05 January, 2019 02:52:19 PM


പരിഹരിക്കപ്പെടാന്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ബാക്കി നിര്‍ത്തി നവീകരിച്ച എം.സി.റോഡ് ഉദ്ഘാടനം 15ന്



കോട്ടയം: എം.സി.റോഡിന്‍റെ നവീകരണം പൂര്‍ത്തിയാക്കിയ മൂവാറ്റുപുഴ മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ഭാഗം ജനുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. രാവിലെ 10.30ന് പട്ടിത്താനം ജംഗ്ഷനില്‍ നടക്കുന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. ഒട്ടേറെ അപാകതകളോടും വ്യാപകമായ രീതിയില്‍ നടന്ന കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാതെയും നവീകരണം പൂര്‍ത്തിയാക്കിയ എം.സി.റോഡിന്‍റെ നിര്‍മ്മാണം ഇതിനോടകം ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

2002ല്‍ ഏറ്റെടുത്ത് കല്ലിട്ട സ്ഥലം റോഡ് നവീകരണത്തിനായി കരാറ്‍കാര്‍ക്ക് കൈമാറിയത് 2014ലാണ്.  ഇതിനോടകം സ്ഥലം വിട്ടുകൊടുത്ത സ്വകാര്യവ്യക്തികള്‍ തന്നെ പലയിടത്തും കയ്യേറ്റം നടത്തി. നവീകരണം നടക്കുന്നതിനിടെ തന്നെ റോഡിലേക്കിറക്കി കെട്ടിടവും മതിലും പണിതവരുമുണ്ട്. റോഡ് പണിയില്‍ ഒട്ടേറെ അപാകതകള്‍ തുടക്കം മുതലേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ടാറിംഗ് പൂര്‍ത്തിയായ ശേഷം ഓടനിര്‍മ്മാണത്തിനും കലുങ്ക് നിര്‍മ്മാണത്തിനുമായി റോഡ് പലയിടത്തും കുത്തിപൊട്ടിച്ചു. കലുങ്കുകള്‍ പലയിടത്തും വീതി കുറച്ച് പണിതത് വീണ്ടും പൊളിച്ച് വീതി കൂട്ടി.
 
ഉദ്ഘാടനസമ്മേളനം നടക്കുന്ന പട്ടിത്താനം ജംഗ്ഷനില്‍ സ്ഥലം ഏറ്റെടുക്കുന്നതിലും വീഴ്ച പറ്റിയതായി തഹസില്‍ദാരുടെയും കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഏറ്റുമാനൂര്‍ പട്ടിത്താനം മുതല്‍ അടിച്ചിറ കവല വരെയുള്ള ഭാഗത്ത് പത്ത് സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറിയതായി കണ്ടെത്തിയിരുന്നു. റോഡിന് സ്ഥലം ഏറ്റെടുത്തതിലെ അപാകത റോഡിന്‍റെ പല ഭാഗത്തും വീതി കുറയാന്‍ കാരണമായി. വളവുകള്‍ ശരിയാം വണ്ണം നിവര്‍ക്കാത്തത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി. 

ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ എം.സി.റോഡ് വികസനം തൃപ്തികരമായ രീതിയിലല്ല നടന്നിട്ടുള്ളതെന്ന് നഗരസഭാ ചെയര്‍മാന്‍ നേരിട്ട് പരാതിപ്പെട്ടിരുന്നു. ഏറ്റുമാനൂര്‍ ടൗണില്‍ തന്നെ പലയിടത്തും പല വട്ടം റോഡ് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തത് സ്വകാര്യവ്യക്തികളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും താല്‍പര്യം സംരക്ഷിക്കാനാണെന്നുള്ള പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കലുങ്ക് പണിയുടെ അശാസ്ത്രീയത മൂലം മാതാ ഹോസ്പിറ്റല്‍, വിമലാ ആശുപത്രി, മെയിന്‍ പോസ്റ്റ് ഓഫീസ് ഇവയ്ക്കു സമീപം ചെറിയ മഴയ്ക്കു പോലും വെള്ളകെട്ട് സ്ഥിരം കാഴ്ചയാണ്. ഓട നിര്‍മ്മാണത്തിലും വന്‍ പാകപിഴകളാണ് സംഭവിച്ചത്.

