09 September, 2024 10:40:32 AM
ഡ്രഡ്ജർ എത്താൻ വൈകിയേക്കും; അർജുനായുള്ള തിരച്ചിൽ നീളും
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനായുള്ള തിരച്ചിലിന് ഡ്രഡ്ജർ എത്താൻ വൈകിയേക്കും. കാറ്റും മഴയും തടസം സൃഷ്ടിക്കുന്നതിനാൽ ഡ്രഡ്ജർ വെസൽ പുറപ്പെടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന് ഷിപ്പിംഗ് കമ്പനി അറിയിച്ചു. ഗോവയിലും കാർവാർ ഉൾപ്പടെയുളള തീര ദേശ കർണാടകയിലും സെപ്റ്റംബർ 11 വരെ യെല്ലോ അലേർട്ട് തുടരുകയാണ്.
ഗോവയിൽ നിന്ന് ഡ്രഡ്ജർ പുറപ്പെടുന്ന കാര്യത്തിൽ കാറ്റിന്റെ ഗതി നോക്കി ബുധനാഴ്ചയോടെ തീരുമാനമെടുക്കാനായേക്കുമെന്ന് അഭിഷേനിയ ഓഷ്യൻ സർവീസസ് വ്യക്തമാക്കി. ഉത്തര കന്നഡ ജില്ലാ ഭരണകൂടം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷിപ്പിംഗ് കമ്പനിക്ക് ഷിരൂരിലേക്ക് തിരിക്കാൻ നിർദേശം നൽകിയത്. വ്യാഴാഴ്ച ഡ്രഡ്ജിങ് പുനരാരംഭിക്കും എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത് .
കഴിഞ്ഞ മാസം 16നാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലെ മണ്ണ് തിരച്ചിലിന് പ്രധാന വെല്ലുവിളിയായിരുന്നു. ഇതിന് പുറമെ അടിത്തട്ടിലെ ഒഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. ജൂലൈ 16നാണ് ഷിരൂരില്‍ അര്‍ജുന്‍ മണ്ണിടിച്ചില്‍പ്പെടുന്നത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. അര്‍ജുനൊപ്പം മണ്ണിടിച്ചില്‍ കാണാതായ രണ്ട് കര്‍ണാടക സ്വദേശികളെക്കൂടി കണ്ടെത്താനുണ്ട്.