14 February, 2016 01:25:57 AM


ഭൂമിക്കൊരു ചരമഗീതമെഴുതി കവി വിട വാങ്ങി !


തലമുറയെ മാറ്റി മറിക്കുന്ന പാട്ടുകള്‍ ചരിത്രത്തിന്റെ ഭാഗമാകുന്ന കാഴ്ചകൾ കണ്ടവരാണ് മലയാളികൾ. അതവരുടെ ആത്മാവില്‍ വിടർത്തിയ വസന്തങ്ങൾക്കു  കണക്കില്ല. 'ആ മലർപ്പൊയ്കയിൽ'  തുടങ്ങി അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിലെ പാട്ടുകളിലൂടെ നമ്മുടെ  മധുരിക്കും ഒര്‍മ്മകളെ മലർമഞ്ചലേറ്റിയ കവിയാണ്‌ ഓർമ്മയായി മാറിയിരിക്കുന്നത്. കാലഘട്ടത്തിന്റെ കലവറകൾ കാവ്യങ്ങളെ കൊണ്ടു നിറച്ച  കവികളിൽ ഒരാളായിരുന്നു ഒ എൻ വി.

കേരളത്തിലുടനീളം അലയടിച്ച 'പൊന്നരിവാളമ്പിളിയില്‍' മുതലായ നാടകഗാനങ്ങൾ  മലയാളികൾക്ക് കാലഘട്ടത്തിന്‍െറ വികാരമായിരുന്നു  സമ്മാനിച്ചത്‌.

വയലാറും പി.ഭാസ്കരനും ഒ എൻ വിയും ചുവപ്പിന്റെ ദശകത്തിലെ കവിത്രയമാണ്. മലയാള ചലച്ചിത്ര ഗാന രംഗത്തും അവർ ആ സ്ഥാനം അലങ്കരിക്കുന്നു. ഒ എൻ വിയുടെ ഗാനങ്ങളെ കൂടുതൽ അറിഞ്ഞത് വയലാറിന്‍െറയും ഭാസ്കരന്‍െറയും തലമുറയില്‍പ്പെട്ടവരെക്കാൾ തൊട്ടടുത്ത തലമുറക്കാരായിരിക്കും. ഒരേ കാലഘട്ടത്തിൽ ജനിച്ചവരാണെങ്കിലും വയലാറിന്‍െറ മരണശേഷവും ഭാസ്കരൻ മാഷ്  സജീവമല്ലാതാവുകയും ചെയ്ത കാലത്താണ് ഒ എൻ വി സജീവമായത്. നല്ല ഗാനങ്ങൾ കുറവായിരുന്ന കാലത്ത്  അധ്യാപനത്തിന്‍െറ തിരക്കിനിടയിലും ഒ എൻ വി നിരവധി നല്ല ഗാനങ്ങൾ  മലയാളത്തിനു  തന്നു.

നാടകഗാനശാഖയിൽ ഒ എൻ വി അക്കാലത്ത് മുന്നിൽ തന്നെയായിരുന്നു. സിനിമയിൽ ഗാനങ്ങളെഴുതിയിരുന്നെങ്കിലും സജീവമാകാൻ കഴിയാതിരുന്നത് അധ്യാപകനായ അദ്ദേഹത്തിന് അന്നത്തെ നിയമപ്രകാരം സിനിമയിൽ  പാട്ടെഴുതാൻ  കഴിയുമായിരുന്നില്ല എന്നതിനാലാണ്. അതിനാൽ ബാലമുരളി എന്ന തൂലികാ നാമത്തിലായിരുന്നു പാട്ടെഴുത്ത്. എന്തിനീ ചിലങ്കകൾ, മാണിക്യവീണയുമായെൻ മനസ്സിന്‍െറ താമരപൂവിലുണർന്നവളേ, വാർതിങ്കൾ തോണിയേറി  തുടങ്ങി ധാരാളം  ഗാനങ്ങൾ.

എണ്‍പതുകളോടെ അദ്ദേഹം സിനിമയിൽ സജീവമായി. അക്കാലത്തു സിനിമയുടെ രൂപവും ഭാവവും മാറി. കാലാനുസൃതമായ വ്യത്യാസം സംഗീതത്തിലുമുണ്ടായി. പാശ്ചാത്യ സിനിമാ, സംഗീത ശൈലികൾ മലയാള സിനിമ സ്വീകരിച്ചു. അത്തരം സംഗീതവും മറ്റും ചില വികലഗാനങ്ങൾക്കു കാരണമായി. സംഗീത പ്രേമികൾ നിരാശരായി.ദേവരാജനെപ്പോലെയുള്ള പ്രതിഭകൾക്കു പകരം ചെറുപ്പക്കാർ സജീവമായി. ചിട്ടപ്പെടുത്തിയ ഈണത്തിനനുസരിച്ചു ഗാനമെഴുതുന്ന  രീതി വന്നു.

