10 October, 2024 06:28:44 PM


ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന: മൂന്നു സ്ഥാപനങ്ങൾ അടപ്പിച്ചു



കോട്ടയം: ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ തട്ടുകടകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രാത്രികാല പ്രത്യേക സ്‌ക്വാഡ് പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത  ഒരു സ്ഥാപനവും, ഭക്ഷ്യ സുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ച രണ്ടു സ്ഥാപനങ്ങളും അടച്ചുപൂട്ടി.
പാചക എണ്ണയുടെ പുനരുപയോഗം തടയുക, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധന, ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷൻ/ ലൈസൻസ് എന്നിവ ഇല്ലാത്ത സ്ഥാപനങ്ങളെ കണ്ടെത്തൽ, ശുചിത്വം എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 37 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച എട്ടു  സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നോട്ടീസും രണ്ടു സ്ഥാപനങ്ങൾക്ക് തെറ്റുതിരുത്താനുള്ള നോട്ടീസും നൽകി. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എ.എ. അനസിന്റെ മേൽനോട്ടത്തിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ഡോ. അക്ഷയ വിജയൻ, ഡോ. സ്‌നേഹ എസ്. നായർ, ജി. എസ്. സന്തോഷ് കുമാർ, നിമ്മി അഗസ്റ്റിൻ, നീതു രവികാർ, നവീൻ ജയിംസ് എന്നിവരാണ് പരിശോധനകൾ നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K