20 March, 2016 07:59:29 PM


പാരഡിഗാനങ്ങളുടെ ഉസ്താദിന് തന്‍റെ പാട്ടുകള്‍ പോലും തിരിച്ചറിയാനാവുന്നില്ല



ഹാസ്യ കഥാപ്രസംഗത്തിന് പുതിയ മാനം കണ്ടെത്തിയ  പാരഡിഗാനങ്ങളുടെ ഉസ്താദ് വി ഡി രാജപ്പന്‍ ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. തന്‍റെ വേറിട്ട ശബ്ദം കൊണ്ട് മലയാളികളെ കയ്യിലെടുത്ത വേലിക്കുഴിയില്‍ ദേവദാസ് രാജപ്പനെന്ന ഈ അനുഗൃഹീത  കലാകാരന്‍ കഴിഞ്ഞ ആറ് വര്‍ഷത്തിലധികമായി തന്‍റെ വീടിന് പുറത്തിറങ്ങാനാവാതെ കഴിയുകയാണ്. അതും താന്‍ പാടിയ പാട്ടുകള്‍ പോലും തിരിച്ചറിയാനാവാതെ. ഏറ്റുമാനൂരിനടുത്ത് പേരൂരിലെ വീട്ടില്‍  രാജപ്പന്‍റെ എല്ലാ കാര്യങ്ങളും നോക്കി എപ്പോഴും കൂടെയുള്ള ഭാര്യ സുലോചന തന്നെയാണ് രാജപ്പന് വേണ്ടി സംസാരിക്കുന്നതും. 


മനുഷ്യര്‍ മാത്രം കഥാപാത്രങ്ങളായി നിറഞ്ഞുനിന്ന കഥാപ്രസംഗവേദിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു 1973-74 കാലഘട്ടത്തില്‍ രാജപ്പനെന്ന ചെറുപ്പക്കാരന്റെ വരവ്. പക്ഷികളെയും മൃഗങ്ങളെയും വാഹനങ്ങളെയും കഥാപാത്രങ്ങളാക്കിയുള്ള രാജപ്പന്‍റെ ഹാസ്യ കഥാപ്രസംഗം ഉത്സവപറമ്പുകള്‍ ജനസമുദ്രങ്ങളാക്കിയത് വളരെ പെട്ടെന്നായിരുന്നു. ചികയുന്ന സുന്ദരിയില്‍ തുടങ്ങി കുമാരി എരുമ, കറുത്ത മണവാട്ടി, പ്രീയേ നിന്‍റെ കുര, മാക് മാക് ഇങ്ങനെ നീളുന്നു രാജപ്പന്‍ പക്ഷി മൃഗാദികളെ കഥാപാത്രങ്ങളാക്കിയ കഥാപ്രസംഗങ്ങള്. ഓണത്തിനെങ്ങിനെയെത്തും, മാവേലി കണ്ട കേരളം എന്നിങ്ങനെ ഒാണവുമായി ബന്ധപ്പെട്ട് രാജപ്പന്‍ പുറത്തിറക്കിയ  കാസറ്റുകളുടെ ചുവടുപിടിച്ച് ഒട്ടേറെ പേര്‍ മലയാളമണ്ണില്‍ ഓണക്കാസറ്റുകള്‍ വിപണിയിലിറക്കി. ആറായിരത്തിലധികം വരുന്ന വേദികളില്‍ തന്‍റെ പാരഡി കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ച രാജപ്പന്‍റെ അഭ്രപാളികളിലേക്കുള്ള വരവും ഹാസ്യത്തിന് പുതിയ ഉണര്‍വ്വ് പകര്‍ന്നുകൊണ്ടായിരുന്നു. സീരിയലുകളിലൂടെ മുഖം കാണിച്ചു തുടങ്ങിയ  അദ്ദേഹം 81 സിനിമകളില്‍ അഭിനയിച്ചു.