പഴയ തലമുറ ഈ വ്യതിയാനത്തെ കുറ്റപ്പെടുത്തി. പുതിയ തലമുറ പുത്തൻ പാട്ടുകളിൽ  അഭിരമിച്ചു. എന്നാൽ കലാമൂല്യമുള്ള ചിത്രങ്ങളെടുക്കുന്നവർ  ഒ എൻ വിയെ വിളിച്ചു.
അമ്പിളിയമ്മാവാ.... പോലുള്ള ഗാനങ്ങൾ ഇന്നത്തെ കാലത്തിനു അനുയോജ്യമല്ല എന്ന് തിരിച്ചറിയാന്‍ ഒ എൻ വിക്ക് കഴിഞ്ഞു. കവിയെന്ന നിലയിൽ സംഗീതം നൽകിയശേഷം പാട്ടെഴുതുന്നതിനോട് യോജിക്കാൻ  അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാൽ അക്കാര്യത്തില്‍ അദ്ദേഹം ശാട്യംപിടിച്ചില്ല.  ഒ എൻ വിയുമൊത്താണ് സലിൽ ചൗധരി  മലയാളത്തിൽ ഏറ്റവുംകൂടുതൽ  പാട്ടുകൾ ചെയ്തത്. എന്നാൽ  പലഗാനങ്ങളും  ഈണമിട്ടു എഴുതിയതാണ്  എന്ന് നമുക്ക്  വിശ്വസിക്കാനാവില്ല. അത്ര കാവ്യാത്മകമാണ് ആ ഗാനങ്ങൾ .  

കെ.ജി.ജോർജ്ജ് സിനിമയിൽ സജീവമായപ്പോൾ അദ്ദേഹത്തിന്‍െറ മിക്ക സിനിമകൾക്കും പാട്ടെഴുതിയത് ഒ എൻ വിയായിരുന്നു. എം.ബി ശ്രീനിവാസൻ സംഗീതസംവിധാനം നിര്‍വഹിച്ച ഉൾക്കടൽ, യവനിക എന്നീ സിനിമകളിലെ ഗാനങ്ങൾ  ഒന്നാന്തരമായിരുന്നു. ഒ എൻ വി - എം ബി എസ്  കൂട്ടുകെട്ട്  ഒരുക്കിയ ശരദിന്ദുമലർ ദീപനാളം, ചെമ്പകപുഷ്പസുവാസിതയാമം, മിഴികളിൽ  നിറകതിരായി, നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ തുടങ്ങിയ  ഗാനങ്ങൾ ഉലച്ചുകളഞ്ഞത്  പ്രണയവും പ്രണയഭംഗവുമുള്ള നിരവധി മനസ്സുകളെയാണ്.

കരിയിലക്കാറ്റുപോലെ, നമുക്ക് പാർക്കാൻ  മുന്തിരിത്തോപ്പുകൾ, പറന്നു പറന്ന് പറന്ന്,  മിന്നാമിനുങ്ങിന്‍െറ നുറുങ്ങുവെട്ടം, വൈശാലി, കാതോട് കാതോരം, നഖക്ഷതങ്ങൾ, പഞ്ചാഗ്നി, ആരണ്യകം, കേരളവർമ്മ പഴശ്ശിരാജ തുടങ്ങിയ സിനിമകളിലൊക്കെ ഒ എൻ വി എഴുതിയ പാട്ടുകൾ  വ്യത്യസ്തമായ കാവ്യലോകം തന്നെ സൃഷ്ടിച്ചവയാണ്. ചില്ലിലെ 'ഒരുവട്ടംകൂടി' ഒ എൻ വിയുടെ കവിതയിൽ നിന്നെടുത്ത ഒരു ഭാഗമായിരുന്നു. ഗൃഹാതുരത്വത്തോടെയാണ് മലയാളികൾ ആ ഗാനം ആസ്വദിക്കുന്നത്. അതിലെ 'ചൈത്രം ചായം ചാലിച്ചു' എന്ന  പ്രണയഗാനം എത്രയോ മനസ്സുകളിൽ  അനുഭൂതികളുടെ കളമെഴുതി ! നീൾ മിഴിപ്പീലിയിൽ, അരികിൽ  നീയുണ്ടായിരുന്നെങ്കിൽ, മെല്ലെ മെല്ലെ മുഖപടം, ഒരു ദളം മാത്രം, നീയെൻ സർഗസൗന്ദര്യമേ, ആത്മാവിൽ മുട്ടിവിളിച്ചതുപോലെ.. ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ  .. ഇങ്ങനെ ആയിരക്കണക്കിനു  ഗാനങ്ങൾ നമുക്കു നൽകി ഭൂമിക്കൊരു ചരമഗീതമെഴുതിയ കവി ചരമടഞ്ഞിരിക്കുന്നു. എന്നാൽ ആ മരണമില്ലാത്ത ഗാനങ്ങളിലൂടെ അദ്ദേഹം നമുക്കിടയിൽ എന്നെന്നും ജീവിച്ചിരിക്കുകതന്നെ ചെയ്യും.


ഹരിയേറ്റുമാനൂര്





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K