മൃതദേഹം ഓച്ചിറ പരബ്രഹ്മം ആശുപത്രിയിലേക്ക് മാറ്റി. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K