കോട്ടയം ജില്ലാ ആശുപത്രിയില്‍ നിന്ന് ഹെഡ്‌നഴ്‌സായി റിട്ടയര്‍ ചെയ്ത സുലോമി എന്ന് രാജപ്പന്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ഭാര്യ സുലോചനയ്ക്ക് ഒട്ടേറെ പറയാനുണ്ട് ഇദ്ദേഹത്തിന്‍രെ അസുഖത്തെപറ്റി.  മദ്യപാനത്തിനടിമയായി മാറിയതാണത്രേ ഈ അതുല്യപ്രതിഭയുടെ ജീവിതത്തിന്‍രെ താളം തെറ്റിച്ചത്. ആയ കാലത്ത് ഒരു ദിവസത്തെ പ്രോഗ്രാമിന് കിട്ടുന്നത് 1000 രൂപയൊക്കെയാണ്. പക്ഷെ കൂട്ടുകൂടിയുള്ള മദ്യപാനം കഴിഞ്ഞാല്‍ വീട്ടില്‍ ഒന്നും കൊണ്ടുവരാനില്ലായിരുന്നു. ഒട്ടേറെ കൂട്ടുകാരുമുണ്ടായിരുന്നു.  അസുഖമായി കിടപ്പായതോടെ താരസംഘടനയായ അമ്മ എല്ലാ മാസവും 5000 രൂപാ വീതം നല്‍കും. ഇരുവര്‍ക്കും പെന്‍ഷന്‍ ഉള്ളതിനാല്‍ കുഴപ്പമില്ലാതെ പോകുന്നു. കുറെ കടങ്ങളുള്ളത് ഖത്തറിലും എം.ജി.യൂണിവേഴ്സിറ്റിയിലും ജോലി ചെയ്യുന്ന മക്കള്‍ വീട്ടികൊണ്ടിരിക്കുകയാണ്. 


ഏഴ് വര്‍ഷം മുമ്പ് ദോഹയില്‍ പ്രോഗ്രാമിനു പോയതോടെയാണ് രാജപ്പന്‍രെ ശനിദശ ആരംഭിച്ചത്. ഒരു വേദി കഴിഞ്ഞപ്പോള്‍ ചെസ്റ്റ് ഇന്‍ഫക്ഷന്‍ വന്നു.  പരിപാടികളൊക്കെ റദ്ദാക്കി അവിടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.  ഒരാഴ്ചയ്ക്ക് ശേഷം നാട്ടിലെത്തി ചികിത്സ തുടര്‍ന്നു. അപ്പോഴാണ് തലവേദനയും പ്രമേഹവും ബിപിയും പിടിപെട്ടത്. കുറച്ചുദൂരം നടന്നാലോ കാലു തൂക്കിയിട്ടാലോ നീരുവരും. പിന്നീട് കാലനക്കാന്‍ പറ്റില്ല. അതോടെ പ്രോഗ്രാമുകള്‍ക്കു പോകാന്‍ കഴിയാതെയായി. ഇതിനിടെ പിടിപെട്ട നടുവേദനയ്ക്ക് ചികിത്സ തേടി വയനാട്ടിലും തേനിയിലുമൊക്കെയെത്തി. ഇടക്ക് കോട്ടയം വയസ്കര കുന്നിലെ ഗവ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജപ്പന്‍ ചികിത്സ പൂര്‍ത്തിയാക്കാതെ ആശുപത്രിയില്‍ നിന്നും ഇറങ്ങിപോന്നു.  കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും രോഗം മൂര്‍ഛിച്ചു. അതോടെ ഓര്‍മ്മയും പോയി. തീരെ കിടപ്പിലായി. 


ആ സമയത്താണ് വി.ഡി.രാജപ്പന്‍ മരണത്തോടു മല്ലടിക്കുകയാണെന്ന പ്രചാരണത്തോടെ ഇന്റര്‍നെറ്റിലും ചാനലിലുമൊക്കെ വാര്‍ത്ത വന്നത്.  കോട്ടയത്തെ ഒരു ലോഡ്ജില്‍ ആരും നോക്കാനില്ലാതെ കിടക്കുകയാണ് എന്നായിരുന്നു മറ്റൊരു വാര്‍ത്ത. സമൂഹ മാധ്യമങ്ങളിലും തെറ്റായ വാര്‍ത്തകള്‍ ഏറെ പ്രചരിച്ചു. മരുന്ന് കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെങ്കിലും കുടമാളൂര്‍ കിംസ് ആശുപത്രിയിലെ ചികിത്സയിലാണിപ്പോള്‍. ഇപ്പോഴും മദ്യത്തിന് വേണ്ടി വഴക്കുണ്ടാക്കും.   മദ്യമാണെന്ന് പറഞ്ഞ് ചുവന്ന കളറിലുള്ള ടോണിക് കൊടുക്കുന്നതോടെ സമാധാനമാവും.  പഴയ സുഹൃത്തുക്കളും നടന്മാരും കാണാന്‍ എത്താറുണ്ടെങ്കിലും ആരെയും തിരിച്ചറിയുന്നില്ല. രാജപ്പന്‍ പാടിയ പാട്ടുകള്‍ പാടിയ പാട്ടുകള്‍ കേള്‍പ്പിച്ചാല്‍ ഇതാരാ പാടിയതെന്നാവും ചോദ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K