05 March, 2017 06:09:16 PM
ഗായത്രിവീണ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോഡിലേക്ക്
കൊച്ചി: ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഗിന്നസ് റെക്കോഡ്. തുടര്‍ച്ചയായി അഞ്ചു മണിക്കൂറിലേറെ ഗായത്രിവീണക്കച്ചേരി നടത്തിയാണ് റെക്കോഡിട്ടത്. ഗായത്രിവീണയില്‍ 51 ഗാനങ്ങള്‍ ഏറ്റവും കുറഞ്ഞസമയത്തില്‍ വായിച്ചാണ് ലോക റെക്കോഡ് പ്രകടനം. 61 ഗാനങ്ങള്‍ എന്ന ലക്ഷ്യം മറികടന്ന വിജയലക്ഷ്മി കുറഞ്ഞ സമയത്തിനുള്ളില്‍ 67 ഗാനങ്ങളാണ് ഗായത്രിവീണ കച്ചേരിയില്‍ വായിച്ചത്.
നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നതിന്റെ ദുഃഖത്തിനിടയിലാണ് ഈ അപൂര്‍വ്വ നേട്ടം വിജയലക്ഷ്മിയെ തേടിയെത്തിയത്. കൊച്ചിയില്‍ ഹോട്ടല്‍ സരോവരത്തില്‍ നടന്ന കച്ചേരിയില്‍ രാവിലെ 10 മുതല്‍ ഒന്നുവരെ ശാസ്ത്രീയ സംഗീതവും ഒന്നുമുതല്‍ മൂന്നുവരെ വിവിധ ഭാഷാ ചലച്ചിത്രഗാനങ്ങളും അവതരിപ്പിച്ചു.
ആശംസയുമായി ഒട്ടേറെപ്പേര്‍ ഇവിടെയെത്തി. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ മൃദംഗത്തില്‍ വൈക്കം വിജയലക്ഷ്മിയെ കച്ചേരിയില്‍ അനുഗമിച്ചു. സിപിഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ളവരും അഭിനന്ദനവുമായി എത്തി. കഴിഞ്ഞകുറേ നാളുകളായി ഒറ്റക്കമ്പിയിലുള്ള വീണമീട്ടി ഈ നേട്ടം കൈവരിക്കാന്‍ വിജയലക്ഷ്മി ശ്രമിച്ചുവരികയായിരുന്നു.