17 May, 2024 07:08:04 PM


കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു



ചെന്നൈ: കുറ്റാലത്ത് ഉണ്ടായ മിന്നല്‍പ്രളയത്തില്‍ വിനോദസഞ്ചാരി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ യുവാവ് ഒലിച്ചുപോകുകയായിരുന്നു. തിരുനെല്‍വേലി സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. 17 വയസായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കുറ്റാലം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മുന്നറിയിപ്പ് ഇല്ലാത്തതിനാല്‍ വിനോദസഞ്ചാരികള്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുകയായിരുന്നു. അതിനിടെയാണ് യുവാവ് ഒലിച്ചുപോയത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ഭയാനകമായ ദൃശ്യങ്ങളും പുറത്തുവന്നു. കാണാതായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അതേസമയം, തമിഴ്‌നാട്ടില്‍ രണ്ടുദിവസമായി തുടരുന്ന മഴയ്ക്ക് ശമനമില്ല. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍ ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നാളെ മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് യാത്ര ഒഴിവാക്കണമെന്നാണ് നിലഗിരി കളക്ടറുടെ നിര്‍ദേശം. അടുത്ത മൂന്ന് ദിവസം ജില്ലയില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ ശക്തമായ മഴയാണ് നീലഗിരി ജില്ലയില്‍ പ്രവചിച്ചിരിക്കുന്നത്. അതിശക്തമായ മഴയെ തുടര്‍ന്ന് ഹില്‍സ്റ്റേഷനിലടക്കം മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഊട്ടിയിലും നീലഗിരി ജില്ലയിലെ മറ്റിടങ്ങളിലും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് നീലഗിരി ജില്ലാ കളക്ടര്‍ എം അരുണ മാധ്യമങ്ങളോട് പറഞ്ഞു. നാളെ മുതല്‍ 3 ദിവസം (മെയ് 18-20) മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും വിനോദസഞ്ചാരികളും ഊട്ടിയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. കനത്ത മഴയുള്ള സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയിരുന്നു. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം. ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍ വാഹനങ്ങളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K