20 January, 2016 03:06:22 PM


ഇതിഹാസങ്ങളുടെ ഗായകന് അനുമോദനമേകി സംഗീതമഴ



സ്വന്തം ലേഖകന്‍

ഇതിഹാസങ്ങള്‍ ജനിക്കും മുമ്പേ, ഈശ്വരന്‍ ജനിക്കും മുമ്പേ പ്രകൃതിയും കാലവും ഒരുമിച്ചു പാടി... പ്രേമം ദിവ്യമായൊ രനുഭൂതി....

വയലാര്‍ രാമവര്‍മ്മ രചിച്ച് ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ പ്രേമത്തെകുറിച്ചുള്ള ചുവന്ന സന്ധ്യകളിലെ ഈ ഗാനത്തെ അനശ്വരമാക്കിയ ഗായകനെ തേടി വൈകിയാണെങ്കിലും നാടിന്‍റെ അനുമോദനം എത്തി. യേശുദാസ് അല്ലെങ്കില്‍ ജയചന്ദ്രന്‍ ആയിരിക്കും ഈ ഗാനത്തിലെ ശബ്ദത്തിനുടമയെന്നാണ് മലയാളികളില്‍ പലരും ധരിച്ചിരിക്കുക. എന്നാല്‍ നാല്‍പത് വര്‍ഷം മുമ്പ് ഈ ഗാനം പാടി ഹിറ്റാക്കിയ ശ്രീകാന്ത് എന്ന ഗായകനെ തിരിച്ചറിയാന്‍ മലയാളികള്‍ ഏറെ വൈകി. ഇദ്ദേഹത്തിന്‍റെ ചലച്ചിത്രഗാന പ്രവേശനത്തിന്‍റെ നാല്‍പതാം വാര്‍ഷികം കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ ഒരു സംഘം ഗാനാസ്വാദകര്‍ ചേര്‍ന്ന് ആഘോഷിച്ചത് വേറിട്ടൊരനുഭവമായി മാറി.

മധുരതരനാദത്തിലൂടെ ഭാവസാന്ദ്രമായി ആലപിക്കാനുള്ള എന്‍. ശശിധരന്‍ എന്ന ഗായകന്‍റെ കഴിവ് തിരിച്ചറിഞ്ഞ ദേവരാജന്‍ മാസ്റ്ററാണ് ഇദ്ദേഹത്തിന് ശ്രീകാന്ത് എന്ന പേര് നല്‍കിയതും. സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലെ കൈലാസ കൈലാധിനാഥാ എന്ന ഗാനം മലയാളികള്‍ക്ക് ഏറെ സുപരിചിതമാണെങ്കിലും ആ ശബ്ദത്തിനുടമ ശ്രീകാന്ത് ആണെന്നത് പലര്‍ക്കും അജ്ഞാതം. ചന്ദ്രകിരണങ്ങള്‍ രാഗങ്ങളായി, മൃഗാംഗബിംബമുദിച്ചു, പാര്‍വ്വണശശികല ഉദിച്ചതോ, പുഷ്പോത്സവ പന്തലിനുള്ളിലെ, തപ്പുകൊട്ടി പാടുന്ന മണിക്കുട്ടാ, ഭഗവാന്‍ ഭഗവാന്‍ തുടങ്ങിയ ഗാനങ്ങള്‍ ശ്രീകാന്തിന്‍റെ സംഗീത സപര്യയിലെ വമ്പന്‍ ഹിറ്റുകളാണ്.

ദക്ഷിണാമൂര്‍ത്തി, അര്‍ജ്ജുനന്‍ മാസ്റ്റര്‍, എം.ജി.രാധാകൃഷ്ണന്‍, ജയവിജയ, കെ.ജെ.ജോയി, ജോണ്‍സന്‍, ജെറി അമല്‍ദേവ്, ശ്യാം തുടങ്ങിയ പ്രമുഖ സംഗീതസംവിധായര്‍ ഈണം നല്‍കിയതുള്‍പ്പെടെ നൂറോളം ചിത്രങ്ങളില്‍ ശ്രീകാന്ത് പാടി. തിരുവനന്തപുരം കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കില്‍ നടരാജന്‍റെയും പൊന്നമ്മയുടെയും മകനായ ശശിധരന്‍ ആകാശവാണിയുടെ അഖിലേന്ത്യാ സംഗീത മത്സരത്തില്‍ ഒന്നാമനായതോടെയാണ് ഗാനരംഗത്ത് ശ്രദ്ധിക്കപെട്ടുതുടങ്ങിയത്. സ്കൂള്‍ പഠനത്തിനുശേഷം ഗാനമേളകളില്‍ സജീവമായ ശശിധരന്‍ എം.ജി.രാധാകൃഷ്ണന്‍റെ ക്ഷണമനുസരിച്ചാണത്രേ ദേവരാജന്‍ മാസ്റ്ററുടെ ഗാനം ആലപിക്കാന്‍ മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ എത്തിപെട്ടത്. അത് ശശിധരനില്‍ നിന്നും ശ്രീകാന്ത് എന്ന ഗായകനിലേയ്ക്കുള്ള വഴിത്തിരിവായിരുന്നു.    

വര്‍ക്കലയില്‍ ശ്രീകാന്തിനെ അനുമോദിക്കാനായി സംഘടിപ്പിച്ച സമ്മേളനത്തിലും തുടര്‍ന്ന് നടന്ന ശ്രീരാഗ സന്ധ്യ എന്ന സംഗീത വിരുന്നിലും പങ്കെടുക്കാന്‍ പഴയകാല ഗാനങ്ങളെ നെഞ്ചിലേറ്റുന്ന നൂറ്കണക്കിന് കലാസ്വാദകര് നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തി. സുപ്രസിദ്ധ പിന്നണി ഗായിക പി.മാധുരി ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ശുഭാ ഭദ്രന്‍ അദ്ധ്യക്ഷയായിരുന്നു. ശ്രീകാന്തിന്‍റെ ഗാനസമാഹാരങ്ങളുടെ സിഡി വര്‍ക്കല കഹാര്‍ എം.എല്‍.എ പ്രകാശനം ചെയ്തു. കവി ഏഴാച്ചേരി രാമചന്ദ്രന്‍, ഗാനനിരൂപകന്‍ ടി.പി.ശാസ്തമംഗലം, സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍, പൗരസമിതി ഭാരവാഹികളായ കെ.എസ്.രാജീവ്, ഡോ.ശരത്ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഗീതനിശയില്‍ പി.മാധുരി, ശ്രീകാന്ത് എന്നിവരെ കൂടാതെ ഗാനരചയിതാവ് ബി.ആര്‍ പ്രസാദ്, ഗായകരായ കല്ലറ ഗോപന്‍, സുശീലാ ദേവി, ഡോ.രശ്മി മധു, മണക്കാട് ഗോപന്‍, ഉഷാ വിനോദ്, പ്രവീണ തുടങ്ങിയവരും പങ്കെടുത്തു.



 

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.7K