06 September, 2024 10:51:30 AM
ലൈംഗികാരോപണക്കേസിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി നിവിൻ പോളി
കൊച്ചി: ലൈംഗികാരോപണക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. ഡിജിപിയ്ക്കും പരാതി കൈമാറി. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടൻ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണം. കരിയര്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്.
സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ നിവിന്‍പോളിക്കെതിരായ പീഡനാരോപണം വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. പീഡനം നടന്നു എന്ന് പറയുന്ന ദിവസം നിവിന്‍പോളി തന്റെ കൂടെയായിരുന്നുവെന്നും ഇതിന്റെ ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 2023 ഡിസംബര്‍ 14ന് നിവിന്‍ 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ സെറ്റിലാണ് ഉണ്ടായിരുന്നത്. 15ന് പുലര്‍ച്ചെ മൂന്ന്മണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. യാഥാര്‍ത്ഥ്യം ഉടനെ തെളിയണമെന്നുമായിരുന്നു വിനീതി ശ്രീനിവാസന്‍ പറഞ്ഞത്.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു നിവിന്‍ പോളിക്കെതിരെ യുവതി നല്‍കിയ പരാതി. പരാതിയില്‍ എറണാകുളം ഊന്നുകല്‍ പൊലീസാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേസിലെ ആറാം പ്രതിയാണ് നിവിന്‍ പോളി. ഊന്നുകല്‍ സ്വദേശിയാണ് പരാതിക്കാരി.
നിലവില്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കേസില്‍ യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. സിനിമയിലും യൂറോപ്പിലും ജോലി വാഗ്ദാനം ചെയ്യുകയും തുടര്‍ന്ന് ദുബായില്‍ കൊണ്ടുപോയി ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം നിവിന്‍ പോളിക്കെതിരായ തെളിവൊന്നുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. യുവതിയുടെ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് നിവിന്‍ പോളി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇത് തെളിയിക്കാന്‍ ഏതറ്റം വരെ പോകുമെന്നായിരുന്നു നിവിന്‍ പോളി പ്രതികരിച്ചത്. പീഡന പരാതിയിൽ നിയമപരമായി പോരാടുമെന്നും നിവിന്‍ പോളി അറിയിച്ചിരുന്നു.