23 September, 2024 12:18:31 PM


കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം- സുപ്രീം കോടതി



ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല വിഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പോക്സോ, ഐടി നിയമങ്ങള്‍ പ്രകാരം കുറ്റകരമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളെ സംബന്ധിച്ച് അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും സുപ്രീം കോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അശ്ലീല ചിത്രം എന്നത് 'ലൈംഗീക ചൂഷണം ചെയ്യുന്ന വസ്തുക്കള്‍' എന്ന് മാറ്റാന്‍ നിര്‍ദേശിച്ച കോടതി ഇതു വ്യക്തമാക്കി നിയമത്തില്‍ ഭേദഗതി വരുത്താന്‍ പാര്‍ലമെന്‍റിനോട് ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

മൊബൈല്‍ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യം ഡൗണ്‍ലോഡ് ചെയ്ത ഇരുപത്തെട്ടുകാരനെതിരായ കേസ് കഴിഞ്ഞ ജനുവരി 11നാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. കുട്ടികളടക്കം അശ്ലീല ദൃശ്യം കാണുന്നത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും ഇതൊരു കുറ്റമല്ലെന്നും അവരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരേ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണു സുപ്രീം കോടതിയെ സമീപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K