• പാലാ: സംശുദ്ധ രാഷ്ട്രീയത്തിനുടമയും, മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന പ്രൊഫ.എൻ എം ജോസഫ് അന്തരിച്ചു. 79 വയസായിരുന്നു. സംസ്കാരം ബുധനാഴ്ച  ഉച്ചകഴിഞ്ഞ് നടക്കും. മൃതദേഹം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിൽലുള്ള വസതിയിൽ കൊണ്ടുവരും .

    ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഒക്ടോബർ 18 ന് ജനനം . അറിയപ്പെടാത്ത ഏടുകൾ എന്ന പേരിൽ ആത്മകഥയുടെ പ്രസിദ്ധീകരിച്ചിട്ടുണ്ട് . കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം ( 1980 1984 ) , പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എലിസബത്ത് ജോസഫ് ആണ് ഭാര്യ . ഒരു മകനും ഒരു മകളും ഉണ്ട് .

    1987 മുതൽ 1991 വരെ സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്ന ഇദ്ദേഹം പാലാ സെന്റ് തോമസ് കോളജിലെ അധ്യാപകനായിരുന്നു.  പി സി ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിൽ എത്തിയത്. മന്ത്രിയായിരുന്ന എം പി വീരേന്ദ്രകുമാർ  രാജിവച്ച ഒഴിവിൽ  മന്ത്രിസഭയിൽ എത്തി.


  • തെള്ളകം: റിട്ട എച്ച്എംടി ഉദ്യോഗസ്ഥന്‍ ചക്കുങ്കല്‍ കെ.ജെ.ജോസഫ് (80) അന്തരിച്ചു. ഭാര്യ: മാന്നാനം മാറാമംഗലം എത്സമ്മ (റിട്ട ഗവ. ഡപ്യൂട്ടി സെക്രട്ടറി), മകള്‍: ഷിമ്മി, മരുമകന്‍: ജിബോ അലക്സ് ചാമക്കാലായില്‍, നീണ്ടൂര്‍ (ഇറ്റലി). സംസ്കാരം ബുധനാഴ്ച മൂന്നിന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍.



  • ലണ്ടൻ: എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. സ്കോട്ട്ലൻഡിലെ ബാൽമോറലിലെ അവധിക്കാല വസതിയിൽവച്ചായിരുന്നു അന്ത്യം. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ ആനി രാജകുമാരിയും മക്കളായ ആന്‍ഡ്രൂ രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍, ചെറുമകന്‍ വില്യം രാജകുമാരന്‍ എന്നിവരും ബാല്‍മോര്‍ കൊട്ടാരത്തിലുണ്ട്.



  • ഹരിപ്പാട്: അകംകുടി ശ്രീ നാരായണ ധർമ്മസേവാ സംഘം സെക്രട്ടറി അകംകുടി വിജയഭവനത്തില്‍ എൻ.പ്രഭാകരൻ (74) അന്തരിച്ചു. ഭാര്യ: വിജയമ്മ, മക്കൾ: പ്രദീപ് പി, പ്രമോദ് പി, മരുമക്കൾ: ഗീത, രാജി. സംസ്കാരം നാളെ (2-9-22) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. 



  • കോട്ടയം: വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ് ( 86 ) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിന്‍റെ മാറ്റം വരുത്തിയ നിർണായക നിയമയുദ്ധം നടത്തിയ വ്യക്തിയാണ് മേരി. പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്ക് വഴിയൊരുക്കി. 

    വിദ്യാഭ്യാസത്തിൽ പൊതു സമീപനവുമായി കോട്ടയത്ത് പള്ളിക്കൂടം സ്കൂൾ സ്ഥാപിച്ചു. സ്വതന്ത്രമായ കലാപ്രവർത്തനവും ആവിഷ്കാര സ്വാതന്ത്ര്യവും സ്കൂളിൽ നടപ്പിലാക്കി. പരേതനായ രാജീബ് റോയിയാണ് ഭർത്താവ് . പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ് .


  • ചെന്നൈ: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട മാലദ്വീപ് വനിത ഫൗസിയ ഹസന്‍ അന്തരിച്ചു. ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 80 വയസായിരുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ജയില്‍ വാസം അനുഷ്ഠിച്ചു. ചലച്ചിത്ര നടിയും മാലദ്വീപ് സെന്‍സര്‍ ബോര്‍ഡില്‍ ഓഫീസറുമായിരുന്നു ഫൗസിയ ഹസന്‍.

    ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. അവിടെവച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദരോഗ ബാധിതയായിരുന്നു ഫൗസിയ. ഐഎസ്‌ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും.

    1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1957ൽ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998 മുതൽ 2008 വരെ മാലദ്വീപിലെ നാഷണൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഓഫീസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


  • മോസ്‌കോ: ശീതയുദ്ധം അവസാനിപ്പിച്ച,​ സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആശുപത്രിയെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസികളാണ് മരണവിവരം പുറത്തുവിട്ടത്. ദീർഘനാളായി അസുഖബാധിതനായിരുന്നു. 

