20 December, 2024 10:21:12 AM


വിട്ടുമാറാത്ത കൈമുട്ടുവേദന; ശസ്ത്രക്രിയയിൽ പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്



ആലപ്പുഴ: വിട്ടുമാറാത്ത കൈമുട്ടു വേദനയുമായി എത്തിയ ആളുടെ കയ്യിൽ നിന്ന് പട്ടിയുടെ പല്ല് പുറത്തെടുത്തു. തണ്ണീര്‍മുക്കം കുട്ടിക്കല്‍ വൈശാഖിന്റെ കയ്യിൽ നിന്നാണ് ഓപ്പറേഷനിലൂടെ പല്ല് പുറത്തെടുത്തത്. 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല് വൈശാഖിന്റെ കയ്യിൽ തറഞ്ഞിരിക്കുകയായിരുന്നു.

കൈമുട്ടുവേദനയുമായാണ് വൈശാഖ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിയത്. മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയില്‍ ചെറിയ മുഴ രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് നീക്കം ചെയ്യാനായി നടത്തിയ ഓപ്പറേഷനിലാണ് സര്‍ജന്‍ ഡോ മുഹമ്മദ് മുനീറിന്റെ കണ്ണിൽ പല്ല് തെളിഞ്ഞത്. മുട്ടില്‍ തൊലിയോടു ചേര്‍ന്നാണ് കൂര്‍ത്തപല്ലിന്റെ ഭാഗം കണ്ടെത്തിയത്. ഓപ്പറേഷന് ശേഷമാണ് 25 വർഷം മുൻപ് പട്ടി കടിയേറ്റ വിവരം വൈശാഖ് ഡോക്ടർമാരോട് പങ്കുവെക്കുന്നത്.

36കാരനായ വൈശാഖിനെ 11 -ാം വയസ്സിലാണ് പട്ടികടിക്കുന്നത്. പട്ടികടിയേറ്റസമയത്ത് മുറിവിന് പ്രാഥമിക ചികിത്സമാത്രമേ ചെയ്തിരുന്നുള്ളൂ. മുറിവുണങ്ങിയതിനാല്‍ തുടര്‍ചികിത്സ നടത്തിയില്ല. പ്രധാന ഞരമ്പുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം. വൈശാഖ് ബുധനാഴ്ചതന്നെ ആശുപത്രിവിട്ടു. നഴ്സിങ് ഓഫീസര്‍മാരായ വി. ശ്രീകല, സാന്ദ്രാ സലിം, റിയ എന്നിവര്‍ ശസ്ത്രക്രിയയില്‍ സഹായികളായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K