05 February, 2025 03:28:31 PM
കോപ്പിയടിച്ചു എന്നാരോപിച്ച് നാല് ദിവസം സസ്പെൻഡ് ചെയ്തു; അനാമികയുടെ മരണത്തിൽ ദുരൂഹത
ബെംഗളൂരു: കര്‍ണാടകയില്‍ മലയാളിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹത. അനാമികയുടെ ആത്മഹത്യ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി ബന്ധുക്കളും സഹപാഠികളും. ദയാനന്ദ് സാഗര്‍ കോളേജ് മാനേജ്‌മെന്റിനെതിരെയാണ് ആരോപണം.
കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജില്‍ നിന്നും പെണ്‍കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ മരിച്ചിട്ടും മൃതദേഹം അഴിച്ചു മാറ്റിയത് രാവിലെ പതിനൊന്ന് മണിക്കാണെന്നും ആരോപണമുണ്ട്. പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിന് വലിയ തുക പിഴയടക്കാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയെ മാനേജ്മെന്റ് സമ്മര്‍ദ്ദത്തിലാക്കി. സസ്‌പെന്‍ഷന്‍ വിവരം സുഹൃത്തുക്കളോട് പറയുന്ന പെണ്‍കുട്ടിയുടെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്.
'ഞാനിനി പഠിച്ചിട്ട് കാര്യമില്ല. തലയില്‍ കയറുന്നില്ല. സസ്‌പെന്‍ഷന്‍ ആണെന്ന് പറഞ്ഞു. പേപ്പര്‍ കിട്ടിയിട്ടില്ല. സസ്‌പെന്‍ഷനിലാണെന്ന് പറഞ്ഞു. സെമസ്റ്റര്‍ ആകുന്നതിന് ഇടയ്ക്ക് നമ്മള്‍ ഇറങ്ങുന്നതാണെങ്കില്‍ ഏജന്റിനോട് പറയുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പറയുന്നു. അങ്ങനെ എന്തെങ്കിലും വഴി നോക്കണം. ഇവിടെ നിന്നാല്‍ പാസാക്കാതെ സപ്ലി അടിച്ച് വിടും. എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ടിട്ട് എനിക്ക് ഇവിടെ നിക്കണമെന്നില്ല. വട്ടാണെന്ന് ചോദിച്ചു. ഇനി ഞാന്‍ ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ', എന്നായിരുന്നു അനാമിക സുഹൃത്തുക്കളോട് ഫോണില്‍ സംസാരിച്ചത്.