    ഗോർബച്ചേവിന്റെ നിര്യാണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അനുശോചിച്ചു. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഗോർബച്ചേവിന്റെ വേർപാടിൽ അഗാധമായ ദുഃഖം അറിയിച്ചു. 1999-ൽ രക്താർബുദം ബാധിച്ച് മരിച്ച ഭാര്യ റെയ്‌സയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്‌കരിക്കുമെന്ന് ടാസ് വാർത്താ ഏജൻസി അറിയിച്ചു.

    രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിനെ വിഭജിച്ച ഇരുമ്പുമറ നീക്കം ചെയ്യാനും ജർമ്മനിയുടെ പുനരേകീകരണം കൊണ്ടുവരാനും അമേരിക്കയുമായി ആയുധം കുറയ്ക്കൽ കരാറുകളും പാശ്ചാത്യ ശക്തികളുമായുള്ള പങ്കാളിത്തവും ഉണ്ടാക്കാനും ഗോർബച്ചെവിന് കഴിഞ്ഞിരുന്നു,​ കിഴക്ക്-പടിഞ്ഞാറൻ ബന്ധങ്ങളിലെ സമൂലമായ മാറ്റങ്ങളിൽ അദ്ദേഹം വഹിച്ച പ്രധാന പങ്കിന്" 1990-ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.



  • പൂവരണി : പൂവരണി എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് നെല്ലാലയിൽ 
    ശശിധരൻ നായരുടെ ഭാര്യ പൊന്നമ്മ ശശിധരൻ (67) അന്തരിച്ചു. പേരൂർ വടക്കേ മറ്റത്തിൽ കുടുംബാഗമാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂവരണി വിളക്കുമരുതിലുള്ള വീട്ടുവളപ്പിൽ.
     


  • പത്തനംതിട്ട: സിനിമ - സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 )  അന്തരിച്ചു. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടാണ് ഗോപി സിനിമാഭിനയത്തിന് തുടക്കമിടുന്നത്. തുടര്‍ന്ന് കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.



  • മുംബൈ: ഇന്ത്യയുടെ വാരൺ ബഫറ്റ് എന്നറിയപ്പെടുന്ന  പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല (62)  അന്തരിച്ചു. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിലുള്ളയാളാണ് ജുൻജുൻവാല. 3.2 ബില്യൺ അമേരിക്കൻ ഡോളറാണു ഇദ്ദേഹത്തിന്‍റെ ആസ്തി. ഇന്ത്യൻ ഓഹരി നിക്ഷേപകരിൽ പ്രധാനിയും ഓഹരി വിപണിയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ നിക്ഷേപകനുമാണ് ജുൻജുൻവാല.

    ഫോബ്‌സ് പട്ടിക പ്രകാരം 5.5 ബില്യൺ ഡോളർ ആസ്തിയാണ് രാകേഷ് ജുൻജുൻവാലയ്ക്കുള്ളത്. ഇന്ന് പുലർച്ചെ 6.45ന് ഹൃദയാഘാതം സംഭവിച്ചാണ് മരണം. ഉടൻ മുംബൈ ബ്രീച്ച് കാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ കഴിഞ്ഞ കുറച്ച് നാളുകളായി ജുൻജുൻവാല അവശനിലയിലായിരുന്നു. ആകാശ എയറിന്‍റെ ലോഞ്ചിൽ വീൽചെയറിലാണ് ജുൻജുൻവാല എത്തിയിരുന്നത്.


  • കൊച്ചി: ചലച്ചിത്ര നടന്‍ സജീദ് പട്ടാളം (54 ) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയാല്‍ സജീദ് ആശുപത്രിയിലായിരുന്നു. കൊച്ചി സ്വദേശിയാണ്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്ത് സജീദ് പട്ടാളമെന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. വെബ്‌സീരീസിലൂടെ ആണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകന്‍ മൃദുല്‍ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു. 

    പിന്നീട് 'കള', 'കനകം കാമിനി കലഹം' തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായി. കളയിലെ വാറ്റുകാരന്‍, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാര്‍ത്ഥി തുടങ്ങി ചെറിയ റോളുകളില്‍ അഭിനയിച്ച് ശ്രദ്ധേയനായി. ശ്രദ്ധേയ വേഷമായിരുന്നു 'ജാന്‍ എ മന്നി'ലെ മാക്‌സിമാ ഇവന്റ് ജോലിക്കാരന്റെ വേഷം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക' എന്ന ചിത്രത്തില്‍ ശ്രദ്ധയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട് സജിദ്.


  • തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ജി പ്രതാപവർമ തമ്പാൻ(62) അന്തരിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയും ചാത്തന്നൂർ മുൻ എംഎൽഎയുമായിരുന്നു. ശുചിമുറിയിൽ കാൽവഴുതി വീണ് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. 2012 മുതൽ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു. കുണ്ടറ പേരൂർ സ്വദേശിയാണ്. ദീപയാണ് ഭാര്യ. സ്വാതന്ത്യ്രസമര സേനാനി പരേതനായ കൃഷ്‌ണപിള്ളയുടെ മകനാണ്. 