മൂവാറ്റുപുഴ മുതല്‍ പട്ടിത്താനം വരെയും പട്ടിത്താനം മുതല്‍ ചെങ്ങന്നൂര്‍ വരെയും രണ്ട് ഭാഗങ്ങളായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഫ്രാന്‍സ് കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇജിഐഎസ് ഇന്ത്യാ കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു കണ്‍സള്‍ട്ടന്‍റ്. 2013 ഡിസംബര്‍ 30നാണ് 40.123 കിലോമീറ്റര്‍ നീളത്തില്‍ മൂവാറ്റുപുഴ - ഏറ്റുമാനൂര്‍ ഭാഗത്തിന്‍റെ നിര്‍മ്മാണത്തിന് എന്‍എപിസി കരാര്‍ ഏറ്റെടുത്തത്. 171 കോടി രൂപാ ആയിരുന്നു നിര്‍മ്മാണ ചെലവ്. 2018 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി. 293.58 കോടി രൂപാ മുടക്കില്‍ 47.7 കിലോമീറ്റര്‍ നീളത്തില്‍ ഏറ്റുമാനൂര്‍ - ചെങ്ങന്നൂര്‍ ഭാഗത്തിന്‍റെ നിര്‍മ്മാണത്തിന് 2014 സെപ്തംബര്‍ 15 ന് ഡെല്‍മ ശ്രീധന്യ എന്ന കമ്പനി കരാര്‍ ഏറ്റെടുത്തെങ്കിലും പണി തുടങ്ങിയത് നവംബര്‍ 25ന്. 36 മാസമായിരുന്നു നിര്‍മ്മാണകാലാവധി. പക്ഷെ പൂര്‍ത്തിയാക്കിയത് 2018 മാര്‍ച്ച് 31നാണ്.

ചെങ്ങന്നൂരിനും മൂവാറ്റുപുഴയ്ക്കും ഇടയില്‍ പുത്തന്‍വീട്ടില്‍, കല്ലിശേരി, വരട്ടാര്‍, തോണ്ട്ര, നീലിമംഗലം, കരിമ്പന എന്നീ പാലങ്ങള്‍ പുതുക്കി പണിതു. നിര്‍മ്മാണത്തിലുണ്ടായ അപാകതകളെ തുടര്‍ന്ന് നീലിമംഗലം പാലം ഒട്ടേറെ വിവാദങ്ങള്‍ക്കുശേഷമാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്.  എം.സി. റോഡ് നവീകരണത്തില്‍ കരാര്‍കാരുടെ ബാധ്യതാ കാലാവധി ഒരു വര്‍ഷം മാത്രമാണ്. സാധാരണ മൂന്ന് വര്‍ഷം വരെ ബാധ്യതാകാലാവധി ഉള്ളപ്പോഴാണ് ഇവിടെ ഒരു വര്‍ഷമായി ചുരുങ്ങിയിരിക്കുന്നത്. 2019 ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഈ കാലാവധി അവസാനിക്കും. നിര്‍മ്മാണത്തിലെ അപാകതകള്‍ ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ പരിഹരിക്കാനായില്ലാ എങ്കില്‍ തുടര്‍ന്നുള്ള അറ്റകുറ്റപണികള്‍ക്ക് സര്‍ക്കാര്‍ വേറെ ഫണ്ട് കണ്ടെത്തേണ്ടിവരും. 

കണ്‍സള്‍ട്ടന്‍റിനെ ഏല്‍പ്പിച്ചിട്ടുള്ള റോഡ് നിര്‍മ്മാണത്തില്‍ ഒട്ടേറെ അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. ലോകബാങ്കിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഹൈവേകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കണ്‍സള്‍ട്ടന്‍റ് മുഖേന നടത്തുന്നത്. കരാറുകാര്‍ ഒട്ടേറെ ക്രമക്കേടുകള്‍ കാട്ടുന്നുണ്ട്. നിലവില്‍ കണ്‍സള്‍ട്ടന്‍റ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുക പാസാക്കി കൊടുക്കുന്നത്. ക്രമക്കേടുകള്‍ ബോധ്യമായ സാഹചര്യത്തില്‍ ഇനിമേല്‍ കണ്‍സള്‍ട്ടന്‍റിന്‍റെ റിപ്പോര്‍ട്ടിനോടൊപ്പം ബന്ധപ്പെട്ട എഞ്ചിനീയറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചാലെ ബില്‍തുക പാസാക്കു എന്ന് മന്ത്രി പറഞ്ഞിരുന്നുവെങ്കിലും കരാറായി പോയ പ്രവൃത്തികളില്‍ ഇത് നടപ്പിലാക്കാനായിട്ടില്ല.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K