30 December, 2024 04:08:59 PM


മധ്യപ്രദേശിൽ പൊലീസ് കസ്റ്റഡിയിൽ ദളിത് യുവാവ് മരിച്ചു: കൊലപാതകമെന്ന് ബന്ധുക്കൾ



ഭോപ്പാൽ: മധ്യപ്രദേശിലെ ഡെവാസ് ജില്ലയിൽ പൊലീസ് കസ്റ്റഡിയിൽ ദളിത് യുവാവ് മരിച്ചു. സ്ത്രീയുടെ പരാതിയിൽ മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയ മുകേഷ് ലോം​ഗ്രെ എന്നയാളാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. മുകേഷിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മുകേഷിനെതിരെ നടപടിയുണ്ടാകാതിരിക്കാൻ പൊലീസുകാർ കൈക്കൂലിയാവശ്യപ്പെട്ടെന്നും കുടുംബം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ഇൻസ്പെക്ടർ ആശിഷ് രജ്പുതിനെ സസ്പെൻഡ് ചെയ്തു.

ഡിസംബർ 26 ന് ഒരു സ്ത്രീ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് മുകേഷിനെ പൊലീസ് വിളിച്ചുവരുത്തിയത്. ഇൻസ്പെക്ടർ മൊഴി വായിക്കവേ മുകേഷ് കൈയിലുണ്ടായിരുന്ന തൂവാല ഉപയോ​ഗിച്ച് ലോക്കപ്പിലെ ജനൽക്കമ്പിയിൽ കെട്ടിത്തൂങ്ങുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് പൂനീത് ​ഗഹ്ലോത് പറഞ്ഞു. ഇയാളെ ഉടൻ ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

മുകേഷിന്റെ പേരിൽ കേസൊന്നുമില്ലെന്നും മൊഴി രേഖപ്പെടുത്താൻ വേണ്ടി മാത്രമാണ് വിളിച്ചുവരുത്തിയതെന്നുമാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നന്ദാനി യുകായ് അന്വേഷണമാരംഭിച്ചു. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സസ്പെൻഡ് ചെയ്യുംവരെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു .കസ്റ്റഡി മരണമാരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസും പ്രതിഷേധം നടത്തി. ദളിത് യുവാവ് കൊല്ലപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി മോഹൻ യാദവ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934