    കെഎസ്‌യുവിന്‍റെ സ്‌കൂൾ യൂണിറ്റ് പ്രസിഡന്റായാണു രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. സ്വാതന്ത്യ്രസമര സേനാനി പരേതനായ കൃഷ്‌ണപിള്ളയുടെ മകനായിരുന്നു. കെഎസ് യു ട്രഷറർ, കലാവേദ കൺവീനർ‌, കെഎസ് യുവിന്റെ ഏക ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം, കേരള സർവകലാശാല സെനറ്റ് അംഗം, പേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.


  • കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായ കോടിമത ഒതേമംഗലത്ത് ആർ.ഗോപികൃഷ്ണൻ (67) അന്തരിച്ചു. മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ വി.പി രാഘവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ കോട്ടയത്തെ വീട്ടിൽ വെച്ചായിരുന്നു മരണം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെനാളായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീപികയിൽ പത്രപ്രവർത്തനം ആരംഭിച്ച ഗോപീകൃഷ്ണന്‍ മംഗളം, കേരളകൗമുദി എന്നീ മാധ്യമങ്ങളിലും ഉയർന്ന തസ്തികളിൽ ജോലി ചെയ്തിട്ടുണ്ട്. ശ്രീലങ്കൻ ആഭ്യന്തര കലാപകാലത്ത് എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം അടക്കം ഒട്ടേറെ ശ്രദ്ധേയമായ റിപ്പോർട്ടുകൾ ഗോപികൃഷ്ണൻ തയ്യാറാക്കിയിട്ടുണ്ട്.


    മാധ്യമപ്രവർത്തന മികവിന് കെ.സി.സെബാസ്റ്റ്യൻ സ്മാരക അവാർഡ് ഉൾപ്പെടെ  ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി. സംസ്ഥാന സർക്കാരിന്റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട് (1985, 88). 1989ലെ എം ശിവറാം അവാർഡ്, രാഷ്ട്രീയ റിപ്പോർട്ടിങിൽ വി കരുണാകരൻ നമ്പ്യാർ പുരസ്കാരം, കെ.സി സെബാസ്റ്റ്യൻ പുരസ്കാരം, സി എച്ച് മുഹമ്മദ് കോയ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഡാൻ ബ്രൗണിന്റെ പ്രശസ്തമായ ഡാവിഞ്ചി കോഡ് പുസ്തകത്തിന്‍റെ മലയാള പരിഭാഷ നിർവഹിച്ചിട്ടുണ്ട്. മൂവാറ്റുപുഴ നിർമല കോളെജ്, പെരുന്ന എൻ.എസ്.എസ് കോളെജ്, ബൾഗേറിയയിലെ ജോർജ് ദിമിത്രോവ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.  


    വൈസ് മെന്‍സ് ഇന്‍റര്‍നാഷണലിലൂടെ സാമൂഹ്യസേവനരംഗത്തും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കോട്ടയം വൈസ് മെന്‍സ് ക്ലബ് പ്രസിഡന്‍റായും ഡിസ്ട്രിക്ട്, റീജിയന്‍, ഇന്ത്യാ ഏരിയാ തലങ്ങളില്‍ വിവിധ പദവികളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ലീലാ ഗോപീകൃഷ്ണ (വൈസ് മെനറ്റ്സ് ഇന്ത്യാ ഏരിയാ കോ-ഓര്‍ഡിനേറ്റര്‍). മക്കൾ: വിനയ് ഗോപികൃഷ്ണൻ (ബിസിനസ്, ബാംഗ്ളൂർ), ഡോ. സ്നേഹ ഗോപികൃഷ്ണ (അസി. പ്രൊഫ. വിമല കോളെജ്, തൃശൂർ) മരുമകൻ: സൂരജ് എം. എസ് (എച്ച് ഡി എഫ് സി ബാങ്ക്, തൃശൂർ). മൃതദേഹം തെള്ളകം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തിൽ.


    ഗോപി കൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ, എം.പി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ തുടങ്ങിയവർ അനുശോചിച്ചു. 



  • കോട്ടയം: ളാക്കാട്ടൂർ ശ്രേയസ്സിൽ (പാലാഴി) സുനിൽ റ്റി.എസ് (സുനിൽ ശ്രേയസ്സ്-48) അന്തരിച്ചു. കോട്ടയത്ത് പത്ര-ചാനൽ പരസ്യമേഖലയിൽ  പ്രവർത്തിച്ചിരുന്ന സുനിൽ മാധ്യമം, ജന്മഭൂമി എന്നീ ദിനപത്രങ്ങളുടെ പരസ്യ ചുമതല വഹിച്ചിട്ടുണ്ട്.
    പാറമ്പുഴ പുതിയാറയിൽ സിന്ധുവാണ് ഭാര്യ. മക്കൾ: ആദിത്യചന്ദ്രൻ (ഫോട്ടോഗ്രാഫർ), അഞ്ജനശ്രീ (കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി). സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം 5 ന് വീട്ടുവളപ്പിൽ.



