28 June, 2016 11:16:22 PM
പാട്ടിന്‍റെ പുരാവൃത്തം, പഴമയുടെയും
മീനച്ചിലാറിനൊപ്പം മത്സരിച്ചു നീങ്ങുന്ന പാലാ ഈരാറ്റുപേട്ട സംസ്ഥാന പാത. അവിടെ അമ്പാറ ചുങ്കപ്പുര ജംഗ്ഷനിൽ നിന്ന് പഞ്ചായത്തു റോഡിൽക്കൂടി അൽപ്പം മുന്നോട്ടു പോയാൽ റബർ മരങ്ങൾക്കിടയിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഒരു വീടു കാണം. ബഹുനിലയാണെങ്കിലും കാഴ്ചയിൽ പുതുമയൊന്നും തോന്നാത്ത വീട്. ഗേറ്റ് കടന്ന് അകത്തേയ്ക്ക് കാലെടുത്തുവയ്ക്കുമ്പോൾ കേൾക്കാം, പേെങ്ങാ കേട്ട് മറന്ന പാട്ടിന്റെ പല്ലവി! ഇരുവശങ്ങളിലും ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ വീട്ടിലെത്തുമ്പോഴേയ്ക്കും ആ നാദ വിസ്മയത്തിൽ നമ്മൾ മതി മറന്ന് പോയിട്ടുണ്ടാവും. പാതിയടഞ്ഞ കണ്ണുകളോടെ ആ പഴയകാലത്തേയ്ക്ക് നമ്മൾ അറിയാതെ കടന്നിട്ടുണ്ടാകും.
വരാന്തയിൽ ചാരുകസേരയോട് ചേർന്നിരിക്കുന്ന ഗ്രാമഫോണിൽ നിന്നാണ് ആ സംഗീതം പെയ്തിറങ്ങുന്നതെന്ന് മനസിലാകുന്നതോടെ ആകാംക്ഷ കൂടും. പ്ലാശനാൽ മുതലക്കുഴി കുന്നേൽപ്പുരയിടത്തിൽ സണ്ണിമാത്യുവിന്റെ വീട്ടിലെത്തുന്നവരെല്ലാം ഇത്തരത്തിൽ ഗൃഹാതുരത്വത്തിന്റെ മൗനനൊമ്പരം ഒരു നിമിഷമെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. വീടിനു പുറത്ത് പാട്ടാണെങ്കിൽ അകത്ത് പാട്ടിന്റെ പാലാഴിയാണ് സണ്ണി മാത്യു തീർത്തിരിക്കുന്നത്. പാട്ടുകൊണ്ട് മാത്രമല്ല, സംസ്‌ക്കാരത്തിന്റെ പുരാതന നീക്കിയിരിപ്പുകൾക്കൊണ്ടും സമ്പന്നമാണ് ഈ വീടെന്ന് പിന്നീട് മനസിലാകും.
ഇന്ത്യയിലെ തന്നെ ആദ്യകാല ഗ്രാമഫോണുകളുടെയും പഴയ കാല റെക്കാഡുകളുടെയും വലിയൊരു ശേഖരമാണ് റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ സണ്ണി വീടിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. നിരനിരയായി അടുക്കു വച്ചിരിക്കുന്ന നൂറ് കണക്കിന് ഗ്രാമഫോണുകൾ, ആയിരക്കണക്കിന് പാട്ടുകളടങ്ങിയ റെക്കാഡുകൾ...പഴമയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന സംഗീത ഉപകരണങ്ങൾ... തുടങ്ങി പഴയ കാല കാറുകളുടെയും കാർഷിക ഉപകരണങ്ങളുടെയും വലിയൊരു മ്യൂസിയമാണ് അവിടെ ചരിത്ര ആസ്വാദകർക്കായി കാത്തിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഗ്രാമഫോൺ മ്യൂസിയമാണ് പ്ലാശനാലിലെ 'സണ്ണീസ് ഗ്രാമഫോൺ മ്യൂസിയം.
