17 June, 2024 09:00:24 AM


ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം: കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു



മുംബൈ: ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എഫ്എസ്എസ്എഐ യാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം ഐസ്ക്രീം കമ്പനിയിൽ പരിശോധന നടത്തിയ ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. 

ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന കമ്പനിയുടെ കോണ്‍ ഐസ്ക്രീമിൽ നിന്ന് വിരൽ കിട്ടിയതായി 26കാരനായ ഡോക്ടറാണ് പരാതി നൽകിയത്. ഡോക്ടർക്കായി സഹോദരി ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്നാണ് വിരലിന്‍റെ ഭാഗം ലഭിച്ചത്. മൂന്ന് കോൺ ഐസ്ക്രീമാണ് ഓർഡർ ചെയ്തത്. ബട്ടർ സ്കോച്ച് ഐസ്ക്രീം കഴിച്ചുതുടങ്ങിയപ്പോഴാണ് വായിൽ എന്തോ അസാധാരണമായി തടഞ്ഞതെന്ന് ഡോക്ടർ പറഞ്ഞു. പിന്നാലെ മലാഡ് പൊലീസിൽ പരാതി നൽകുകയായിരുന്നു.


പൂനെയിലെ ഇന്ദാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്പനിക്ക് കേന്ദ്ര ലൈസൻസ് ഉണ്ട്. കൂടുതൽ അന്വേഷണത്തിനായി എഫ്എസ്എസ്എഐ നിർമാണ കമ്പനിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതൽ നടപടികളെന്നും പൊലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K