  • ഏറ്റുമാനൂര്‍: മാടപ്പാട് പറപ്പള്ളില്‍ എം.പി.ചന്ദ്രന്‍ നായര്‍ (78) അന്തരിച്ചു. ഭാര്യ: വിലാസിനിയമ്മ, മക്കള്‍: പരേതനായ രമേശ് ചന്ദ്രന്‍, സതീഷ് ചന്ദ്രന്‍. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പില്‍



  • പേരൂർ: സെന്‍റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ റിട്ട. അധ്യാപകൻ പേരൂർ പാണാപറമ്പിൽ പി.എം. ലൂക്കാ (92) അന്തരിച്ചു. ഭാര്യ: പരേതയായ എലിസബത്ത് കുന്നത്തേട്ട് (മാന്നാനം), ലീലാമ്മ മുകളേല്‍ (കരിങ്കുന്നം), മക്കള്‍: മേഴ്സി, ജെസ്സി (യുഎസ്എ), ആന്‍സി, ഡെയ്സി (യുകെ), സാബു, സാജു (യുകെ), സഞ്ചു, മരുമക്കള്‍: പരേതനായ പോള്‍ കണിയാലില്‍ (പുന്നത്തുറ), ജോയി തട്ടാരേട്ട് (ഉഴവൂര്‍), ജോസ് വടക്കേ എടാട്ടുകുന്നേല്‍ (ഉഴവൂര്‍), ഫിലിപ്പ് തടത്തില്‍ (കല്ലറ), ലിജി കോറുമഠം (മാഞ്ഞൂര്‍), ഷേര്‍ളി ആദോപ്പള്ളില്‍ (മടമ്പം), ജിന്‍സി പഴയപുരയില്‍ (ചേറ്റുകുളം). സംസ്കാരം ഞായറാഴ്ച 3 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം പേരൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് ക്നാനായ കാത്തലിക് പള്ളിയില്‍.



  • പേരൂര്‍: കുഴിമറ്റത്തിൽ പരേതനായ കെ.രാഘവന്‍ നായരുടെ (റിട്ട അധ്യാപകന്‍, സെന്‍റ് തോമസ് സ്കൂള്‍, പുന്നത്തുറ) ഭാര്യ സരോജനി അമ്മ (87) അന്തരിച്ചു. മക്കള്‍: ഗോപിനാഥന്‍ നായര്‍ (റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍), സതീദേവി, സോമനാഥന്‍ നായര്‍ (ബംഗളൂരു), ശശികുമാര്‍, മരുമക്കള്‍: അരുണ (ഓണംതുരുത്ത്), പരേതനായ ഹരിഹരന്‍ (ചേര്‍ത്തല), ലളിത (ബംഗളൂരു), ലേഖ (തിരുവല്ല). സംസ്കാരം വെള്ളിയാഴ്ച രണ്ടു മണിയ്ക്ക് വീട്ടുവളപ്പിൽ.



  • വര്‍ക്കല: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗവും സീനിയര്‍ സന്യാസിയുമായ സ്വാമി സഹജാനന്ദ (82) സമാധിയായി. സമാധി ഇരുത്തല്‍ ഇന്ന് വൈകിട്ട് നാലിന് ശിവഗിരിമഠത്തിലെ സന്യാസിശ്രേഷ്ഠരുടേയും ബ്രഹ്മചാരികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ ശിവഗിരി സമാധി പറമ്പില്‍ നടക്കും. കോഴിക്കോട് സ്വദേശിയായിരുന്ന പരമേശ്വരന്‍ 1974 - ലാണ് ശിവഗിരി മഠത്തില്‍ എത്തിയത്. പിന്നാലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്ന ഗീതാനന്ദ സ്വാമിയില്‍ നിന്നും സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമി സഹജാനന്ദയായി.

    ശിവഗിരിമഠത്തിന്‍റെ ശാഖാസ്ഥാപനങ്ങളായ കാഞ്ചീപുരം ശ്രീനാരായണസേവാശ്രമം, ആലുവ അദ്വൈതാശ്രമം, എറണാകുളം  ശ്രീശങ്കരാനന്ദാശ്രമം, തൃപ്പൂണിത്തുറ എരൂര്‍ ശ്രീനരസിംഹാശ്രമം എന്നിവിടങ്ങളില്‍ സെക്രട്ടറിയായും മറ്റും സേവനമനുഷ്ഠിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. പൊതുവെ ശാന്തശീലനും സൗമ്യപ്രകൃതിയുമായിരുന്നു സ്വാമി. തനിക്കാവുന്ന സഹായം മറ്റുളളവര്‍ക്കു ചെയ്യുന്നതില്‍ ശ്രദ്ധാലുവായിരുന്നു.

    ഗുരുദേവന്‍റെ നേര്‍ശിഷ്യനും അവസാന മഠാധിപതിയുമായിരുന്ന ദിവ്യശ്രീ ശങ്കരാനന്ദ സ്വാമിയെ ശുശ്രുഷിക്കുന്നതിലൂടെ തന്‍റെ ഗുരുസേവ പൂര്‍ണ്ണമായും തൃപ്പാദപത്മങ്ങളില്‍ സമര്‍പ്പിച്ചിരുന്നു. കുറെ നാളുകളായി ശിവഗിരിയില്‍ വിശ്രമജീവിതം നയിച്ചുവരവെയാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സമാധി.


