
-
കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി (വടക്കുങ്ങര മുഹമ്മദ് കുട്ടി-86) അന്തരിച്ചു. ബുധനാഴ്ച പലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് വി.എം കുട്ടി. ഗായകനും ഗാനരചയിതാവും സംഗീതകാരനുമാണ്. ഉല്‍പ്പത്തി, പതിനാലാം രാവ്, പരദേശി എന്നീ സിനിമകളില്‍ അഭിനയിച്ചു. ഏഴ് സിനിമകളില്‍ പാടിയിട്ടുണ്ട്. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. മാര്‍ക്ക് ആന്‍റണി എന്ന സിനിമക്കായി പാട്ടെഴുതിയിട്ടുണ്ട്. സംഗീതനാടക അക്കാദമി പുരസ്കാര ജേതാവാണ്.ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിൽ 1935 ൽ ആണ് ജനനം. അധ്യാപകനായിരുന്ന വി.എം കുട്ടി 1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടായിരുന്നു ഈ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മാപ്പിളപാട്ടിന്റെ വിലാസമായി.1957 മുതൽ സ്വന്തമായി മാപ്പിളപ്പാട്ട് സംഘമുള്ള വി.എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ചലച്ചിത്രം, കാസറ്റുകൾ, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിലും വി.എം.കുട്ടിക്ക് നല്ല പാണ്ഡിത്യമുണ്ട്.
-
പേരൂര്‍: കോട്ടയം പേരൂര്‍ മണ്ണോത്ര ജോസ് എം ഫിലിപ്പിന്‍റെ (പൈലോച്ചന്‍) ഭാര്യ ആനിയമ്മ ജോസ് (60) അന്തരിച്ചു. സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഫില്‍ജോ, സില്‍ജോ, പ്രതീക്ഷ, മരുമകന്‍: അഭിലാഷ് (ചേരിയില്‍, തൊടുപുഴ). സംസ്കാരം പിന്നീട്.
-
തിരുവനന്തപുരം: മലയാള സിനിമ കണ്ട ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളായ കെ.വേണുഗോപാലന്‍ എന്നനെടുമുടി വേണു (73) അന്തരിച്ചു. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുമെന്ന് തീര്‍ച്ച. അരവിന്ദന്റെ തമ്ബില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി.ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി കെ കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22നാണ് നെടുമുടി വേണു ജനിച്ചത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തുന്നത്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്ബ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രങ്ങളിലെ നെടുമുടിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറി. അഭിനയവൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആലപ്പുഴ എസ് ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി.വിടപറയും മുന്‍പേ, തേനും വയമ്ബും, പാളങ്ങള്‍, കള്ളന്‍ പവിത്രന്‍, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നിങ്ങനെ വ്യത്യസ്ത സിനിമകളില്‍ മലയാളികളും മലയാളസിനിമയും ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500ല്‍ അധികം സിനിമകളില്‍ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്,ഒരു കഥ ഒരു നുണക്കഥ,സവിധം, തുടങ്ങി എട്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2004 ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.1981,1987,2003 എന്ന വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. മലയാളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
-
ഏറ്റുമാനൂര്‍: വടക്കേനട രാധാസദനത്തിൽ ശ്രീധരമേനോന്‍റെ മകന്‍ സുരേഷ് എസ് (53) ബംഗളുരുവിൽ അന്തരിച്ചു. ഹാര്‍ഡ് വെയര്‍ എഞ്ചിനീയറാണ്. ഭാര്യ: മഞ്ചുഷ, മക്കള്‍: സഞ്ജന, സഞ്ജിത്. സംസ്കാരം ബംഗളുരുവിൽ നടത്തി.
-
ഏറ്റുമാനൂർ: ഏറ്റുമാനൂരപ്പൻ കോളേജ് റിട്ട ജീവനക്കാരൻ ഏറ്റുമാനൂർ ദിവാനിവാസിൽ പി എൻ ദിവാകരൻ നായർ (അനന്തൻ-74) അന്തരിച്ചു. ഭാര്യ പാറമ്പുഴ ശ്രീകൃഷ്ണവിലാസത്തിൽ ശാരദ. മക്കൾ: അഞ്ജലി, അരുൺ, മരുമക്കൾ: സന്ദീപ്, അഞ്ജിത. സംസ്കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പിൽ
-
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന സി.പി. നായര്‍(81)അന്തരിച്ചു. 1982-87ല്‍ കെ. കരുണാകരന് മുഖ്യമന്ത്രിയായിരുന്ന സമയമാണ് അദ്ദേഹം ചീഫ് സെക്രട്ടറി പദവി അലങ്കരിച്ചത്. ഒറ്റപ്പാലം സബ് കളക്ടര്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍, ആസൂത്രണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖം ഡെപ്യൂട്ടി ചെയര്‍മാന്‍, തൊഴില്‍ സെക്രട്ടറി, റവന്യൂ ബോര്‍ഡ് അംഗം, ആഭ്യന്തര സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 1998ലാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.തിരുവന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം(ഓണേഴ്സ്) നേടിയിട്ടുണ്ട്. അധ്യാപകനായും ജോലി ചെയ്തിരുന്നു. കോഴഞ്ചേരി സെന്റ് തോമസ്, തലശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ ആര്‍ട്സ് കോളജ് എന്നിവിടങ്ങളിലാണ് അധ്യാപകനായി ജോലി ചെയ്തത്. ഇരുകാലിമൂട്ടകള്‍, കുഞ്ഞൂഞ്ഞമ്മ അഥവ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയില്‍ ഒരു മാരുതി, ചിരി ദീര്‍ഘായുസിന് തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന് എന്‍.പി. ചെല്ലന് നായരാണ് പിതാവ്. ഭാര്യ സരസ്വതി, മക്കള്‍ ഹരിശങ്കര്‍, ഗായത്രി.
