26 February, 2025 09:47:07 AM
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം; നടി രഞ്ജന നാച്ചിയാർ ബിജെപി വിട്ടു

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് നടിയും തമിഴ്‌നാട് കള്‍ച്ചറല്‍ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു. ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ്‌നാടിനെ സ്ഥിരമായി അവഗണിക്കുകയാണെന്നും ഒരു തമിഴ് വനിത എന്ന നിലയില്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ ആകില്ലെന്നും രഞ്ജന നാച്ചിയാര്‍ പറഞ്ഞു. അതേസമയം നാളെ നടന്‍ വിജയിയുടെ തമിഴക വെട്രി കഴകത്തില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപി വിട്ടാലും തന്റെ പൊതുപ്രവര്‍ത്തനം തുടരുമെന്നും രഞ്ജന നാച്ചിയാര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ദേശീയ വിദ്യാഭ്യാസ നയവും ഹിന്ദി ഭാഷാ വിരുദ്ധ വികാരവുമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ വാളെടുത്തിരിക്കുന്നു ഭരണകക്ഷിയായ ഡിഎംകെ ഉള്‍പ്പെടെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും.
തെങ്കാശിലിയിലെ പാവൂര്‍ഛത്രംസ തൂത്തുക്കിടിയിലെ ശരവണന്‍ കോവില്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ ഹിന്ദിയിലെഴുതിയ ബോര്‍ഡ് ഡിഎംകെ പ്രവര്‍ത്തകര്‍ മായ്ച്ചു. പിന്നാലെ ഗിണ്ടിയിലെ പോസ്റ്റ് ഓഫീസിലും ബിഎസ്എന്‍എല്‍ ഓഫീസിലും സമാന പ്രതിഷേധമുണ്ടായി. കഴിഞ്ഞ ദിവസവും രണ്ട് റെയില്‍വെ സ്റ്റേഷനുകളിലെ ബോര്‍ഡുകളിലെ ഹിന്ദി മായ്ച്ചിരുന്നു.