പഴയപാട്ടിന്റെ കളിത്തോഴൻ
അച്ഛൻ കെ.എം.മത്തായിയുടെ ഗ്രാമഫോണിലെ പാട്ട് കേട്ടാണ് സണ്ണി വളർന്നത്. മകന്റെ പാട്ടിലെ കമ്പം മനസിലാക്കി അദ്ധ്യാപകനായിരുന്ന അദ്ദേഹം സ്‌കൂളിൽ നിന്ന് വരുമ്പോൾ അവന് സമ്മാനിക്കാൻ ഒരു റെക്കാർഡ് എന്നും കൈയിൽ കൈയിൽ കരുതിയിട്ടുണ്ടാവും.
കുഞ്ഞുനാൾ മുതൽ ഗ്രാമഫോൺ സംഗീതം നെഞ്ചൊട് ചേർത്ത സണ്ണി 1977ൽ വനവികസന കോർപറേഷനിലെ ജീവനക്കാരനായപ്പോൾ റേഡിയോയും കാസറ്റ് ടേപ്പും സന്തതസഹചാരികളായി. പിന്നിട്ട വഴികളിൽ പാട്ട് ആസ്വദിക്കുന്നതോടൊപ്പം ഗ്രാമഫോൺ റെക്കാർഡുകൾ ശേഖരിക്കാനും തുടങ്ങി.ശേഖരണത്തോടൊപ്പം ഗ്രാമഫോണുകളുടെ ചരിത്രവും പശ്ചാത്തലവും ഒക്കെ മനസിലാക്കാനും പഠിക്കാനും കഴിഞ്ഞതാണ് സണ്ണിയെന്ന ആസ്വാദകനെ ഒരു വലിയ മ്യൂസിയത്തിന്റെ ഉടമയാക്കിയത്.
25 വർഷം മുമ്പ് മധുരയിൽനിന്ന് വാങ്ങിയ ഒരു കോളാമ്പി ഗ്രാമഫോണും കുറച്ചു പ്ലേറ്റുകളുമാണ് സണ്ണിയുടെ ശേഖരത്തെ ലോകത്തിന്റെ വഴിയിലെത്തിച്ചത്. മുംബൈയിലെ ഡോ. സരേഷ് 1990ൽ ആരംഭിച്ച റെക്കാർഡ് കമ്പക്കാരുടെ സംഘടനയുമായി ബന്ധപ്പെട്ടതോടെയാണ് കൈവശമുള്ള റെക്കാർഡുകളുടെ പ്രാധാന്യം സണ്ണിക്ക് കൃത്യമായി മനസ്സിലായത്.
കാൽ നൂറ്റാണ്ടു കൊണ്ട് ഇരുന്നൂറിൽപരം ഗ്രാമഫോണുകളും ഒരു ലക്ഷത്തിൽപ്പരം റെക്കാർഡുകളുമാണ് സണ്ണി മാത്യു ശേഖരിച്ചു കൂട്ടിയത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും സഞ്ചരിച്ച് പല കൈകളിൽ നിന്നായി വാങ്ങിക്കൂട്ടിയ വിലമതിക്കാനാവാത്ത അമൂല്യ ശേഖരമാണ് ഇന്ന് സണ്ണി മാത്യുവിന്റെ മ്യൂസിയത്തിലുള്ളത്.
ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സൗണ്ട് ആൻഡ് ഓഡിയോ വിഷൻ ആർകൈവ്‌സ് എന്ന സംഘടനയിൽ സണ്ണി അംഗമാവുകയും 2012ൽ ദില്ലിയിൽ ചേർന്ന നാല്പത്തിമൂന്നാം വാർഷിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലിണ്ട്‌സ്‌ട്രോം പ്രോജക്ടിന്റെ ഭാഗമായി 2014 ഏപ്രിലിൽ ബെർലിനിൽ നടന്ന കോൺഫ്രൻസിൽ പ്രഭാഷണം നടത്താനും സണ്ണി മാത്യുവിന് അവസരമുണ്ടായി.