-
കോട്ടയം: സിനിമ - സീരിയൽ നടി ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ ശ്രീലക്ഷ്മി അവതരിപ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളും, തലശേരി മാഹി സ്വദേശി വിനോദിന്‍റെ ഭാര്യയുമാണ്. രണ്ട് മക്കൾ. സംസ്കാരം ഇന്ന് 3ന്.ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. തുടർന്ന് തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്‍റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.
-
ഏറ്റുമാനൂര്‍: വൃന്ദാവനത്തില്‍ (തൊട്ടികണ്ടത്തില്‍) വേണുഗോപാല്‍ (65) അന്തരിച്ചു. പരേതനായ കൃഷ്ണന്‍നായരുടെയും കമലമ്മയുടെയും മകനാണ്. ഭാര്യ: സുലോചന, മകന്‍: ഗോപീകൃഷ്ണന്‍. സംസ്കാരം ചൊവ്വാഴ്ച 1.30ന് വീട്ടുവളപ്പില്‍.
-
ഏറ്റുമാനൂർ: ജയനിലയത്തിൽ പരേതനായ കെ.പി.ഉമ്മന്‍റെ (റിട്ട റവന്യൂ ഇന്‍സ്പെക്ടര്‍, കോട്ടയം കളക്ടറേറ്റ്) ഭാര്യ അച്ചാമ്മ ഉമ്മൻ (81) അന്തരിച്ചു. ഏറ്റുമാനൂർ ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: അനിൽ ഉമ്മൻ (ആർ.ഡി.ഒ, പാലാ), അമ്പിളി ഉമ്മൻ (അധ്യാപിക, എം.ഡി. സെമിനാരി എച്ച്. എസ്. എസ്, കോട്ടയം), അരുൺ ഉമ്മൻ (കൂൾ നെസ്റ്റ്, പാറോലിക്കൽ) മരുമക്കൾ: ബിൻസി മാത്യു, മാടപ്പള്ളികുന്നേല്‍, കൂരോപ്പട (ഗവ. റ്റി.റ്റി. ഐ, ഏറ്റുമാനൂർ ), ജെയിംസ്കുട്ടി ജേക്കബ്, തെക്കേചിറയില്‍, തിരുവാര്‍പ്പ് (മനോരമ, കോട്ടയം), അനിമോൾ അരുൺ, മണ്ണൂര്‍കരോട്ട്, തലയോലപ്പറമ്പ് (സ്റ്റാഫ് നഴ്സ്). മൃതദേഹം ബുധനാഴ്ച രാവിലെ 8.30 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 2.30 ന് വസതിയിലെയും തുടര്‍ന്ന് ഏറ്റുമാനൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേയും ശുശ്രൂഷകള്‍ക്ക് ശേഷം 4:30ന് കോട്ടയം സെന്‍റ് ലാസറസ് പള്ളിയിൽ.
-
പെർത്ത് (ഓസ്ട്രേലിയ): കർടിൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി റിട്ട. പ്രഫസറും റീഗൻ പവർ ഇന്‍റര്‍നാഷനൽ സിഇഒയുമായ ഡോ. സി.വേലായുധൻ നായർ (സി.വി.നായർ - 75) പെർത്തിൽ അന്തരിച്ചു. കോഴിക്കോട് ചെമ്മങ്കോട്ട് കുടുംബാംഗമാണ്. കോഴിക്കോട് ആർഇസിയിൽ (എൻഐടി) അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഏറ്റുമാനൂർ കൊച്ചുവീട്ടിൽ അംബിക നായർ. മക്കൾ: ലക്ഷ്മി നായർ (ഡാലസ്,യുഎസ്), സുജിത് നായർ (ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ). മരുമക്കൾ: ജയ്‌ദീപ് (ഡാലസ്, യുഎസ്), അലോക നായർ (ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ). സംസ്കാരം പിന്നീട്.
-
കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയ് (82) അന്തരിച്ചു. പത്രപ്രവർത്തനത്തിന് പുറമെ പ്രഭാഷകനായും അധ്യാപകനായും നോവലിസ്റ്റായും അറിയപ്പെട്ടിരുന്നയാളാണ് കെ എം റോയ്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഏഴു വർഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു വശം തളർന്നു പോയെങ്കിലും മാധ്യമമേഖലയിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ കെ എം റോയ് പിൽക്കാലത്ത് മാധ്യമപ്രവർത്തകനായി മാറുകയായിരുന്നു. മഹാരാജാസ് കോളേജിൽ കെ.എസ്.പിയുടെ വിദ്യാർഥിനേതാവായിരുന്നു കെ എം റോയ്. കെ.എസ്.യു നേതാക്കളായി വയലാർ രവി, എ കെ ആന്‍റണി എന്നിവരും തിളങ്ങി നിന്ന സമയത്തു തന്നെയാണ് കെ എം റോയ് സോഷ്യലിസ്റ്റ് നേതാവായി പേരെടുത്തത്. മികച്ച പ്രസംഗ ശൈലിയായിരുന്നു അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. മംഗളം ദിനപത്രത്തിന്‍റെ ജനറൽ എഡിറ്ററായിരിക്കെയാണ് പതിറ്റാണ്ടുകൾ നീണ്ട പത്രപ്രവർത്തനത്തിൽനിന്ന് അദ്ദേഹം വിരമിച്ചത്.