  • പാലാ: പാലായിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരളകൗമുദി മുന്‍ ലേഖകനുമായ പുലിയന്നൂര്‍ കോതപുഴക്കല്‍ (തുമ്പശേരില്‍ ) ടി.കെ രാജന്‍ (73) അന്തരിച്ചു. ഭാര്യ: രാധാമണി (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍, കടപ്പൂര്‍).
    മക്കള്‍: രാഖി കെ രാജന്‍ (ടെക്‌നോപാര്‍ക് ), രാഹുല്‍ കെ.ആര്‍ (യു.കെ). മരുമക്കള്‍: രാജന്‍ കൊണ്ടൂര്‍ (ടെക്‌നോപാര്‍ക് ), ദിവ്യ (യു.കെ). സംസ്കാരം പിന്നീട്.



  • കൊച്ചി: സിനിമ - സീരിയൽ - പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളും 'ഇങ്ങനെയൊക്കെ നടന്നാ മതിയാ?' എന്ന സീരിയലും സംവിധാനം ചെയ്തു. ഒട്ടനവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്‌ലിന്‍റെ മകനാണ്. സംസ്കാരം ഇന്ന് 11 ന് ശേഷം പെരുമ്പടപ്പ് സാന്‍റാക്രൂസ് ദേവാലയത്തില്‍ നടക്കും.


  • ഏറ്റുമാനൂര്‍: കോണ്‍ഗ്രസ് നേതാവും പത്രപ്രവര്‍ത്തകനുമായ ഏറ്റുമാനൂര്‍ വടക്കേനട രോഹന്‍വില്ലയില്‍ (ശിൽപ്പ, കരോട്ടുമഠം) ഏറ്റുമാനൂര്‍ ശിവപ്രസാദ് (62) അന്തരിച്ചു. പൗരവീക്ഷണം പത്രാധിപരും കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ ഏറ്റുമാനൂര്‍ മേഖലാ സെക്രട്ടറിയും കോണ്‍ഗ്രസ് (ഐ) മുന്‍ ബ്ലോക്ക് സെക്രട്ടറിയുമാണ്. ഏറ്റുമാനൂരിലെ രാഷ്ട്രീയ-സാമൂഹിക- സാസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു. ഭാര്യ: ജയലളിത (റിട്ട. ഡയറക്ടർ, കൃഷി വകുപ്പ്), മക്കൾ: ശിൽപ (അസി. പ്രഫസർ, കിടങ്ങൂർ എൻജിനീയറിംങ് കോളേജ്), ശരത് എസ്. പ്രസാദ് (സ്വീഡൻ), മരുമക്കൾ: മഹേഷ് വി.ഒ (വെള്ളായണി, തിരുവനന്തപുരം), നൈന ശരത്, കാണക്കാരി (സ്വീഡൻ). മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം നാളെ 3 മണിക്ക് വീട്ടുവളപ്പിൽ.



  • തിരുവല്ല: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മുണ്ടിയപ്പള്ളി സ്വദേശിയായ 48 കാരൻ മരിച്ചു. കുന്നന്താനം മുണ്ടിയപ്പള്ളി വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഴഞ്ഞു വീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തു. മരിച്ച റെജി ടാപ്പിങ് തൊഴിലാളിയാണ്. ഭാര്യ: ഷെമി, മക്കൾ: ശരുൺ , ശ്രേയ. സംസ്കാരം ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കുന്നന്താനം സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ.


  • കോട്ടയം: സിപിഐ സംസ്ഥാന കൗൺസിൽ അംഗവും, എഐടിയുസി സംസ്ഥാന സെകട്ടറിയുമായ അഡ്വ. വി.ബി ബിനുവിന്‍റെ മാതാവ് കോട്ടയം തിരുവാതുക്കൽ ചൈതന്യയിൽ കെ.ഐ  സരസമ്മ (94) അന്തരിച്ചു. പരേതനായ പി.സി.ഭാസ്ക്കരനാണ് ഭർത്താവ്. മറ്റ് മക്കൾ : വി ബി ശശീന്ദ്രബാബു (കാഞ്ഞിരം), വി ബി ജോഷി (ചന്ദ്രിക, ഇരിങ്ങാലക്കുട), വി ബി ലൈല (ഇരിങ്ങാലക്കുട), വി ബി സുജാത (ചേർത്തല). സംസ്കാരം നാളെ (ചൊവ്വ) മൂന്നു മണിക്ക് കോട്ടയം  തിരുവാതുക്കലിലെ  വീട്ടുവളപ്പിൽ നടക്കും.



  • ഏറ്റുമാനൂര്‍: ശക്തിനഗര്‍ ശ്രീസായ് റോഡില്‍ തെങ്ങോലില്‍ പരേതനായ ടി.പി.ബാലകൃഷ്ണപണിക്കരുടെ ഭാര്യ വത്സലാ ബാലകൃഷ്ണന്‍ (72) അന്തരിച്ചു. ഏറ്റുമാനൂര്‍ തെക്കുംകോവില്‍ കുടുംബാംഗമാണ്. ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ആദ്യകാല ഭാരവാഹിയായിരുന്നു. മക്കള്‍: ബിനു ശങ്കര്‍ (ബിസിനസ്), അനു ശങ്കര്‍ (ഇറാക്ക്), മരുമക്കള്‍: വിനീതാ ബിനു, ഇന്ദു. സംസ്കാരം നാളെ ഒരു മണിക്ക് വീട്ടുവളപ്പില്‍. 