അതുല്യം ഈ അമൂല്യ ശേഖരം
ഗാന്ധിജി, നെഹ്രു, ഇന്ദിര, ടാഗോർ, രാജാജി, അഗാഖാൻ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും മറ്റനേകം ശ്രവ്യകലാരൂപ ങ്ങളും സണ്ണിയുടെ ആർകൈവിലെ റിക്കാർഡുകളിൽ ഉറങ്ങുന്നു. ഒരു ലക്ഷത്തോളം റിക്കാർഡുകൾ ഉണ്ട് സണ്ണിയുടെ ശേഖരത്തിൽ. ഇവയിൽ മിക്കതും അരക്കിൽ നിർമ്മിച്ച റിക്കാർഡുകളാണ്. മലയാളത്തിലെ ആദ്യകാല ഗായകരായ നാരായണി അമ്മാളിന്റെയും (1911 ലെ) പ്രമുഖ ഹാസ്യ മാപ്പിളപ്പാട്ടു ഗായകനായിരുന്ന ഗുൽമുഹമ്മദിന്റെയും റിക്കാർഡുകളും ആദ്യകാല (1905 മുതൽ) തെക്കെ ഇന്ത്യൻ ഗായകരായ കോയമ്പത്തൂർ തായി, ഷണ്മുഖ വടിവു, നാഗരത്‌നം, അമ്മക്കണ്ണ്, ഗോദാവരി തുടങ്ങി അനേകം ഗായകരുടെയും വീണ ഷണ്മുഖ വടിവു, മകളും വിശ്വപ്രസിദ്ധയുമായ എം.എസ്. സുബ്ബലക്ഷ്മി, കെ. എൽ. സൈഗാൾ തുടങ്ങി അനേകം ഗായകരുടെ ഗാനങ്ങൾ ആർക്കൈവിൽ സൂക്ഷിച്ചിട്ടുണ്ട്. ഗവേഷണത്തിനെത്തുന്നവർക്ക് താമസസൗകര്യവും മ്യൂസിയത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഗ്രാമഫോൺ ചരിത്ര താളുകളിൽ
19ാം നൂറ്റാണ്ടിലാണ് യൂറോപ്പിലെയും അമേരിക്കയിലെയും ഗവേഷകരുടെ ശ്രമഫലമായാണ് ശബ്ദം ആലേഖനം ചെയ്യുന്ന വിദ്യ കണ്ടുപിടിച്ചത്. എഡിസൺ കുഴലിൽ ചുറ്റിയ ഈയക്കടലാസിലും (ഫോണോ ഗ്രാഫ്) ടെയിന്റർ മെഴുകുകുഴലിലും (ഗ്രാമഫോൺ) റിക്കാർഡിംഗ് സംവിധാനം കണ്ടുപിടിച്ചു. ഇവയിൽ ഏറ്റവും സൗകര്യപ്രദമായ എമിൽ ബർലിനറുടെ 'ഗ്രാമഫോൺ' പ്രചാരം നേടുകയും ചെയ്തു. എന്നാൽ 1990കളിൽ എത്തിയ ഓഡിയോ ടേപ്പും പിന്നാലെ എത്തിയ സിഡിയും ഗ്രാമഫോൺ കാലഘട്ടത്തിന്റെ അന്ത്യം കുറിച്ചു. പക്ഷേ കഴിഞ്ഞ തലമുറയിലെ ശാസ്ത്രജ്ഞന്മാരെയും സംഗീതജ്ഞരെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ സണ്ണിയുടെ ഈ ഗ്രാമഫോൺ മ്യൂസിയം ഏറെ ഉപകാരപ്രദമാണ്.
