05 November, 2024 11:46:22 AM


നവജാതശിശുവിനെ നാലര ലക്ഷത്തിന് വിറ്റു; അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയിൽ



തഞ്ചാവൂർ: നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയിൽ ആയി. തമിഴ്നാട്ടിൽ ആണ് ഈ സംഭവം നടന്നത്. നാലരലക്ഷം രൂപ വാങ്ങിയ ശേഷം കഴിഞ്ഞ മാസം 30ന് ആണ് കുഞ്ഞിനെ ഇവർ കൈമാറിയത്.സംഭവത്തിൽ ഈറോഡ് സ്വദേശി സന്തോഷ് കുമാർ (28), ആർ സെൽവി (47), എ സിദ്ദിക ബാനു (44), എസ് രാധ (39), ജി രേവതി (35) എന്നിവരാണ് അറസ്റ്റിലായത്.

പണത്തെ ചൊല്ലി കുഞ്ഞിന്‍റെ അമ്മയും അച്ഛനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഭവം പുറത്തുവന്നത്. തഞ്ചാവൂർ സ്വദേശിയായ യുവതിയാണ് ഈറോഡിലുള്ള ആൺസുഹൃത്തായ സന്തോഷിൽ നിന്ന് ഗർഭിണിയായത്. ഭർത്താവുമായി പിണങ്ങി കഴിയുന്നതിനിടെയായിരുന്നു സംഭവം. ഗർഭഛിദ്രത്തിനായി പല ആശുപത്രികളെ സമീപിച്ചെങ്കിലും നടന്നില്ല. വീട്ടുകാർ വിഷയം അറിയാതിരിക്കാൻ സുഹൃത്തായ സെൽവിയുടെ വീട്ടിലേക്ക് യുവതി താമസം മാറി. ഈറോഡിലെ സർക്കാർ ആശുപത്രിയിൽ സെപ്റ്റംബർ അവസാനം പെണ്‍കുഞ്ഞിന് ജന്മം നൽകി. അപ്പോഴേക്കും നാഗർകോവിൽ സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിനെ വിൽക്കാൻ ധാരണയായിരുന്നു. മക്കളില്ലാത്ത ദമ്പതികളിൽ നിന്ന് നാലരക്ഷം രൂപ വാങ്ങിയ ശേഷം കഴിഞ്ഞ മാസം 30ന് കുഞ്ഞിനെ കൈമാറി. ജനിച്ച് 40 ദിവസമായപ്പോഴാണ് കുഞ്ഞിനെ കൈമാറിയത്. സെൽവി, സിദ്ദിക ബാനു, രാധ, രേവതി എന്നീ സ്ത്രീകളാണ് ഇടപാടുകൾക്ക് നേതൃത്വം നൽകിയത്.

തനിക്ക് കിട്ടിയ വിഹിതം കുറഞ്ഞുപോയെന്ന് പറഞ്ഞ് കുഞ്ഞിന്‍റെ അമ്മ ഇടഞ്ഞു. പിന്നാലെ കുഞ്ഞിനെ വിറ്റ കാര്യം സർക്കാർ പ്രൈമറി സെന്‍ററിലെ നഴ്സിനോട് വെളിപ്പെടുത്തി. നഴ്സിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ സിഡബ്ല്യുസി, ഈറോഡ് നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് പ്രതികൾ വലയിലായത്. 40 ദിവസം പ്രായമുള്ള പെൺകുഞ്ഞ് നിലവിൽ ഈറോഡ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്‍റെ അമ്മയുടെയും കുഞ്ഞിനെ വാങ്ങിയ നാഗർകോവിലിലെ ദമ്പതികളുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് ഈറോഡ് പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K