02 January, 2019 04:50:50 PM
താക്കോല്‍ ഇപ്പോഴും തന്ത്രിയുടെ കോന്തലയില്‍ തന്നെയെന്ന് മനസിലായില്ലേ? - രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: ആചാരലംഘനം നടന്നാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞപ്പോള്‍ അപമാനിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ മറുപടിയാണ് ഇന്നത്തേതെന്ന് രാഹുല്‍ ഈശ്വര്‍. തന്ത്രിയുടെ കോന്തലയില്‍ തന്നെയാണ് താക്കോലെന്ന് ഇന്ന് മുഖ്യമന്ത്രിക്ക് മനസിലായില്ലേയെന്നും രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പരിഹാസ ചോദ്യമുയര്‍ത്തി.
നട അടയ്ക്കാന്‍ ദേവസ്വം ബോര്‍ഡിനോടോ സര്‍ക്കാരിനോടോ ആലോചിക്കേണ്ട ആവശ്യം തന്ത്രിക്കില്ലെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നും രാഹുല്‍ ലൈവില്‍ പ്രതികരിച്ചു. യുവതികളുമായി പോലീസ് രാത്രിയില്‍ സന്നിധാനത്ത് എത്തിയപ്പോള്‍ ഭക്തരോട് ഇവര്‍ ട്രാന്‍സ്‌ജെന്‍ഡറുകളാണെന്നാണ് മറുപടി കൊടുത്തതതെന്നും രാഹുല്‍ ഈശ്വര്‍ ആരോപണം ഉയര്‍ത്തി.
ശബരിമലയില്‍ മുഖ്യമന്ത്രിയും പോലീസും നടത്തിയ വളരെ തരംതാണ പ്രവൃത്തിയാണിതെന്നും രാഹുല്‍ ഈശ്വര്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം ശബരിമലയെ പിന്തുണച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് യുവതി പ്രവേശം നടന്നതെന്നും രാഹുല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി യുവതികളെ കയറ്റിയതു ഹിന്ദുക്കളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ആഞ്ഞടിച്ചു