പഴമയുടെ സുഗന്ധം പേറി
മലയാളം റിക്കാർഡുകളിൽ 1911ൽ തയ്യാറാക്കിയ നാരായണിയമ്മാളുടെ ഗാനങ്ങളാണ് ഇവിടെ ഏറ്റവും പഴയത്. സിനിമാ ശബ്ദരേഖ, പ്രമുഖരുടെ പ്രസംഗങ്ങൾ, എന്നിങ്ങനെ ഗവേഷകർക്ക് അറിവ് പകരുന്ന പലതും മ്യൂസിയത്തിലെ ഈടുവെയ്പുകളാണ്. ഗോഹർജാൻ, എം.എസ്.സുബ്ബലക്ഷ്മി, സൈഗാൾ, സുബ്ബയ്യ ഭാഗവതർ, എ.സുന്ദരം, ടി.എസ്.രംഗമ്മാൾ തുടങ്ങിയവരുടെ പാട്ടുകളിൽ മിക്കവയും ഇവിടെ ഉണ്ട്. ഹിന്ദിയിൽ പഴയത് പ്രശസ്ത ഗായിക ഗോഹർജാൻ 1902 ൽ പാടിയ പാട്ടുകളാണ്. പി.ജെ. ചെറിയാന്റെ പ്രശസ്തമായ യേശുനാടകം, മഗ്ദലന മറിയം, സെന്റ് ജോൺ ദി ബാ്ര്രപിസ്റ്റ്, ഗീവർഗീസ് തുടങ്ങിയ നാടക റിക്കാർഡുകൾ സംഗീതനാടകങ്ങളെപ്പറ്റി പഠിക്കുന്നവർക്ക് അമൂല്യമാണ്.
ചെറുത് മുതൽ വലുത് വരെ
നൂറു വർഷത്തിൽ കൂടുതൽ പഴക്കമുളള ഗ്രാമഫോണുകളും അവസാനമായി ഇറങ്ങിയ ഗ്രാമഫോൺ മോഡലും ഇന്നു സണ്ണി മാത്യുവിന്റെ ശേഖരത്തിലുണ്ട്. സണ്ണിയുടെ ശേഖരത്തിലെ ഏറ്റവും ചെറിയ റിക്കാർഡ് അഞ്ചിഞ്ച് വ്യാസമുള്ളതാണ്. പതിനാറ് ഇഞ്ചുവരെയുള്ളവയും ഇക്കൂട്ടത്തിലുണ്ട്. ആദ്യത്തെ റിക്കാർഡുകൾ വിനൈൽ കൊണ്ടുള്ളതാണ്. പിന്നീട് അലുമിനിയത്തിലും അരക്കിലും പ്ലാസ്റ്റിക്കിലും പാട്ടുകൾ എക്കാലത്തേയ്ക്കുമായി ആലേഖനം ചെയ്യപ്പെട്ടു. എമിൽ ബർലിനറുടെ കമ്പനി 1898ൽ ഇറക്കിയ ഏഴിഞ്ച് വലിപ്പമുള്ള റിക്കാർഡാണ് മ്യൂസിയത്തിലെ ഏറ്റവും പഴക്കമുള്ളത്. സിംഫോണിയത്തിനു പുമേ തുകൽ ഉപയോഗിച്ചു നിർമിച്ച ചെറിയ ജിപ്‌സി ഫോൺ, സ്യൂട്ട്‌കേസുപോലെ അടച്ചുവയ്ക്കാവുന്ന ഡെക്കാഫോൺ, പെൻസിൽ ബോക്‌സിന്റെ വലുപ്പമുള്ള ഗ്രാമഫോൺ, റേഡിയോ ഗ്രാമഫോൺ എന്നിങ്ങനെ 1870കളിൽ ഗ്രാമഫോൺ നിർമിച്ചു തുടങ്ങിയ കാലം മുതൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ പുറത്തിറങ്ങിയ പല മോഡൽ ഗ്രാമഫോണുകളും സണ്ണിയുടെ അപൂർവ ശേഖരത്തിലെ വിലപ്പെട്ട നിധികളാണ്.