  • കോട്ടയം: മുട്ടമ്പലം കഞ്ഞിക്കുഴി നാലുമാക്കിയിൽ എന്‍.വി മാത്യു (റിട്ട ഫുഡ് ഇന്‍സ്പെക്ടര്‍) അന്തരിച്ചു. സംസ്കാരം നാളെ (ഞായര്‍) 2.30ന് ഭവനത്തിലെ ശുശ്രുഷകൾക്ക്ശേഷം 3 ന് കോട്ടയം ലൂർദ്ദ് ഫോറോനാ പള്ളിയിൽ.



  • ഏറ്റുമാനൂർ: മാടപ്പാട് പറപ്പളളിൽ ചന്ദ്രൻ നായരുടെയും വിലാസിനി അമ്മയുടെയും മകൻ രമേശ് ചന്ദ്രൻ ( 44 ) അന്തരിച്ചു. സഹോദരൻ: സതീശ് ചന്ദ്രൻ. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ.



  • ചെന്നൈ: പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 69 വയസായിരുന്നു. തകര, ചാമരം, ആരവം, 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ്, അയാളും ഞാനും തമ്മില്‍, ഫൊറന്‍സിക്, ഉയരെ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുല്യമായ അഭിനയത്തികവും സംവിധാന മേന്മയും പ്രദര്‍ശിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു പ്രതാപ് പോത്തന്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

    1952ല്‍ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്‍റെ ജനനം. ഹരിപോത്തന്‍ മൂത്ത സഹോദരന്‍ ആണ്. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. 

    മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായത്.

    1985ൽ നടി രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ അവർ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ അദ്ദേഹം വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1991-ൽ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹജീവിതവും 2012-ൽ അവസാനിച്ചു.

    ഒരിടവേളയ്ക്ക് ശേഷം 2005 ലാണ് പ്രതാപ് പോത്തൻ മലയാള സിനിമയിൽ സജീവമാകുന്നത്. തന്മാത്രയിലൂടെയായിരുന്നു ആ തിരിച്ചുവരവ്. പിന്നീട് 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ, ആറ് സുന്ദരിമാരുടെ കഥ, ഇടുക്കി ഗോൾഡ് , ബാംഗ്ലൂർ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ മറക്കാനാകാത്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു. മോഹൻലാലിന്‍റെ ബറോസാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.


  • ഏറ്റുമാനൂര്‍: പേരൂർ കൊയ്‌ത്തറയിൽ ചെല്ലപ്പൻ നായർ (96) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.



  • ഇംഫാൽ : ഇംഫാൽ രൂപതയുടെ മുൻ അധ്യക്ഷനും കുറവിലങ്ങാട് ഇടവകാംഗവുമായ  മാർ ജോസഫ് മിറ്റത്താനി (90) കാലം ചെയ്തു. ഇന്ന് രാവിലെ 9.55ന് ആയിരുന്നു അന്ത്യം. സംസ്കാര ശുശ്രുഷകൾ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇംഫാൽ സെൻ്റ്. ജോസഫ് കത്തിഡ്രൽ ദൈവാലയത്തിൽ നടക്കും. 91 വയസ്സ് പൂർത്തിയാക്കാൻ ഒരു ദിനം കൂടി മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹം വിടപറഞ്ഞത്.


  • മുണ്ടക്കയം: കരിനിലം പുത്തൻനടയിൽ വീട്ടിൽ പി.ജി.അജയകുമാർ (കുഞ്ഞുമോൻ - 58) അന്തരിച്ചു. കോരുത്തോട് വനറാണി ടോഡി ഷോപ്പ് ആന്‍റ് റെസ്റ്റോറന്‍റ് ഉടമയാണ്. ഭാര്യ: കട്ടപ്പന ഇരട്ടയാർ കലയത്തോലിൽ കുടുംബാംഗം സുമ, മക്കൾ: അരുൺ, അരുണിമ. സംസ്‍കാരം ശനിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ.

  • കോ​ട്ട​യം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദേ​ശ പൗ​ര​ൻ മ​രി​ച്ചു. ഫ്രാ​ൻ​സ് സ്വ​ദേ​ശി മെ​ർ​സി​യ​ർ പൈ​വേ ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ത​നാ​യി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യനി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ജൂ​ലൈ ര​ണ്ടി​ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച ആ​രോ​ഗ്യ നി​ല വീ​ണ്ടും ഗു​രു​ത​ര​മാ​കു​ക​യും ഇ​ന്നു പു​ല​ർ​ച്ചെ അ​ന്ത​രി​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.


