09 January, 2026 08:49:44 PM
പോറ്റിയെ ശബരിമലയിൽ എത്തിച്ചതും സ്പോൺസറാക്കാൻ സഹായിച്ചതും കണ്ഠരര് രാജീവര്; എസ്ഐടി കണ്ടെത്തൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് എതിരെ എസ്‌ഐടിയുടെ നിര്‍ണായക കണ്ടെത്തൽ. സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സ്‌പോണ്‍സറാക്കി നിയമിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതും കണ്ഠരര് രാജീവരാണെന്ന് എസ്‌ഐടി കണ്ടെത്തി.
പോറ്റിക്ക് ദ്വാരപാലക ശില്‍പത്തിന്റെ പാളിയില്‍ സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കിയത് എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടായിരുന്നു. പോറ്റി നടത്തിയ ഇടപെടലുകള്‍ക്കെല്ലാം തന്ത്രി മൗനാനുവാദം നല്‍കിയിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് പാളികള്‍ കൊണ്ടുപോയതെന്ന് നേരത്തെ തന്നെ കണ്ഠരര് രാജീവര് അറിഞ്ഞിരുന്നു. എന്നിട്ടും പാളികള്‍ കൊണ്ടുപോകുന്നതിനെ എതിര്‍ക്കാന്‍ തന്ത്രി ശ്രമിച്ചില്ലെന്നും എസ്ഐടി കണ്ടെത്തി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു കണ്ഠരര് രാജീവരിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കണ്ഠരര് രാജീവരര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോർഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാറുടെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.