ചരിത്രമുറങ്ങുന്ന റിക്കാർഡുകൾ
ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്, ആദ്യ പാർലമെന്റ് പ്രസംഗത്തിന്റെ പേപ്പർ റിക്കാർഡ്, മഹാത്മാഗാന്ധി ഇന്ത്യയിലും വിദേശത്തുമായി നടത്തിയ പ്രസംഗങ്ങൾ, വെടിയേറ്റു മരിക്കുന്നതിനു മുമ്പു ചെങ്കോട്ടയിൽ ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗം, വന്ദേമാതരത്തിന്റെ ആദ്യകാല എഡിഷൻ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗം, ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിന്റെയും മഹാകവി ടാഗോറിന്റെയും ഉൾപ്പെടെ നിരവധി മഹാരഥൻമാരുടെ ശബ്ദങ്ങൾ ഇങ്ങനെ ചരിത്രമുറങ്ങുന്ന ഒരു മായാലോകമാണ് സണ്ണിയുടെ വീട്. ഇടയ്ക്ക് ഇവ കേട്ട് ചാരുകസേരയിലിരിക്കുമ്പോൾ അറിയാതെ അക്കാലത്തെ ഓർമ്മകളിലേയ്ക്ക് വഴുതി വീഴുമെന്ന് സണ്ണി പറയുന്നു.
സംഗീതം തേടിയുള്ള യാത്ര
ഗ്രാമഫോണുകളും റിക്കാർഡുകളും തേടി സണ്ണി മാത്യു യാത്ര ചെയ്യാത്ത സ്ഥലങ്ങളില്ല. ഗ്രാമഫോൺ സംഗീതം എവിടെ നിന്ന് കേട്ടാലും സണ്ണിയുടെ മനം തുടിക്കും. തുടർന്ന് ആ പാട്ടിന്റെ പിന്നാലെയാകും യാത്ര. അതു സ്വന്തമാക്കിയേ മടങ്ങൂ. മുംബൈയിലെ ചോർ ബസാറിലും കൊൽക്കത്തയിലും മംഗലാപുരത്തുമൊക്കെ റിക്കാർഡുകൾ തേടി അലഞ്ഞ കഥകൾ പറയുമ്പോൾ സണ്ണിയുടെ കണ്ണുകൾ തിളങ്ങും. സംഗീതത്തെ അത്രയേറെ സ്‌നേഹിക്കുന്ന ഇദ്ദേഹം ജോലിക്കിടയിൽ കിട്ടുന്ന ഇടവേളകളിലാണ് യാത്രകൾ നടത്തിയിരുന്നത്. ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ചതിനാൽ യാത്ര ചെയ്യാൻ മറ്റു തടസ്സങ്ങളൊന്നുമില്ല. ഈ യാത്രാവേളകളിൽ തന്നെപ്പോലെ ഗ്രാമഫോൺ പാട്ടുകളെ സ്‌നേഹിക്കുകയും റിക്കാർഡുകൾ ശേഖരിക്കുകയും ചെയ്യുന്ന പലരെയും സണ്ണി കണ്ടുമുട്ടിയിട്ടുണ്ട്. അവരുമായി സംഗീതത്തിന്റെ സിംഫണികൾ പല തവണ പങ്കുവച്ചിട്ടുമുണ്ട്. കോഴിക്കോടുകാരൻ ഷാഫി, അബ്ദുൽ സലാം, പാലക്കാടുകാരൻ മന്നാടിയാർ തുടങ്ങിയവരൊക്കെ ഗ്രാമഫോൺ തേടിയുള്ള യാത്രയിൽ സണ്ണിയ്ക്ക് കിട്ടിയ കൂട്ടുകാരാണ്.