മാധ്യമപ്രവർത്തനത്തിനൊപ്പം പത്രപ്രവർത്തന യൂണിയൻ ഭാരവാഹിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. രാഷ്ട്രീയ ഗുരുവായിരുന്ന മത്തായി മാഞ്ഞൂരാന്‍റെ ജീവചരിത്രവും രണ്ടു നോവലുകളും രണ്ടു യാത്രാ വിവരണങ്ങളും കെ എം റോയ് രചിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഉന്നത മാധ്യമപുരസ്ക്കാരമായ സ്വദേശാഭിമാനി-കേസരി തുടങ്ങി ഒട്ടേറെ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
-
കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാണംപടി ആനല്ലൂർചിറയിൽ അനൂപ് ബഞ്ചമിൻ(39) ആണ് മരിച്ചത്. ഹൈറേഞ്ച് മെഡിക്കൽസിലെ ജീവനക്കാരനായിരുന്ന അനൂപ് കഴിഞ്ഞ ശനിയാഴ്ച ചുങ്കം -വാരിശ്ശേരി റോഡിലുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രി വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ മരിച്ചു. പരേതനായ ബഞ്ചമിൻ്റെയും തങ്കമ്മയുടെയും മകനാണ് അനൂപ്. ഭാര്യ: സോബിന. മക്കൾ: ബിയോൺസ്, ബേസിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വേളൂർ പുളിനാക്കൽ സെൻ്റ്. ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.
-
കൊച്ചി: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടൻ റിസബാവ (55) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ മുതൽ നില വഷളായി ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മരണസമയത്ത് അടുത്തുണ്ടായിരുന്നു.
ഒട്ടേറെ സിനിമകളിൽ മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചാണ് റിസാബാവ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷമാണ് റിസബാവയ്ക്ക് കരിയറിൽ ബ്രേക്കായത്. സിനിമയിലും സീരിയലിലുമായി നൂറ്റിയമ്പതോളം കഥാപാത്രങ്ങളെ അവതരിപ്പിച്ച റിസാബാവ, നായകവേഷത്തിലും അഭിനയിച്ചിട്ടുണ്ട്. 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായാണ് റിസബാവ വേഷമിട്ടത്. എന്നാൽ നായകകഥാപാത്രങ്ങൾ പിന്നീട് റിസബാവയെ തേടി അധികം എത്തിയിട്ടില്ല. അങ്ങനെയാണ് മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിൽ റിസബാവ ചുവടുറപ്പിക്കുന്നത്.
തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ റിസബാവ വില്ലനായി നിരവധി സിനിമകളാണ് പുറത്തിറങ്ങിയത്. അനിയൻ ബാവ ചേട്ടൻ ബാവ എന്ന ഹിറ്റ് ചിത്രത്തിൽ വില്ലൻ വേഷമായിരുന്നെങ്കിലും ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് റിസബാവ തെളിയിച്ചു. ചമ്പക്കുളം തച്ചൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും റിസബാവ വില്ലനായി രംഗത്തെത്തി. ഏറ്റവും ഒടുവിൽ വൺ, പ്രൊഫസർ ഡിങ്കൻ, മഹാവീര്യർ എന്നീ ചിത്രങ്ങളിലാണ് റിസബാവ അഭിനയിച്ചത്.
കൂടുതലായും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും സ്വഭാവനടനായും റിസബാവ തിളങ്ങി. അതിന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും അംഗീകാരങ്ങൾ നേടിയ കലാകാരനാണ് റിസബാവ. നിരവധി സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് റിസബാവ. 1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനിച്ചു. തോപ്പുംപടി സെന്‍റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.
-
തിരുവനന്തപുരം: കോടികള്‍ വിലമതിക്കുന്ന ഭൂസ്വത്ത് വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്ക് ദാനമായി നല്‍കിയ മുത്തശ്ശി അന്തരിച്ചു. വിളപ്പില്‍ശാല അമ്പലത്തും വിള സ്വദേശിനി ജെ. സരസ്വതിഭായിയാണ് മരിച്ചത്. 96 വയസായിരുന്നു. അസുഖബാധിതയായി കിടപ്പിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. കുടുംബസ്വത്തായി കിട്ടിയ ഒന്നേകാല്‍ ഏക്കറില്‍ ഒരേക്കര്‍ ഭൂമി വിളപ്പില്‍ശാലയില്‍ ആശുപത്രി സ്ഥാപിക്കാന്‍ 1957ലാണ് സരസ്വതിഭായി സൗജന്യമായി നല്‍കിയത്. ബാക്കി 25- സെന്റ് പാവങ്ങള്‍ക്കു വീടുവയ്ക്കാനും നല്‍കി. ദാനം നല്‍കിയ ഭൂമിക്ക് നിലവില്‍ 10 കോടിയോളം രൂപ വിലമതിക്കും.1961-ല്‍ വിളപ്പില്‍ശാല ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള, സരസ്വതിഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അനുമോദിച്ചിരുന്നു. ഭൂമി ദാനം ചെയ്തതിനു പകരമായി സര്‍ക്കാര്‍ ജോലിയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സമ്പന്നതയില്‍ കഴിഞ്ഞിരുന്ന കുടുംബം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്ഷയിച്ചു. പേരക്കുട്ടിക്ക് ജോലിതേടി