09 December, 2024 11:18:11 AM
റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; ഒമാനിൽ മലയാളി യുവതി മരിച്ചു
സുഹാര്‍: ഒമാനിലെ സുഹാറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ മാന്നാര്‍ സ്വദേശിനിയായ സുനിതാ റാണി (44) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആഷ്‌ലി മറിയം ബാബു(34)വിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച സഹം സുഹാര്‍ റോഡിലായിരുന്നു അപകടമുണ്ടായത്. സുനിതയും ആഷ്‌ലിയും റോഡ് മുറിച്ചുകടക്കുന്നതിനിട വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുനിത മരിച്ചു. സഹമില്‍ സ്വകാര്യ ആയുര്‍വേദ ഹോസ്പിറ്റലില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ആഷ്ലിയുടെ പരിക്ക് ഗുരുതരമല്ല.
സുനിതാ റാണി മൂന്ന് മാസം മുമ്പാണ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. കടമ്പൂര്‍ കുടുംബരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എന്‍ജിഒ യൂണിയന്‍ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗവുമായ എന്‍ സി സുഭാഷ് ആണ് സുനിയുടെ ഭര്‍ത്താവ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.