  • പേരൂർ: വെള്ളാപ്പള്ളി ബ്രദേഴ്‌സിന്റെയും കുമരകം ബാക് വാട്ടർ റിപ്പിൾസിന്റെയും ഉടമ വെള്ളാപ്പള്ളി  ബാപ്പുജി (മാത്യു അലക്സ് - 63) അന്തരിച്ചു. മൃതദേഹം ഇന്ന് (ശനി) വൈകുന്നേരം പേരൂരിലെ സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം  പേരൂർ സെന്റ്  സെബാസ്റ്റ്യൻസ് ക്നാനായ പള്ളിയിൽ. ഭാര്യ: ബിന്ദു വിതുര  ഇടശ്ശേരി കുടുബാംഗമാണ്. മക്കൾ: പ്രിയ മാത്യു,  അലക്സ് മാത്യു, മരുമക്കൾ:  വിശാഖ് എബ്രഹാം (വാഴയിൽ, വെളിയനാട്),  ടാനിയ അന്ന തോമസ് (പൊട്ടൻകുളം, കൂട്ടിക്കൽ)



  • പേരൂർ: റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ പേരൂർ തിരുവാതിരയിൽ (പുതിയിടത്ത്) ഹരീഷ് കുമാർ കെ (61) അന്തരിച്ചു. ഭാര്യ: വസന്തകുമാരി, മക്കൾ: അഞ്ചുഷ (കോടതി ജീവനക്കാരി), അർജുൻ (പോലീസ്). മരുമക്കൾ : അനി കെ പണിക്കർ (കാവാലം), ഐശ്വര്യ (മല്ലപ്പള്ളി). സംസ്കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ.

  •  

    ചെന്നൈ: തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ വിദ്യാസാഗർ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിൽ ആയിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

    കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് രോഗം ഗുരുതരമായത്. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുൻപ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി. വെന്‍റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്.


  • തൃശൂര്‍: ഇന്നലെ രാത്രി അന്തരിച്ച സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ സംസ്‌കാരം വൈകീട്ട് 3ന്. വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. കവിയും, ഗാനരചയിതാവും തിരക്കഥാകൃത്തും നടനുമെല്ലാമായ ബഹുമുഖ പ്രതിഭ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു അന്ത്യം.

    പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി നിരവധി മേഖലകളിൽ പ്രസിദ്ധനാണ്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്‍റെ വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചു. മലയാള മനോരമ അസിസ്റ്റന്‍റ് എഡിറ്റർ എന്ന പദവിയിൽ സേവനമനുഷ്ഠിചിരുന്നു. ഭക്തിഗാനരചയിതാവ് എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധേയനായത്. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂർ വാര്യത്തെ അംഗമായ കൃഷ്ണൻകുട്ടി ഏതാനും ചലച്ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും രചന നിർവ്വഹിച്ചിട്ടുണ്ട്. 

    1936 സെപ്റ്റംബർ 10ന് ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂരിൽ കൊടങ്ങല്ലൂർ വാരിയത്ത് ശങ്കുണ്ണിവാരിയരുടെയും ചൊവ്വല്ലൂർ പാറുക്കുട്ടിവാരസ്യാരുടെയും മകനായാണ് ജനനം. വീടിനടുത്തുള്ള സ്‌കൂളിലും തൃശ്ശൂർ ശ്രീ കേരളവർമ്മ കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1959ൽ ജോസഫ് മുണ്ടശ്ശേരി നടത്തിയിരുന്ന നവജീവൻ പത്രത്തിൽ സബ് എഡിറ്ററായി ജോലി ആരംഭിച്ചു. തികഞ്ഞ ഇടതുപക്ഷ അനുഭാവിയായിരുന്ന കൃഷ്ണൻകുട്ടിയ്ക്ക്, മുണ്ടശ്ശേരിയുടെയും എംആർബിയുടെയും ലേഖനങ്ങൾ കേട്ടെഴുതുന്നതായിരുന്നു ജോലി. 

    1963ൽ ഗുരുവായൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്വതന്ത്രമണ്ഡപം എന്ന പത്രത്തിന്റെ എഡിറ്ററുമായി. 1966ൽ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റിൽ സബ് എഡിറ്ററായി ചേർന്നു. 2004ൽ അസിസ്റ്റന്റ് എഡിറ്ററായി വിരമിയ്ക്കും വരെ പത്രപ്രവർത്തനം തുടർന്നു. സിനിമയിൽ യൂസഫലി കേച്ചേരി സംവിധാനം ചെയ്ത 'മരം' എന്ന സിനിമയിലുടെയാണ് അഭിനയരംഗത്തേക്ക് പ്രവേശം. തുലാവർഷം (1975), എന്ന സിനിമയിലെ 'സ്വപ്നാടനം ഞാൻ തുടരുന്നു' എന്ന ഗാനത്തിലൂടെ ഗാനരചയിതാവായി. സർഗ്ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്.

    പ്രഭാതസന്ധ്യ, ശ്രീരാഗം എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. കർപ്പൂരദീപം, ശശിനാസ് എന്നിവയുടെ തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റെതാണ്. സലിൽ ചൗധരി, കെ രാഘവൻ, എന്നിവരുടെ കീഴിൽ സിനിമയിലും അല്ലാതെയും ഒരുപാട് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് സലിൽ ചൗധരി, കെ രാഘവൻ, എന്നിവരുടെ കീഴിൽ സിനിമയിലും അല്ലാതെയും ഒരുപാട് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. സരസ്വതി വാരസ്യാരാണ് ചൊവ്വല്ലൂരിന്റെ ഭാര്യ. മക്കൾ: ഉഷ, ഉണ്ണികൃഷ്ണൻ.


