14 June, 2024 06:26:32 PM


ബാർകോഴയ്ക്ക് പിന്നിലെ കൈകൾ ആരുടേതെന്ന് പുറത്തുവരണം - തിരുവഞ്ചൂർ രാധാകൃഷ്ണൻ



കോട്ടയം: ബാർകോഴയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കൈകൾ ആരുടേതാണെന്ന് പുറത്തുവരണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോഴ വിവാദത്തെ കുറിച്ചല്ല, വിവാദ ഓഡിയോ എങ്ങനെ പുറത്തായി എന്നാണ് ഇപ്പോഴും അന്വേഷണം നടത്തുന്നത്. തന്‍റെ മകനെ കൂടി ഈ വിവാദത്തിൽ  വലിച്ചിഴയ്ക്കാനുള്ള ശ്രമം നടന്നു വരുകയാണ്. 

ഇതിൻ്റെ പിന്നിൽ വിവാദ ഓഡിയോ പുറത്തുവിട്ട അനിമോന്റെ അടുത്ത  ബന്ധുവും സി പിഎമ്മിൻ്റെ സ്റ്റേറ്റ് കമ്മിറ്റിയംഗവുമായ ഒരു വ്യക്തിയാണ്.ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത തൻ്റെ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തിയ പ്രവർത്തകർക്ക് ഇതൊന്നും അറിയില്ലന്നും ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തി ആവശ്യമില്ലാതെ ചെളി വാരി എറിയുകയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. 

അനിമോനുമായി ആർക്കാണ് ബന്ധമുള്ളതെന്ന് സിപിഎമ്മാണ്  പറയേണ്ടത്. തന്‍റെ മകൻ ബന്ധുത സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണന്ന് നാട്ടുകാർക്ക് എല്ലാം അറിയാവുന്നതാണ്. ബാർ ഉടമകളുടെ യൂണിയനിലോ, വാട്സ് ആപ്പ് ഗ്രൂപ്പിലോ മകൻ അംഗമല്ല. ഭാര്യയുടെ അച്ഛൻ മരണമടഞ്ഞ സമയത്ത് ഏതാനും ദിവസങ്ങൾ മാത്രമാണ് ആ ഫോൺ മകൻ ഉപയോഗിച്ചത്. തിരുവനന്തപുരത്ത് താമസിച്ച് ഐറ്റി മേഖലയിൽ പ്രവർത്തിക്കുന്ന മകനെ ഇതിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമം പൊതു സമൂഹം അംഗീകരിക്കില്ലന്നു അദ്ദേഹം പറഞ്ഞു

എംഎൽഎയെ അധിക്ഷേപിക്കുവാനുള്ള ശ്രമങ്ങളെ രാഷ്ട്രീയമായും, നിയമപരമായും ചെറുക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു. പി എ സലിം, ഫിൽസൺ മാത്യൂസ്, മോഹൻ കെ നായർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K