03 January, 2019 01:23:26 AM
"ജനം തെരുവിലിറങ്ങി നട്ടെല്ലോടെ ഹര്‍ത്താലിനെ നേരിടണം": കണ്ണന്താനത്തിന്‍റെ പ്രസ്താവന തിരിച്ചടിക്കുന്നു
കൊച്ചി: ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് ബിജെപിയും പിന്തുണ നല്‍കുമ്പോള്‍ സോഷ്യല്‍ മീഡിയ ഓര്‍ത്തെടുക്കുന്നത് കഴിഞ്ഞയാഴ്ച്ച കണ്ണന്താനത്തിന്റേതായി പുറത്തുവന്ന പ്രസ്താവന. തെരുവിലിറങ്ങി ഹര്‍ത്താലിനെ നേരിടണം എന്നാണ് കണ്ണന്താനം അഭിപ്രായപ്പെട്ടത്. മലയാള മനോരമ പത്രത്തില്‍ അച്ചടിച്ചുവന്ന പത്ര കട്ടിംഗുകളും വൈറലാവുകയാണ്.
ജനം തെരുവിലിറങ്ങി നട്ടെല്ലോടെ ഹര്‍ത്താലിനെ നേരിടണം. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന എല്ലാ രാഷ്ട്രീയക്കാരെയും ജനം തോല്‍പ്പിക്കണം. ഹര്‍ത്താല്‍ നടത്തുന്നതിന് പകരം ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാനാണ് പാര്‍ട്ടികള്‍ തയാറാകേണ്ടത്. ഹര്‍ത്താലില്‍നിന്ന് പിന്മാറണമെന്നാണ് എന്റെ പാര്‍ട്ടി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളോടും പറയാനുള്ളത്. ഹര്‍ത്താലുകള്‍ വീട്ടിലിരുന്ന് ആഘോഷിക്കുന്ന മലയാളികളുടെ സംസ്‌കാരം മാറണം.കണ്ണന്താനം പറഞ്ഞ വാചകങ്ങളാണിവ.
ഇപ്പോള്‍ ഇത് ബിജെപിക്കുതന്നെ തിരിച്ചടിയാവുകയാണ്. സ്വന്തം പാര്‍ട്ടിയോടുള്‍പ്പെടെയാണ് കണ്ണന്താനം ഇത് പറയുന്നത് എങ്കിലും ഇത്രപെട്ടന്ന് ബിജെപി ഒരു ഹര്‍ത്താലിന് പിന്തുണ നല്‍കും എന്ന് അദ്ദേഹം പ്രതീക്ഷിച്ചതുമില്ല. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ആദ്യം അറിയിച്ചത്. എന്നാല്‍ പിന്നീട് ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാനാണ് ആദ്യം ബിജെപി ആഹ്വാനം ചെയ്തത്. പിന്നീട് ഹര്‍ത്താലിനെ പിന്തുണയ്ക്കുകയായിരുന്നു. ഇന്നുണ്ടായത് ജനാധിപത്യ പ്രതിഷേധം മാത്രമെന്ന് പികെ കൃഷ്ണദാസും പറഞ്ഞിരുന്നു.