02 March, 2025 02:19:51 PM


സന്ദര്‍ശക വിസയില്‍ ജോര്‍ദാനിലെത്തി; ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു



തിരുവനന്തപുരം: ജോർദാൻ അതി‍ർത്തിയിലൂടെ ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ​ഗബ്രിയേൽ പെരേരയാണ് ജോർദാൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. എംബസിയിൽ നിന്ന് ഇ മെയിൽ സന്ദേശം വഴി മരണവിവരം കുടുംബത്തെ അറിയിച്ചു. ​ഗബ്രിയേലിന് ഒപ്പമുണ്ടായിരുന്ന മേനംകുളം സ്വദേശി എഡിസനും വെടിയേറ്റു. ഇയാൾ നാട്ടിൽ തിരിച്ചെത്തി.

വിസിറ്റിങ് വിസയിലാണ് ​ഗബ്രിയേലും എഡിസനും ജോർദാനിൽ എത്തിയത്. ഫെബ്രുവരി പത്തിന് അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് രണ്ടുപേർ ഇസ്രായേൽ പട്ടാളത്തിൻ്റെ പിടിയിലായി. ഇവർ ഇസ്രായേലിൽ ജയിലിലാണ്.

വേളാങ്കണ്ണിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഫെബ്രുവരി അഞ്ചിന് ഗബ്രിയേൽ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധു ബീന പറഞ്ഞു. ഫെബ്രുവരി 9ന് വീട്ടിൽ വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ചു. അതിന് ശേഷം വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എംബസിയിൽ നിന്ന് ഇ-മെയിൽ ലഭിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞതെന്നും ബീന വ്യക്തമാക്കി. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് ഗബ്രിയേൽ ഇസ്രായേലിലേക്ക് പോയതെന്നും മൃതദേഹം നാട്ടിലെത്തിക്കണമെന്നും വീട്ടുകാർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K