26 November, 2024 06:43:20 PM
വിരവിമുക്തിദിനം: സ്‌കൂളുകളിലും അങ്കണവാടികളിലും ഗുളികനൽകി
കോട്ടയം: ദേശീയ വിരവിമുക്ത ദിനത്തിൽ ജില്ലയിലെ സ്‌കൂളുകളിലും അങ്കണവാടികളിലും വിരക്കെതിരെ ഗുളിക വിതരണം ചെയ്തു. സർക്കാർ, സ്വകാര്യ സ്‌കൂളുകൾ, അങ്കണവാടികൾ പ്ലേ സ്‌കൂളുകൾ എന്നിവവഴിയാണ് കുട്ടികൾക്ക് മരുന്ന് നൽകിയത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഐങ്കൊമ്പ് അംബികാ വിദ്യാഭവനിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് നിർവ്വഹിച്ചു. ചടങ്ങിൽ കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അദ്ധ്യക്ഷത വഹിച്ചു.
ഒന്ന് മുതൽ 19 വയസുവരെയുള്ള കുട്ടികൾക്ക് ഒരേ ദിവസം തന്നെയാണ് വിര നശീകരണത്തിനായി ഗുളിക നൽകിയത്.
ഒരു പ്രാവശ്യം ഗുളിക കഴിക്കുന്നതിലൂടെ തന്നെ ശരീരത്തിലെ ബഹുഭൂരിപക്ഷം വിരകളും നശിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ അറിയിച്ചു. ചൊവ്വാഴ്ച ഗുളിക കഴിക്കാൻ കഴിയാത്തവർക്ക് ഡിസംബർ മൂന്നിനു ഗുളിക വീണ്ടും നൽകും. ജില്ലാ മെഡിക്കൽ ഓഫീസർ വിഷയാവതരണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. കെ.ജി. സുരേഷ്, കടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജെയ്‌സി സണ്ണി, ഗ്രാമപഞ്ചായത്തംഗം സിബി ജോസഫ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. സത്യപാലൻ, സി.ഡി.പി.ഒ. ജിനു മറിയ ബെഞ്ചമിൻ, ഹെഡ്മാസ്റ്റർ സി.എസ്. പ്രതീഷ്, ഉള്ളനാട് മെഡിക്കൽ ഓഫീസർ ഡോ. ബിജു ജോൺ, കടനാട് മെഡിക്കൽ ഓഫീസർ ഡോ. ബ്രിജിത് ജോൺ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്‌സ് നാൻസി വർഗീസ്, പി.ടി.എ. പ്രസിഡന്റുമാരായ പ്രശാന്ത് നന്ദകുമാർ, കെ.ജി. രോഹിണി, ഹെൽത്ത് സൂപ്പർവൈസർ ജി.മനോജ്, പബ്ലിക് ഹെൽത്ത് നഴ്‌സിങ് സൂപ്പർവൈസർ കെ. ആർ. വനജ തുടങ്ങിയവർ സംസാരിച്ചു.