11 March, 2025 03:38:19 PM
പിസി ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോൺ ജോർജ്

കോട്ടയം: ലവ് ജിഹാദ് പരാമർശത്തിൽ പിസി ജോർജിനെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച് ആയിരിക്കും തുടർനടപടികൾ എടുക്കുക. നിലവിൽ പിസി ജോർജിനെതിരെ മൂന്ന് പരാതികളാണ് ഉള്ളത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിലെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് നിലവിലെ പ്രസംഗമെന്ന് കാണിച്ചു മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലെ പരാതിക്കാരും യൂത്ത് ലീഗ് ആണ്. അതേസമയം, പിസി ജോർജിന് പിന്തുണയുമായി മകനും ബിജെപി നേതാവുമായ ഷോൺ ജോർജ് രംഗത്തെത്തി. പിസി ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.
അഫ്ഗാനോ പാകിസ്ഥാനോ അല്ല, ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും ഇന്ത്യൻ പൗരൻ എന്ന നിലയിൽ എല്ലാവർക്കും ഉണ്ട്. ലൗ ജിഹാദിന്റെ പേരിൽ 400 അല്ല അതിലധികം കണക്കുകളുണ്ട്. ഇത് ബന്ധപ്പെട്ട അധികൃതർ ആവശ്യപ്പെട്ടാൽ കണക്കായി തന്നെ നൽകും. ലൗജിഹാദുമായി ബന്ധപ്പെട്ട 28 ജഡ്ജിമെന്റുകൾ ഉണ്ട്. ഇവിടെ വിവാഹം എന്ന പേരിൽ നടത്തുന്നത് പരിവർത്തനം എന്നതിനാലാണ് പ്രതികരിക്കുന്നത്. ഇതിൻ്റെ കണക്കെടുത്ത് പുറത്ത് നൽകിയാൽ മകളെ നഷ്ടപ്പെട്ട അപമാനത്തിൽ കഴിയുന്ന കുടുംബങ്ങളെ കൂടുതൽ സങ്കടപ്പെടുത്തുന്നതിന് തുല്യമാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.