07 January, 2026 11:31:42 AM
ആലപ്പുഴയില്‍ സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷക്കാരന്‍റെ സഞ്ചിയില്‍ നാലരലക്ഷം രൂപ

ആലപ്പുഴ: സ്‌കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നു മരിച്ച ഭിക്ഷക്കാരന്റെ സഞ്ചികളില്‍നിന്ന് 4,52,207 രൂപ കണ്ടെത്തി. കായംകുളം ചാരുമൂട്ടിലാണ് സംഭവം. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ കഴിഞ്ഞ തിങ്കളാഴ്ച രാത്രി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചിരുന്നു. പിന്നീട് ഇയാളെ നാട്ടുകാര്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പരിക്കുള്ളതിനാല്‍ വിദഗ്ധചികില്‍സ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രാത്രിയോടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയി. അനില്‍ കിഷോര്‍, തൈപ്പറമ്പില്‍, കായംകുളം എന്നാണ് ആശുപത്രിയില്‍ നല്‍കിയ വിലാസം.
ചൊവ്വാഴ്ച രാവിലെയാണ് ചാരുംമൂട് നഗരത്തിലെ കടത്തിണ്ണയില്‍ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. നൂറനാട് പോലിസ് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. പോലിസെത്തി നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്ന കിറ്റില്‍ നിന്നും നാലര ലക്ഷം രൂപ കണ്ടെത്തിയത്. ഭിക്ഷാടകന്‍ എവിടെ നിന്ന് വന്നതാണെന്നോ ഏത് നാട്ടുകാരനാണെന്നോ പേര് എന്താണെന്നോ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
സഞ്ചികള്‍ സ്റ്റേഷനില്‍ കൊണ്ടുവന്നു പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകള്‍ കണ്ടത്. തുടര്‍ന്ന്, പോലിസ് ചാരുംമൂട്ടിലെ പഞ്ചായത്തംഗം ഫിലിപ്പ് ഉമ്മനെ സ്റ്റേഷനിലേക്ക് വരുത്തി. എസ്‌ഐ രാജേന്ദ്രന്‍, എഎസ്‌ഐ രാധാകൃഷ്ണനാചാരി, സിപിഒ മണിലാല്‍ എന്നിവരും പഞ്ചായത്തംഗവും പൊതുപ്രവര്‍ത്തകനായ അരവിന്ദാക്ഷനും ചേര്‍ന്നാണ് നോട്ടുകള്‍ തരംതിരിച്ച് എണ്ണിത്തിട്ടപ്പെടുത്തിയത്. രണ്ടായിരത്തിന്റെ 12 നോട്ടും സൗദി റിയാലും കൂട്ടത്തിലുണ്ടായിരുന്നു. അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലായി നോട്ട് അടുക്കി സെല്ലോടേപ്പ് ഒട്ടിച്ചാണ് സഞ്ചിയില്‍ സൂക്ഷിച്ചിരുന്നത്. ബന്ധുക്കളാരും ഇതുവരെ എത്തിയിട്ടില്ലെന്നും പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാര്‍ പറഞ്ഞു.







