04 January, 2019 09:35:23 PM
ശബരിമല ഡ്യൂട്ടിക്കു പോയി കാണാതായ എഎസ്‌ഐ കണ്ണൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
കണ്ണൂര്‍: രാമങ്കരി പൊലീസ് സ്റ്റേഷനില്‍ നിന്നു ശബരിമല ഡ്യൂട്ടിക്കു പോയ ശേഷം കാണാതായ എഎസ്‌ഐയെ കണ്ണൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പാതിരപ്പള്ളി ഇട്ടിക്കുന്നത്ത് ഐ.ജി.അഗസ്റ്റിൻ (55) ആണു മരിച്ചത്. നവംബര്‍ 29നു ശബരിമല ഡ്യൂട്ടിക്കു പോയെങ്കിലും ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
അഗസ്റ്റിനെ കാണ്‍മാനില്ലെന്ന് ഭാര്യ രാമങ്കരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലോഡ്ജിലെ മുറി അടഞ്ഞുകിടക്കുന്നതു കണ്ട ജീവനക്കാര്‍ ഇന്നു രാവിലെ നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ അഗസ്റ്റിനെ കണ്ടത്.
മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്.കണ്ണൂര്‍ കോടതിയില്‍ ജോലി ചെയ്യുന്ന മകനെ കാണാന്‍ രണ്ടു ദിവസം മുന്‍പാണു കണ്ണൂരിലെത്തിയതെന്നു പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയെന്നു സംശയിക്കുന്നതായി പൊലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.