03 January, 2019 12:40:06 PM


ഹര്‍ത്താലിന്‍റെ പേരില്‍ ബിജെപി അക്രമം സുപ്രീം കോടതി വിധിക്കെതിരെ, അക്രമം വെച്ചുപൊറുപ്പിക്കില്ല - മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അക്രമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെലികോപ്റ്ററിൽ അല്ല യുവതികളെ ശബരിമലയില്‍ എത്തിച്ചത്. അവർക്കു സവിശേഷ പരിഗണന നൽകിയില്ല. അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. ഇത്തരം നീക്കങ്ങളെ സര്‍ക്കാര്‍ ശക്തമായി നേരിടും. ഒരു തരം അക്രമവും വെച്ച് പൊറുപ്പിക്കാനാകില്ല.


ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന അഞ്ചാമത്തെ സംസ്ഥാന ഹര്‍ത്താലാണിത്. ഏഴ് ഹര്‍ത്താലുകളാണ് മൂന്നുമാസത്തിനിടെ സംഘപരിവാര്‍ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ സമരരൂപങ്ങളില്‍ ഏറ്റവും ഒടുവിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇവിടെ ബിജെപി തോന്നും പടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണ്. അതിനായി സംഘപരിവാര്‍ സംഘടനകള്‍ കള്ളകഥകളാണ് കെട്ടിച്ചമയ്ക്കുന്നത്. ഇന്നത്തെ ഹര്‍ത്താല്‍ സുപ്രീംകോടതി വിധിക്കെതിരെയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 


ബിജെപിയുടെ ആദ്യ ഹര്‍ത്താല്‍ ഒക്ടോബര്‍ ഒന്നിന്, ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു. രണ്ടാമത്തേത് തുലാമാസ പൂജയ്ക്ക് നടതുറക്കുന്ന വേളയില്‍ ഒക്ടോബര്‍ 18 ന്, പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചെന്ന് പറഞ്ഞ്. പിന്നീട് നവംബര്‍ 2ന് പന്തളത്ത് ഒരാള്‍ അപകടത്തില്‍ മരിച്ചതിന്‍റെ പേരില്‍. നവംബര്‍ 17 വൃശ്ചികം ഒന്നിന് മണ്ഡലമകരവിളക്കിന് നട തുറക്കുന്നവേളയില്‍. അന്ന് സംഘപരിവാര്‍ സംസ്ഥാന ഹര്‍ത്താലാണ് നടത്തിയത്.


ഡിസംബര്‍ 11 ന് തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. പിന്നീട് ഡിസംബര്‍ 17 ന് മദ്ധ്യവയസ്കന്‍ ആത്മഹത്യ ചെയ്തതിന്‍റെ പേരില്‍. പിന്നെ ഇന്നത്തേത്. ഇങ്ങനെ ആത്മഹത്യയുടെയും അപകടമരണത്തിന്‍റെയും പേരിലെല്ലാം ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണ് ബിജെപിയെന്നും മുഖ്യമന്ത്രി. സംഘര്‍ഷമുണ്ടാക്കണെമെന്നുള്ള നിര്‍ദ്ദേശം താഴെത്തട്ടിലേക്ക് പോയപ്പോഴാണ് സംഘപരിവാര്‍ അക്രങ്ങള്‍ സംഘടിപ്പിച്ച് തുടങ്ങിയത്. സ്വാഭാവിക പ്രതിഷേധമായിരുന്നില്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറിച്ച് സംഘപരിവാര്‍ മനപൂര്‍വ്വം ഉണ്ടാക്കിയ സംഘടിത അക്രമമാണിത്. ഇത്തരത്തിലുള്ള നീക്കങ്ങളെ സര്‍ക്കാര്‍ ശക്തമായിതന്നെ നേരിടും. 


അക്രമികള്‍ 79 കെഎസ്ആര്‍ടിസി ബസ്സുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. 39 പൊലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. വനിതാ മാധ്യമപ്രവര്‍ത്തകരടക്കം അക്രമിക്കപ്പെട്ടു. റോഡ് വക്കിലെ വീടുകള്‍, കടകള്‍ എല്ലാം സംഘപരിവാര്‍ സംഘടനകള്‍ അടിച്ച് തകര്‍ക്കുകയാണ്. സിപിഎം, സിപിഐ ഓഫീസുകള്‍ വ്യാപകമായി അക്രമിക്കപ്പെട്ടു. നിരവധി ഓഫീസുകള്‍ അഗ്നിക്കിരയാക്കി. സ്വകാര്യ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അക്രമിക്കപ്പെട്ടു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലും അക്രമണം നടത്തി. അവിടെ ഉണ്ണിയപ്പത്തിന്‍റെ കൗണ്ടര്‍ അക്രമികള്‍ അടിച്ചു പൊട്ടിച്ചു. 


മീഡിയാ വണ്‍, കൈരളി, മാതൃഭൂമി, ഡെക്കാന്‍ ക്രോണിക്കിള്‍ എന്നിങ്ങനെ നിരവധി മാധ്യമങ്ങളുടെ ക്യാമറാമാന്മാര്‍ അക്രമിക്കപ്പെട്ടു. മാവേലിക്കരയില്‍ സുന്ദരം ബേക്കറി നടത്തുന്ന സുശീലയുടെ കട അടിച്ച് തകര്‍ത്തു. അവര്‍ വനിതാ മതിലില്‍ പങ്കെടുത്തിരുന്നു എന്നതായിരുന്നു കാരണം. മാരാരിക്കുളത്ത് ബിജെപിയുടെ നേതൃത്വത്തില്‍ വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. അദ്ദേഹം വനിതാ മതിലിന്‍റെ സംഘാടകനായിരുന്നതാണ് കാരണം. 


കരുനാഗപ്പള്ളിയില്‍ കടകള്‍ അടിച്ചു തകര്‍ത്തു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഒരു പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. നെയ്യാറ്റിന്‍കര ആലുംമൂട്ടില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി സംഘപരിവാര്‍ സംഘടനകള്‍ ഉന്നംവെക്കുകയാണ്. ഉത്തരേന്ത്യയില്‍ മാത്രമല്ല ഈ പ്രവണതയെന്നാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ഈ അക്രമ പരിവപാടികള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K