02 January, 2019 10:23:47 AM


യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി; തന്ത്രിയുടെ പ്രതികരണം പ്രതീക്ഷിച്ച് കേരളം




തിരുവനന്തപുരം: യുവതികള്‍ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ എന്ന വാര്‍ത്ത സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ ഭാഗത്തുനിന്ന് അവര്‍ക്ക് സുരക്ഷ ഒരുക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ ഇന്നു പുലര്‍ച്ചെ യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്തയിലെ അവ്യക്തത നീങ്ങി.


ശബരിമലയില്‍ യുവതികള്‍ നേരത്തെ മുതല്‍ കയറാന്‍ പോയിരുന്നു. എന്നാല്‍ തടസ്സമുണ്ടായതിനാല്‍ കയറാന്‍ പറ്റിയില്ല. എന്നാല്‍ ഇന്ന് അവര്‍ കയറിയെങ്കില്‍ അവിടെ തടസ്സമുണ്ടായില്ല കാണില്ലായിരിക്കും. യുവതികള്‍ ശബരിമലയില്‍ കയറി എന്നത് വസ്തുതയാണ്. പോലീസിന്റെ സംരക്ഷണം ഉണ്ടായിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 


നേരത്തെ ശബരിമല ദര്‍ശനം നടക്കാതെ മടങ്ങിയ കനകദുര്‍ഗ്ഗയും ബിന്ദുവുമാണ് ആറ് പുരുഷന്മാര്‍ക്കൊപ്പം ശബരിമലയില്‍ എത്തിയത്. പുലര്‍ച്ചെ 3.45 ഓടെ സന്നിധാനത്ത് എത്തി ഗണപതി ഹോമത്തില്‍ പങ്കെടുത്ത ഇവര്‍ വൈകാതെ മലയിറങ്ങുകയും ചെയ്തിരുന്നു. പോലീസിന്റെ സംരക്ഷണത്തിലായിരുന്നു ദര്‍ശനം. പോലീസ് മഫ്ത്തിയില്‍ ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. അതേസമയം, യുവതി പ്രവേശനത്തെ കുറിച്ച് പ്രതികരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തയ്യാറായില്ല. മുഖ്യമന്ത്രി അക്കാര്യത്തില്‍ മറുപടി നല്‍കിയല്ലോ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.


യുവതികള്‍ പ്രവേശിച്ചോ എന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സ്ഥിരീകരിക്കാമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പ്രതികരിച്ചത്. അതിനിടെ, ശബരിമലയില്‍ തന്ത്രിയും മേല്‍ശാന്തിമാരുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുകയാണ്. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നട അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ എല്പിക്കുമെന്നായിരുന്നു തന്ത്രി നേരത്തെ അറിയിച്ചിരുന്നത്. തന്ത്രിയുടെ പ്രതികരണമറിയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മുറിയ്ക്കു പുറത്ത് കാത്തിരിക്കുകയാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K