സരസ്വതിഭായി മന്ത്രി മന്ദിരങ്ങള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.2013-ല്‍ വിളപ്പില്‍ശാല ആശുപത്രി സാമൂഹികാരോഗ്യകേന്ദ്രമായി ഉയര്‍ത്തി നിര്‍മിച്ച ബഹുനില മന്ദിരത്തിന് സരസ്വതിഭായിയുടെ പേരു നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ പരിഗണിച്ചില്ല. എന്നാല്‍ പൊതുജന പ്രക്ഷോഭം ആരംഭിച്ചതോടുകൂടി ഒടുവില്‍ അധികാരികള്‍ ആശുപത്രി ഹാളിന് മാത്രമായി ഇവരുടെ പേര് നല്‍കുകയും ഛായാചിത്രം സ്ഥാപിക്കുകയുമായിരുന്നു. ഈ ഹാളിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. മുത്തശ്ശിക്ക് നാട് പകരം നല്‍കിയത് ഇതു മാത്രമാണ്.വിവിധ തുറകളിലുള്ള നിരവധി പേര്‍ സരസ്വതി ഭായിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഐ ബി സതീഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. മികച്ച ആരോഗ്യപ്രവര്‍ത്തകന് ഇവരുടെ സ്മരണയ്ക്കായി സരസ്വതിഭായി പുരസ്‌കാരം ഏര്‍പ്പെടുത്തി. വിളപ്പില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ പുളിയറക്കോണം പ്രതീക്ഷ ട്രസ്റ്റാണ് പുരസ്‌കാരം നല്‍കുന്നത്.കൃഷ്ണ പിള്ളയാണ് സരസ്വതി ഭായിയുടെ ഭര്‍ത്താവ്. മക്കള്‍: ജയധരന്‍ നായര്‍, സുധാകരന്‍ നായര്‍, പ്രഭാകരന്‍ നായര്‍, രാജലക്ഷ്മി, ഭദ്രകുമാര്‍, ജയലക്ഷ്മി, അംബാലിക ദേവി, പരേതരായ രാജമോഹനന്‍ നായര്‍, അജിത്ത് കുമാര്‍. ഭര്‍ത്താവിന്റെ മരണശേഷം മകന്‍ റിട്ട. എസ്.ഐ. ഭദ്രകുമാറിന്റെയും മരുമകള്‍ ശാന്തകുമാരിയുടെയും സംരക്ഷണയിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.
-
കൊൽക്കത്ത: പ്രശസ്ത തബല വാദകന്‍ പണ്ഡിറ്റ് ശുഭാങ്കര്‍ ബാനര്‍ജി(54) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡിനെ തുടര്‍ന്ന് ജൂലൈ 2-നാണ് ശുഭാങ്കര്‍ ബാനര്‍ജിയെ കൊല്‍ക്കത്തയിലെ മെഡിക്ക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിക്കുന്നത്. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.പ്രശസ്ത സംഗീതജ്ഞ കാജല്‍രേഖ ബാനര്‍ജിയുടെ മകനാണ് ശുഭാങ്കര്‍ ബാനര്‍ജി. പണ്ഡിറ്റ് മണിക് ദാസ്, പണ്ഡിറ്റ് സ്വപ്‌ന ശിവ എന്നിവരുടെ ശിഷ്യനായിരുന്നു. പണ്ഡിറ്റ് രവി ശങ്കര്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് അംജത് അലിഖാന്‍, പണ്ഡിറ്റ് ശിവ്കുമാര്‍ വര്‍മ തുടങ്ങിയ സംഗീതപ്രതിഭകള്‍ക്കൊപ്പം ജുഗല്‍ബന്തി ചെയ്തിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാറിന്റെ സംഗീത് സമ്മാന്‍, സംഗീത് മഹാ സമ്മാന്‍ തുടങ്ങിയ ബഹുമതികള്‍ നേടിയിട്ടുണ്ട്. നിവേദിതയാണ് ഭാര്യ. ആഹരി, ആര്‍ച്ചിക് എന്നിവര്‍ മക്കളാണ്.
-
ഗുരുഗ്രാം: മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ ആയിരുന്നു.സഭയുടെ ബാഹ്യകേരള മിഷൻ ബിഷപ്പായി 2007 ലാണ് ജേക്കബ് മാർ ബർണബാസ് ചുമതലയേറ്റത്. സഭയിലെ ജീവകാര്യണ്യ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു . കൊവിഡ് കാലത്ത് ദില്ലിയിൽ അടക്കം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിരുന്നു. 2015 ലാണ് ഗുരുഗ്രാം ഭദ്രാസനാധിപനായി ജേക്കബ് മാർ ബർണബാസ് ചുമതലയേറ്റത്.
-
ലക്നോ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കല്യാൺ സിംഗ് അന്തരിച്ചു. 89 വയസായിരുന്നു. ലക്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും ഓര്‍മ്മക്കുറവിനെയും തുടര്‍ന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1991ലാണ് കല്യാണ്‍ സിംഗ് ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. 1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കല്യാണ്‍ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. ഇതിനു പിന്നാലെ അദ്ദേഹം രാജിവച്ച് ഒഴിഞ്ഞു.1993ല്‍ അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളില്‍നിന്ന് കല്യാണ്‍ നിയമസഭയിലേക്ക് മത്സരിച്ചു. ഇരുമണ്ഡലങ്ങളില്‍നിന്നും വിജയിച്ച കല്യാണ്‍ സിംഗ് മുലായം സിംഗ് യാദവ് മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവായി. 1997 ല്‍ വീണ്ടും അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി. 1999ല്‍ ബിജെപി വിട്ട കല്യാണ്‍ സിംഗ് 2004ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2004-ല്‍ ബുലന്ദേശ്വറില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2014-ല്‍ രാജസ്ഥാന് ഗവര്‍ണറായും കല്യാണ്‍ സിംഗ് സേവനമനുഷ്ഠിച്ചിരുന്നു.