  • കോട്ടയം: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്ത കാലം ചെയ്തു.  ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം മണർകാട് സെന്‍റ് മേരീസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 9.30 ഓടെ മരണം സംഭവിച്ചു. കോട്ടയം കുറിച്ചി കൊച്ചില്ലം കുടുംബാംഗമാണ്. ഭൗതിക ശരീരം വൈകുന്നേരം വരെ മണർകാട് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. വൈകുന്നേരം സന്ധ്യ പ്രാർത്ഥനയ്ക്ക് ശേഷം കുറിച്ചി പുത്തൻപള്ളിയിലേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. നാളെ മൂന്ന് മണിക്ക് കുറിച്ചി പുത്തൻപള്ളിയിൽ കബറടക്കും.



  • തിരുവനന്തപുരം: പ്രശസ്‍ത സിനിമാ- നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. തിരുവല്ല സ്വദേശിയാണ്. വിദേശത്തുള്ള മകൾ എത്തിയശേഷം സംസ്കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും. പ്രൊഫഷണൽ നാടക വേദികളിലെ അവിസ്മരണീയ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിൻറെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. കോട്ടയം കുഞ്ഞച്ഛൻ, വെട്ടം, അർത്ഥം, പഴശ്ശിരാജ, ടൈം അടക്കം അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കെ ജി ജോർജ് സംവിധാനം ചെയ്ത കോലങ്ങൾ എന്ന ചിത്രം നിർമിച്ചത് ഡി ഫിലിപ്പും കെ ടി വർ​ഗീസും ചേർന്നായിരുന്നു.


  • പത്തനംതിട്ട: മലയാള മനോരമ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ്പ് (58) അന്തരിച്ചു. മനോരമയിൽ 35 വർഷം സേവനമനുഷ്ഠിച്ച റോയി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചു. പാലക്കാട് കോ ഓർഡിനേറ്റിങ് എഡിറ്ററുമായിരുന്നു. 1987ൽ മനോരമ പത്രാധിപ സമിതിയിൽ ചേർന്നു. പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് പരേതനായ ടി.സി. ഫിലിപ്പോസിന്റെ മകനാണ്. കുമ്പളാംപൊയ്‌ക പുതുച്ചിറ ജോ വില്ലയിൽ പി.ഇ. ഏബ്രഹാമിന്റെ മകൾ ജിജയാണു ഭാര്യ. മക്കൾ: ആൻ, ഫിലിപ്പ്. സംസ്കാരം പിന്നീട്. 



  • തി​രു​വ​ന​ന്ത​പു​രം: മു​ൻ എം​എ​ൽ​എ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ (73) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. ഓ​ച്ചി​റ​യി​ൽ​നി​ന്ന് കാ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​ട്ട​പ്പാ​റ എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

    2001 ൽ ​ച​ട​യ​മം​ഗ​ല​ത്തു​നി​ന്ന് നി​യ​മ​സ​ഭാം​ഗ​മാ​യി. ദീ​ർ​ഘ​കാ​ലം മി​ൽ​മ ചെ​യ​ർ​മാ​നാ​യി​രു​ന്നു. മി​ൽ​മ​യു​ടെ വ​ള​ർ​ച്ച​യ്ക്കു വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ ഒ​രാ​ളാ​ണ് പ്ര​യാ​ർ. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റാ​ണ്. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച ഒ​രാ​ൾ കൂ​ടി​യാ​ണ്. ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്.


  • ഗുരുഗ്രാം: പ്രശസ്ത സന്തൂര്‍ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപൊരി അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ആശുപത്രിയിലായിരുന്നു. 73 വയസായിരുന്നു. സന്തൂര്‍ വാദകന്‍ എന്നതിലുപരി ഒരേ സമയം സംഗീതജ്ഞനും, എഴുത്തുകാരനും കവിയുമെല്ലാമായിരുന്ന അദ്ദേഹം ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു. ദിവ്യനായ സന്തൂര്‍ വാദകന്‍ (സെയിന്റ് ഒഫ് സന്തൂര്‍) എന്നും തന്ത്രികളുടെ രാജാവ് എന്നുമൊക്കെ അദ്ദേഹത്തെ സംഗീത ലോകം വിശേഷിപ്പിച്ചിരുന്നു.

    രാജ്യം 2004ല്‍ പദ്മശ്രീ നല്‍കി ആദരിച്ചു. സംഗീത നാടക അക്കാഡമി അവാര്‍ഡ് (1992) ജമ്മു കാശ്മീര്‍ ഗവണ്‍മെന്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, ജമ്മു കാശ്മീര്‍ ഗവണ്‍മെന്റ് സിവിലിയന്‍ അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഒഡീഷ ഉത്കല്‍ സര്‍വകലാശാല അദ്ദേഹത്തിന് സാഹിത്യത്തിനുള്ള ഡോക്ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്. കാശ്മീരിലെ സോപോര്‍ താഴ്വരയില്‍ 1948 ല്‍ ജനിച്ച അദ്ദേഹം അഞ്ചാം വയസിലാണ് അരങ്ങേറ്റം നടത്തിയത്. കൂടാതെ ഈജിപ്ത്, ഇംഗ്ലണ്ട്, ജര്‍മ്മനി, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്