01 January, 2019 12:16:42 PM
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ ദൂഷിത വലയത്തില്‍: വെള്ളാപ്പള്ളി
തിരുവനന്തപുരം: വനിതാ മതിലിനെ എൻഎസ്എസ് എതിർത്തത് ശരിയായില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വനിതാ മതിൽ പാർട്ടി പരിപാടിയല്ല. എൻഎസ്എസും പങ്കെടുക്കണമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ ദൂഷിത വലയത്തിലാണ്. എൻഎസ്എസ് നേതൃത്വത്തെ അപഹാസ്യ കഥാപാത്രമായി ചരിത്രം രേഖപ്പെടുത്തും. വനിതാ മതിൽ സർക്കാർ പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു.
വനിതാമതിൽ കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുമെന്നും സമദൂരത്തെ എതിർക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും എന്‍ എസ് എസ് ചൂണ്ടികാട്ടിയിരുന്നു. ശബരിമല വിഷയത്തിൽ സര്‍ക്കാർ എത്ര തവണ മലക്കം മറിഞ്ഞുവെന്നും ചോദിച്ച എന്‍ എസ് എസ് ആചാരം തകർക്കാൻ ഏത് മുഖ്യമന്ത്രി ശ്രമിച്ചാലും നടക്കില്ലെന്നും സര്‍ക്കാർ നീക്കം ഗാന്ധിയൻ സമരത്തിലൂടെ നേരിടുമെന്നും വ്യക്തമാക്കിയിരുന്നു.