ഗ്രാമഫോൺ മ്യൂസിയം
വനം വികസന കോർപറേഷനിലെ ജോലിയിൽ നിന്ന് വിരമിച്ചതോടെയാണ് ഗ്രാമഫോണുകളുടെ ഒരു മ്യൂസിയം എന്ന സണ്ണിയുടെ സ്വപ്നം യാഥാർത്ഥ്യമായത്. ഇതിനു മുമ്പ് ഇത്തരത്തിലൊരു മ്യൂസിയമുള്ളത് ഇൻഡോറിലെ ലതാ മങ്കേഷ്‌ക്കർ റിക്കാർഡ് ലൈബ്രറിയും ആസാമിലെയും കൽക്കട്ടയിലെയും പ്രാദേശികശേഖരങ്ങളുമാണ്. ഇന്ത്യയിൽ പല സ്വകാര്യശേഖരങ്ങൾ ഉണ്ടെങ്കിലും ജനങ്ങൾക്കു പ്രവേശനമുള്ളവയല്ല. എന്നാൽ ഗ്രാമഫോൺ സ്‌നേഹികൾക്കും ഗ്രാമഫോണിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കുമായി തന്റെ മ്യൂസിയത്തിന്റെ വാതിലുകൾ സണ്ണി എന്നും തുറന്നിടുകയാണ്.
കാറിനോടും കമ്പം
ഡിസ്‌ക് ആൻഡ് മെഷീൻ സണ്ണീസ് ഗ്രാമഫോൺ മ്യൂസിയത്തിലെത്തുന്ന കാഴ്ച്ചക്കാർക്ക് ഗ്രാമഫോണുകൾ മാത്രമല്ല മറ്റു വിസ്മയക്കാഴ്ച്ചകളും കാണാം. ഓസ്റ്റിൻ 33, മോറീസ് 51, ഫിയറ്റ് 56, ഫിയറ്റ് 62 തുടങ്ങിയ വിന്റേജ് കാറുകളുടെ വലിയ ശേഖരമാണ് ഇവയിൽ ഏറെ ആകർഷിക്കുന്ന മറ്റൊരു ഘടകം. ഗ്രാമഫോണുകളുടെയും ഡിസ്‌കുകളുടെയും ശേഖരത്തിനൊപ്പം ഗ്രാമഫോൺ ചരിത്ര ഗവേഷണം, പ്രഭാഷണങ്ങൾ, ഗ്രന്ഥരചന തുടങ്ങിയവയിലും സണ്ണി മാത്യു വ്യാപൃതനാണ്.
പ്രതിഫലം ഇച്ഛിക്കാതെ തന്റെ സമ്പാദ്യം മുഴുവൻ ചെലവഴിച്ചാണ് സണ്ണി ഗ്രാമഫോൺ മ്യൂസിയം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചത്. മലയാളത്തിൽ ഗ്രാമഫോൺ സംബന്ധമായ പുസ്തകത്തിന്റെ ശൂന്യതയ്ക്ക് പരിഹാരമുണ്ടാക്കുകയാണ് സണ്ണിയുടെ അടുത്ത ലക്ഷ്യം. മൂന്നുവർഷം മുമ്പ് ഒരു ജർമ്മൻ ഗ്രാമഫോൺ കമ്പനിയെപ്പറ്റി നടത്തിയ ഗവേഷണ റിപ്പോർട്ട് വിയന്നയിൽ അടുത്തനാളിൽ പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്തിനു തന്നെ മുതൽക്കൂട്ടായ ഈ മ്യൂസിയത്തിന്റെയും ആർക്കൈവിന്റെയും സ്ഥാപനത്തിൽ സണ്ണിയുടെ ഭാര്യ ജോസിയയ്ക്കും ഏക മകൻ മാത്യൂസിനുമൊപ്പം സഹോദരന്മാരുടെ പിന്തുണയും ലഭിക്കുന്നുണ്ട്.
കെ.ജി. രഞ്ജിത്ത്