05 July, 2026 07:38:00 PM


നാൽ‌പത് വർഷത്തിന് ശേഷം കൊലക്കേസ് പ്രതി പിടിയിൽ‌



കൊല്ലം നാൽ‌പതു വർഷം മുൻ‌പ് സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ കൊല്ലം പൂയപ്പള്ളി പോലീസ് അതിസാഹസികമായി പിടികൂടി. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ വേലായുധൻ പിള്ളയുടെ മകൻ മോഹനൻ പിള്ളയാണ് (64) പിടിയിലായത്. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശിയായ ചന്ദ്രശേഖരൻ പിള്ളയെ കൊലപ്പെടുത്തിയ കേസിലാണ് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഈ അറസ്റ്റ്.

1987 ജനുവരി 11ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ചന്ദ്രശേഖരൻ പിള്ള മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയായ മോഹനൻ പിള്ള വെട്ടുകത്തികൊണ്ട് ചന്ദ്രശേഖരൻ പിള്ളയുടെ കഴുത്തിൽ മൂന്നോളം തവണ ആഴത്തിൽ വെട്ടി പരിക്കേൽപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാൾ നാട്ടിൽ നിന്നും മുങ്ങിയത്. കൃത്യം നടക്കുമ്പോൾ പ്രതിക്ക് 25 വയസ്സ് മാത്രമായിരുന്നു പ്രായം.

നാടുവിട്ട പ്രതി ആദ്യം തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. പിന്നീട് ഇവിടെനിന്നും കോട്ടയം കല്ലറ എന്ന സ്ഥലത്ത് തോട്ടം പണിക്കായി എത്തിപ്പെട്ടു. അവിടെവെച്ച് തന്റെ ഭൂതകാലം പൂർണമായും മറച്ചുവെച്ച ഇയാൾ, കേശവന്റെ മകൻ രാജൻ എന്ന വ്യാജ പേര് സ്വീകരിച്ചു. കല്ലറ കാലയിൽ വീട്ടിൽ അവിടെയൊരു സ്ത്രീയെ വിവാഹം കഴിക്കുകയും കുടുംബമായി താമസിക്കുകയുമായിരുന്നു. ഇയാൾക്ക് രണ്ട് മക്കളുമുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949