-
ചെന്നൈ: മലയാള ചലച്ചിത്ര നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. വിജയരാഘവനാണ് ഭർത്താവ്. ഏക മകൾ മഹാലക്ഷ്മി. സംസ്കാരം ചെന്നൈ സാലിഗ്രാമത്തിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക്.
കൊച്ചി സ്വദേശിയായ ചിത്ര, മലയാള ചിത്രങ്ങളായ കല്യാണപ്പന്തൽ, തമിഴ് ചിത്രങ്ങളായ അപൂർവ രാഗങ്ങൾ, അവൾ അപ്പടിതാൻ തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. സിനിമയിൽ തിരക്കിലായതോടു കൂടി പഠനം പത്താം ക്‌ളാസിൽ വച്ച് ഉപേക്ഷിച്ചു.
1983 ൽ പുറത്തിറങ്ങിയ 'ആട്ടക്കലാശം' ചിത്ര ചെയ്ത ആദ്യ കഥാപാത്രത്തെ രേഖപ്പെടുത്തി. മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാളത്തിൽ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്കൊപ്പം വേഷമിട്ടിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, ദേവാസുരം, അമരം, ഏകലവ്യൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
1990കളിൽ മലയാള സിനിമയിൽ സജീവമായിരുന്ന ചിത്ര, വിവാഹത്തെത്തുടർന്നു ദീർഘകാലത്തേക്ക് സിനിമ ഉപേക്ഷിക്കുകയായിരുന്നു. തമിഴ് സിനിമയിൽ ശിവാജി ഗണേശൻ, കമൽ ഹാസൻ, ശരത് കുമാർ, പ്രഭു തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും ചിത്ര വേഷമിട്ടു. 18 വർഷത്തെ ഇടവേള അവസാനിപ്പിച്ച് 2020 ൽ തമിഴ് ചിത്രം ബെൽ ബോട്ടത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങി. തമിഴ് സീരിയൽ രംഗത്തിലൂടെ സജീവമായി തുടരുകയും ചെയ്തു. നൂറിലധികം ചിത്രങ്ങളിൽ ചിത്ര അഭിനയിച്ചു.
-
കോഴിക്കോട്: ഖത്തറിൽ വാഹനപകടത്തില്‍ മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക- സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ കോഴിക്കോട് മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകൻ മിസ്ഹബ് അബ്ദുല്‍ സലാം (11) ആണ് മരിച്ചത്. ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയിലേക്ക് യാത്രചെയ്യവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു. ദുഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മിസ്ഹബ്. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, ദിൽന, മുഹമ്മദ്, ഫാത്തിമ, മഹദ്. വെള്ളിയാഴ്ച വൈകിട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
-
കൊല്ലം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻ പാട്ട് കലാകാരനുമായ ശാസ്താംകോട്ട മനക്കര മനയിൽ പി.എസ്. ബാനർജി (41) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡാനന്തര ചികിൽസയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് അന്ത്യം. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. ലളിതകലാ അക്കാഡമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ടെക്നോപാർക്കിലെ ഒരു ഐടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ജയപ്രഭ. രണ്ടു മക്കളുണ്ട്.
-
തിരുവനന്തപുരം: കഥകളിയിലെ പ്രസിദ്ധ താടിവേഷക്കാരനും മിനുക്കുവേഷങ്ങളിൽ വേറിട്ട നാട്യാചാര്യനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി (82) അന്തരിച്ചു. തിങ്കളാഴ്ച രാത്രി പൂജപ്പുര ചാടിയറയിലെ നെല്ലിയോടു മനയിലായിരുന്നു അന്ത്യം. ഒരുമാസമായി അർബുദബാധിതനായിരുന്നു. മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ നിലമ്പൂർ വണ്ടൂരിലെ നെല്ലിയോട് മനയിലെത്തിക്കും. വൈകുന്നേരം നാലിന് ശവസംസ്കാരം. എറണാകുളം ചേരാനല്ലൂരിൽ നെല്ലിയോട് മനയിൽ വിഷ്ണു നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകനായി 1940 ഫെബ്രുവരി 5നാണു ജനനം.
കഥകളിയിൽ കരിവേഷങ്ങളുടെ അവതരണത്തിൽ പ്രസിദ്ധനായിരുന്നു. കലി, ദുശ്ശാസനൻ, ബാലി, നരസിംഹം, കാട്ടാളൻ, നക്രതുണ്ഡി, ഹനുമാൻ എന്നീ വേഷങ്ങളുടെ അവതരണത്തിലും മിനുക്കിൽ നാരദൻ, കുചേലൻ, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ എന്നിവയിലും അദ്ദേഹത്തിന്റെ അഭിനയമികവ് സവിശേഷമായിരുന്നു. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: കഥകളി കലാകാരന്മാരായ മായ (അധ്യാപിക ഇരിങ്ങാലക്കുട), വിഷ്ണു. മരുമക്കൾ: ദിവാകരൻ (മുണ്ടൂർ പേരാമംഗലം, അധ്യാപകൻ), ശ്രീദേവി.
