04 January, 2019 08:24:39 AM
യുവതി പ്രവേശനത്തിന് എതിരല്ല; ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി വി.മുരളീധരന്‍റെ വെളിപ്പെടുത്തല്‍
ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനത്തിന് എതിരല്ലെന്ന് ദേശീയ ചാനലില്‍ പറഞ്ഞ് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍. ന്യൂസ് 18ന്‍റെ പ്രൈം ടൈം പരിപാടിയിലാണ് മുന്‍ സംസ്ഥാന ബിജെപി അദ്ധ്യക്ഷനും രാജ്യസഭ എംപിയുമായ വി മുരളീധരന്‍ സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഒരു വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ ഒരു സ്ത്രീ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ യാതൊരുവിധ പ്രശ്നവുമില്ല. അങ്ങനെയാണെങ്കിൽ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സ്റ്റേറ്റിന്‍റെയും പോലീസിന്‍റെയും ഉത്തരവാധിത്വമാണത്. അങ്ങനെയെങ്കിൽ സുപ്രീം കോടതി വിധി അനുസരിക്കുക എന്നുള്ളത് സ്റ്റേറ്റിന്‍റെ ഉത്തരവാദിത്വമാണ് -വി മുരളീധരന്‍ ചര്‍ച്ചയില്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ നടന്ന പ്രവേശനം അത്തരത്തില്‍ അല്ലെന്നും, അത് രാഷ്ട്രീയമായ ഗൂഢാലോചനയാണെന്നും ഇദ്ദേഹം പറയുന്നു. കേരളത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കും എന്ന കേരള സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ സമയം കേരള ബിജെപി നയിക്കുമ്പോഴാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ദേശീയ ചാനലില്‍ ഈ പ്രസ്താവന നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇതേ സമയം തന്നെ ശബരിമലയില്‍ സുപ്രീംകോടതി വിധി വന്ന് ആദ്യമായി മാസപൂജയ്ക്ക് നട തുറന്നപ്പോള്‍ ആന്ധ്രഭക്ത സംഘത്തോടൊപ്പം എത്തിയ മാധവി അടക്കമുള്ളവരെ എന്തിന് തടഞ്ഞു എന്ന ചോദ്യവും ഉയരുന്നുണ്ട്.