29 November, 2024 06:57:47 PM


ഫ്ലാറ്റ് തട്ടിപ്പ് കേസ്: നടി ധന്യ മേരി വർഗീസിന്‍റെയും കുടുംബത്തിന്‍റെയും സ്വത്ത് കണ്ടു കെട്ടി ഇഡി



തിരുവനന്തപുരം: ഫ്‌ളാറ്റ് തട്ടിപ്പു കേസില്‍ നടി നധ്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ ധന്യക്കും ധന്യയുടെ ഭര്‍ത്താവും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും നടനുമായ ജോണ്‍ ജേക്കബിനും ജോണിന്റെ സഹോദരന്‍ സാമുവലിനും എതിരെ നിയമനടപടികള്‍ തുടര്‍ന്നുവന്നിരുന്നു.

2016ല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. 2011 മുതല്‍ നഗരത്തിലെ വിവിധ പ്രൊജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ളാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപ തട്ടിച്ചെന്നും അമിത പലിശ നല്‍കാമെന്നു പറഞ്ഞു 30 കോടിയോളം രൂപ തട്ടിച്ചെന്നുമുള്ള പരാതിയിലാണ് കേസ്.

തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചതോടെയാണ് നടനും നടിയും കുടുങ്ങിയത്. ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളിലും ഒളിവില്‍ പോയ സംഘത്തെ നാഗര്‍കോവിലിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് അന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K