-
ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ ഗായിക കല്യാണി മേനോൻ (80) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലും പിന്നണിഗാനരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു.സംവിധായകൻ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് കല്യാണി മേനോൻ അരങ്ങേറുന്നത്. വിയറ്റ്നാം കോളനിയിലെ "പവനരച്ചെഴുതുന്നു' എന്ന ഹിറ്റ് ഗാനവും അവർ അലപിച്ചതാണ്.96 എന്ന തമിഴ് ചിത്രത്തിലെ കാതലേ കാതലേ എന്ന ഗാനവും കല്യാണി മേനോനാണ് ആലപിച്ചത്. എ.ആർ. റഹ്മാനൊപ്പം നിരവധി ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ രാജീവ് മേനോൻ മകനാണ്.
-
കൊച്ചി: പ്രമുഖ ചലച്ചിത്ര നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. തൃപ്പുണിത്തുറയിൽ വച്ചായിരുന്നു അന്ത്യം. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കെ.ടി.എസ്. പടന്നയിൽ. രണ്ട് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് വിടവാങ്ങിയത്. നാടക ലോകത്ത് നിന്നാണ് പടന്നയിൽ സിനിമയിൽ എത്തുന്നത്. സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്.രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. സ്വതസിദ്ധമായ ചിരിയും സംഭാഷണശൈലിയുമായി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയപ്പട്ടവനായതോടെ കൂടുതൽ സിനിമകൾ പടന്നയിലിനെ തേടിയെത്തി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, കളമശ്ശേരിയിൽ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു.നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. സന്മനസുള്ളവർക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ സീരിയലുകളിലെ വേഷം പ്രേക്ഷകശ്രദ്ധ നേടി. കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും നിരവധി ഫൈൻആർട്സ് സൊസൈറ്റി അവാർഡുകളും ലഭിച്ചു. നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും പണ്ട് 300 രൂപകൊടുത്തു വാങ്ങിയ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗം. രമണിയാണ് ഭാര്യ. ശ്യാം, സ്വപ്‌ന, സന്നൻ, സാൽജൻ എന്നിവർ മക്കൾ.
-
ഏറ്റുമാനൂര്‍: പാണ്ടവത്ത് പി.എം കുര്യന്‍ (90) അന്തരിച്ചു. ഭാര്യ: ചിന്നമ്മ കുര്യന്‍ (ചേര്‍പ്പുങ്കല്‍ മുണ്ടന്താനത്ത് കുടുംബാംഗം). മക്കള്‍: പി.കെ.മാത്യു (റിട്ട എജിഎം, എസ് ബി ഐ), പി.കെ.സണ്ണി (പാണ്ടവത്ത് സ്റ്റോഴ്സ്, ഏറ്റുമാനൂര്‍), ജോര്‍ജ്ജ് കുര്യന്‍ (തഹസില്‍ദാര്‍, ചങ്ങനാശ്ശേരി), ഷാജി കുര്യന്‍ (ഷെയ്ന്‍ സോമില്‍, മാന്നാനം), ജോസ് പി.കുര്യന്‍ (അയര്‍ലന്‍ഡ്), മരുമക്കള്‍: റീജാ മാത്യു ചെമ്മലക്കുഴിയില്‍ (റിട്ട ടീച്ചര്‍, സെന്‍റ് ആന്‍സ് എച്ച് എസ് എസ്, കോട്ടയം), സുനി സണ്ണി പാവക്കുളം (പനച്ചിക്കാട്), സിനിമോള്‍ തോമസ് മുണ്ടുതറയില്‍ (ടീച്ചര്‍, സെന്‍റ് തോമസ് യുപുഎസ്, കുറുമുള്ളൂര്‍), സോളി ഷാജി പുന്നവേലില്‍ (കോഴിക്കോട്), ഡെയ്‌സി ജോസ് മുകളേല്‍ (അയര്‍ലന്‍ഡ്). സംസ്‌കാരം 23/7/2021, വെള്ളിയാഴ്ച പകല്‍ 3.00ന് സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഏറ്റുമാനൂര്‍ സെന്‍റ് ജോസ ഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.
-
ഏറ്റുമാനൂര്‍: റിട്ട ഡപ്യൂട്ടി തഹസില്‍ദാര്‍ ഏറ്റുമാനൂര്‍ പേരൂര്‍ റോഡ് അമ്പാട്ടുമഠത്തില്‍ എ.കെ.ഹരിദാസന്‍ നായര്‍ (78) അന്തരിച്ചു. ഏറ്റുമാനൂര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്‍റ്, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ്, ഏറ്റുമാനൂര്‍ വൈസ് മെന്‍സ് ക്ലബ് ഭാരവാഹി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാരം ചൊവ്വാഴ്ച പകല്‍ 11.30ന് വീട്ടുവളപ്പില്‍.
-
കൊല്ലം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു. കൊല്ലം ഇരവിപുരം സെന്റ് മേരി നിവാസിൽ നെൽസൺ - എൽസി ദമ്പതികളുടെ മകനും ജുബൈൽ സൗദി കയാൻ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറുമായിരുന്ന ബിജു നെൽസൺ (47) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് കോവിഡ് രോഗബാധിതനായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം കലശലായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് മരിച്ചു. ഭാര്യ: സിബിലി. മക്കൾ: ബിബിൻ, സിബിൻ. 25 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
-
തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ (74) അന്തരിച്ചു. പുലര്‍ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യ നില മോശമായിരുന്ന ബാവയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു.
ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ അദ്ദേഹം തൃശൂര്‍ കുന്നംകുളത്താണ് ജനിച്ചത്. 1972 ല്‍ ശെമ്മാശ പട്ടം ലഭിച്ച അദ്ദേഹം 2010 നവംബര്‍ 1ന് പരുമല സെമിനാരിയില്‍ വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. കോട്ടയം ദേവലോകം അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം നാളെ നടക്കും.
