19 June, 2024 02:48:02 PM
തൃശ്ശൂരിലെ വോട്ട് ചോര്‍ച്ച, ഉപതിരഞ്ഞെടുപ്പ്; കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങള്‍ നാളെ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങള്‍ നാളെ തിരുവനന്തപുരത്ത് ചേരും. തൃശ്ശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വി വിശദമായി ചര്‍ച്ച ചെയ്യും. വോട്ട് ചോര്‍ച്ചയുടെ കാരണം കണ്ടെത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ആദ്യമാണ് കോണ്‍ഗ്രസ് യുഡിഎഫ് യോഗങ്ങള്‍ ചേരുന്നത്.
തൃശ്ശൂരിലെ വോട്ട് ചോര്‍ച്ചയുടെ കാരണം കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ സംഘടനാതലത്തില്‍ പരിഗണിക്കണമെന്ന് ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും. അതേസമയം മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും ഫലം വിശദമായി പരിശോധിക്കും.
വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗങ്ങളില്‍ ചര്‍ച്ചയാകും. മുതിര്‍ന്ന നേതാക്കള്‍ക്ക് മണ്ഡലങ്ങളുടെ ചുമതല നല്‍കും. വയനാട്ടില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പാലക്കാട് നിലനിര്‍ത്താന്‍ പുതുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. ഇത്തവണ സര്‍ക്കാര്‍ വിരുദ്ധ തരംഗത്തില്‍ ആലത്തൂര്‍ ഒപ്പം നില്‍ക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും യോഗം രൂപം നല്‍കിയേക്കും.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ക്കും യോഗം രൂപം നല്‍കും. മാസപ്പടി വിവാദം, ബാര്‍കോഴ വിവാദവും രാഷ്ട്രീയ ആയുധമാക്കാനാണ് നീക്കം. കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും എംഎല്‍എമാരും എംപിമാരും പങ്കെടുക്കും. വൈകുന്നേരം യുഡിഎഫ് യോഗത്തിലും എംപിമാര്‍ പങ്കെടുക്കും. തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ യോഗം അവലോകനം ചെയ്യും.