06 May, 2025 06:15:48 PM


പഹൽഗാം ഭീകരാക്രമണം: 3 ദിവസം മുൻപ് മോദിക്ക് ഇന്‍റലിജൻസ് റിപ്പോർട്ട് കിട്ടി- മല്ലികാർജുൻ ഖാർ‌ഗെ



റാഞ്ചി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജമ്മു കശ്മീരിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സംഭവമുണ്ടാകുന്നതിന് 3 ദിവസം മുൻപ് പ്രധാനമന്ത്രിക്ക് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നെന്ന് ഖർഗെ ആരോപിച്ചു. അതനുസരിച്ചാണ് 19ന് നടത്താനിരുന്ന ജമ്മു കശ്മീർ സന്ദർശനം മോദി റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

''ഇത്തരത്തിൽ വിവരം ലഭിച്ചിട്ടും കേന്ദ്ര സർക്കാർ ഒന്നും ചെയ്‌തില്ല. ഇന്റലിജൻസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായില്ലെന്നാണ് മനസ്സിലാകുന്നത്. എന്നാൽ അവരുടെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ എന്തുകൊണ്ടാണ് ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ ഒന്നും ചെയ്യാതിരുന്നത്. കൃത്യമായ നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല, കൂടുതൽ സേനയെ പഹൽഗാമിൽ നിയോഗിക്കാതിരുന്നതിന്റെയും ഒട്ടേറെപ്പേരുടെ ജീവൻ നഷ്ടപ്പെട്ടതിന്റെയും ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ് ''– ഖാർഗെ പറഞ്ഞു. റാഞ്ചിയിൽ സംവിധാൻ ബചാവോ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ ഖാർഗെയുടെ പരാമർശത്തോട് പ്രതികരിച്ച ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി, പാകിസ്ഥാൻ ആഗ്രഹിക്കുന്ന ഒരു കഥ കോൺഗ്രസ് എന്തിനാണ് പ്രചരിപ്പിക്കുന്നതെന്ന് ചോദിച്ചു. അതേസമയം, സംഘർ‌ഷ സാധ്യത നിലനിൽക്കെ രാജ്യത്തുടനീളമുള്ള 244 ജില്ലകളിൽ ബുധനാഴ്ച മോക്ഡ്രിൽ നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K