-
മലപ്പുറം: ആയുർവേദാചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ പി.കെ. വാരിയർ (100) അന്തരിച്ചു. ആയുർവേദത്തിന് ഇന്ന് ലോകത്ത് ഒരു പര്യായമുണ്ടെങ്കിൽ അത് പി.കെ. വാരിയരായിരുന്നു. കഴിഞ്ഞ ജൂൺ എട്ടിനാണ് നൂറാം പിറന്നാൾ ആഘോഷിച്ചത്.ആയുർവേദ രംഗത്തെ സംഭാവനകളെ കണക്കിലെടുത്ത് ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് 'ആയുർവേദ മഹർഷി' സ്ഥാനം അദ്ദേഹത്തിന് സമർപ്പിക്കുകയുണ്ടായി.ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ഇളയമകനായി 1921 ജൂൺ ഇടവത്തിലെ കാർത്തിക നക്ഷത്രത്തിലായിരുന്നു പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാരിയർ എന്ന പി.കെ. വാരിയരുടെ ജനനം. കോട്ടയ്ക്കൽ ഗവ. രാജാസ് സ്കൂളിലാണ് അദ്ദേഹം ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വൈദ്യപഠനം വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിലും പൂർത്തിയാക്കി. 1942ൽ പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത പി.കെ. വാര്യർ പിന്നീട് തിരിച്ചെത്തി വൈദ്യ പഠനം പൂർത്തിയാക്കി.കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി 1944ൽ ചുമതലയേറ്റത് പി.കെ. വാരിയരുടെ മൂത്ത ജ്യേഷ്ഠനായ പി. മാധവ വാരിയരായിരുന്നു. 1953ൽ അദ്ദേഹം മരിച്ചതിനു ശേഷം ഡോ.പി.കെ. വാരിയർ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുത്തു. കോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമാശുപത്രിയിലെ അലോപ്പതി ശാഖ, റിസർച് വാർഡ്, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം പികെ. വാരിയരുടെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.
-
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. കവടിയാര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണന്‍ നായരുടെയും അമ്മ സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ദു എസ് എസ് (കോട്ടണ്‍ഹില്‍ സ്‌കൂള്‍ ടീച്ചര്‍). മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്).
-
ചെറുതോണി: മാതൃഭൂമി ദിനപത്രത്തിന്‍റെ ചെറുതോണി ലേഖകൻ ഇടുക്കി വെളളക്കയം തോട്ടുമുഖത്ത് ടി. ബി ബാബുക്കുട്ടൻ (47) അന്തരിച്ചു. മൾട്ടിപ്പിൾ മൈലേമ എന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെ കൊവിഡും, ന്യുമോണിയയും പിടിപെട്ടു. ഒരു മാസമായി കോട്ടയം തെള്ളകത്തെ സ്വകാര്യആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. നില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച്ച രാവിലെ 6.40 ന് മണമടയുകയായിരുന്നു. ഭാര്യ: ദീപ. മക്കൾ: നന്ദന, ദീപക്. സംസ്കാരം വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
-
തിരുവനന്തപുരം: വിവാദ പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ മരിച്ച നിലയിൽ. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
-
കൊച്ചി : കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ (73) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 500 ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
-
ഏറ്റുമാനൂർ : വേണു സൗണ്ട്സ് സ്ഥാപകൻ പോളകത്ത്പറമ്പിൽ പരേതനായ ഭാസ്കരൻനായരുടെ (വേണു സ്വാമി) മകനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിട്ട. ജീവനക്കാരനുമായ വേണുഗോപാലൻ നായർ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5ന് തലയോലപ്പറമ്പ് പൊതിയിലെ വീട്ടുവളപ്പിൽ.
-
ഏറ്റുമാനൂർ : ആറു പതിറ്റാണ്ട് കാലത്തോളം പശുക്കളുമായി ജീവിതം നയിച്ച ഏറ്റുമാനൂരിലെ ക്ഷീരകർഷക മാടപ്പാട് പേമലയിൽ പരേതനായ മത്തായി ദേവസ്യയുടെ ഭാര്യ ഏലമ്മ (78) അന്തരിച്ചു. മക്കളെക്കാൾ കൂടുതൽ പശുക്കളെ സ്നേഹിച്ച ഈ കർഷക സ്ത്രീക്ക് നാളിതുവരെ ഒരു പനിപോലും ഉണ്ടാവുകയോ മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലാ എന്നത് ഒരു പ്രത്യേകതയാണ്. വാർദ്ധക്യ സഹജമായ രോഗപീഢകൾ ഉണ്ടായിട്ടും ഒരു ദിനം പോലും കിടപ്പിലായില്ല.ദിവസേന വെളുപ്പിന് മൂന്ന് മണിക്ക് ഉണരുന്ന ഏലമ്മ തിങ്കളാഴ്ചയും മൂന്നു മണിക്ക് തന്നെ ഉണർന്നു. ചെറിയ ശാരീരിക അസ്വസ്തകൾ പ്രകടിപ്പിച്ചു. അത്രമാത്രം. നാല് മണിയോടു കൂടി മരണത്തിനു കീഴടങ്ങി. ഏലമ്മയുടെ പശു തൊഴുത്തിൽ നിന്നാണ് നാട്ടിലും ഏറ്റുമാനൂരിലെ വിവിധ ഹോട്ടലുകളിലും ശുദ്ധമായ പശുവിൻ പാൽ എത്തിയിരുന്നത്. മക്കളും കൊച്ചുമക്കളും ഏലമ്മ ചേടത്തിയുടെ കാർഷിക ജീവിതം തുടരുകയാണ്. മക്കൾ: ആലി, രാജു , മാത്തച്ചൻ (സിപിഐ മാടപ്പാട് ബ്രാഞ്ച് കമ്മറ്റി അംഗം). സംസ്കാരം നടത്തി.
-
ബംഗളൂരൂ: ദേശീയ അവാർഡ് ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ബംഗളൂരുവിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോഴയിരുന്നു അപകടം.തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്, തെലുങ്കു , ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2015 ൽ "നാൻ അവനല്ല അവളു' എന്ന സിനിമയിൽ ട്രാൻസ്ജെൻഡർ ആയുള്ള അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ അവാർഡ് വിജയ്ക്ക് ലഭിച്ചത്.
-
അതിരമ്പുഴ: ഉപ്പുപുരയ്ക്കല്‍ ശ്രീലക്ഷ്മി വീട്ടിൽ ആർട്ടിസ്റ്റ് എം വേലുക്കുട്ടൻ നായരുടെ (റിട്ടയേർഡ് അധ്യാപകൻ ) ഭാര്യ പി ജെ ജോതിഷ്മതി അമ്മ (78) അന്തരിച്ചു. പാലാ ഇടക്കോലി പല്ലാട്ട് കുടുംബാംഗമാണ്. മക്കൾ: പി വി ഹരികുമാർ ( നൈസ് കെമിക്കൽസ് എറണാകുളം), പി വി അനിൽകുമാർ. മരുമകൾ: ആശ ജി (ഹെഡ് ക്ലാർക്ക് ചങ്ങനാശ്ശേരി കോടതി). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
-
ഏറ്റുമാനൂര്‍: ബിഎസ്എന്‍എല്‍ മുന്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ കിടങ്ങൂര്‍ ചൈത്രത്തില്‍ സോമശേഖരന്‍ നായര്‍ (73) അന്തരിച്ചു. ചേര്‍ത്തല തണ്ണീര്‍മുക്കം തൈക്കൂട്ടത്തില്‍ കുംടുംബാംഗമാണ്. ഭാര്യ: കിടങ്ങൂര്‍ കൊട്ടാരത്തില്‍ കുടുംബാംഗം സീതാദേവി (റിട്ട ഡിവിഷണല്‍ എഞ്ചിനീയര്‍, ബിഎസ്എന്‍എല്‍), മക്കള്‍: ശ്യാം (സിംഗപൂര്‍), ഇന്ദു (അമേരിക്ക), മരുമക്കള്‍: ഡോ.ദീപ (സിംഗപൂര്‍), സജീഷ് (ഒമാന്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കിടങ്ങൂരിലെ വീട്ടുവളപ്പില്‍.
-
ചണ്ഡിഖഡ്: ഹരിയാന മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന കമല വര്‍മ(93) അന്തരിച്ചു. കോവിഡ് മുക്തയായ ശേഷം ബ്ളാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. കമല വര്‍മയുടെ മരണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഖേദം രേഖപ്പെടുത്തി.
-
പേരൂർ: കോട്ടയം പേരൂര്‍ തേവിടുമാലിയിൽ രാധാകൃഷ്ണൻനായർ (55) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവായി ഏറ്റുമാനൂരിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ കഴിയവെ രോഗം മൂര്‍ശ്ചിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പരേതനായ രാജപ്പന്‍നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: രമാദേവി (പാമ്പാടി), മക്കള്‍: അമല്‍, ആതിര, മരുമകന്‍: അമല്‍ മധു, സഹോദരങ്ങള്‍: കോമളവല്ലി (ചെന്നൈ), ഉണ്ണികൃഷ്ണന്‍ (ഹൈദരാബാദ്). സംസ്കാരം നടത്തി.
-
ഏറ്റുമാനൂര്‍: കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിക്കാന്‍ വൈദികനും ശുശ്രൂഷനും പിപിഈ കിറ്റുമണിഞ്ഞെത്തി. വെട്ടിമുകള്‍ മണ്ണോത്തുകാലായില്‍ പരേതനായ ഔസേപ്പിന്‍റെ ഭാര്യ ഏലിക്കുട്ടി(71)യുടെ മൃതദേഹമാണ് വെട്ടിമുകള്‍ സെന്‍റ് പോള്‍സ് പള്ളി സെമിത്തേരിയില്‍ ഫാ.ബോബി ക്രിസ്റ്റഫര്‍, ശുശ്രൂഷി അജന്‍ ബ്രൈറ്റ് എന്നിവരുടെ നേതൃത്വത്തില്‍ സംസ്കരിച്ചത്.
പതിനേഴ് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഏലിക്കുട്ടി. അര്‍ബുദരോഗിയായിരുന്ന ഇവരുടെ മരണത്തിന് കൊവിഡ് കാരണമായി മാറുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും ഏറ്റുമാനൂര്‍ നഗരസഭാ അംഗം വിഷ്ണു മോഹന്‍റെ നേതൃത്വത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ സ്വീകരിച്ച മൃതദേഹം നേരെ പള്ളിയില്‍ എത്തിക്കുകയായിരുന്നു. പത്താം വാര്‍ഡ് അംഗം സുനിത ബിനീഷ്, മുന്‍ കൌണ്‍സിലര്‍ എന്‍.വി.ബിനീഷ് എന്നിവരും സ്ഥലത്തെത്തി. മക്കള്‍: മിനിക്കുട്ടി, അജി. സജി, മരുമക്കള്‍: സുനില്‍, ഷാജി.