17 February, 2024 10:34:34 AM


മന്ത്രിമാരുടെ സംഘം വയനാട്ടിലേക്ക്; പോളിന്‍റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യും- ശശീന്ദ്രൻ



കൽപറ്റ: വന്യമൃ​ഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ ജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾ ന്യായമായതാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ബേലൂർ മഗ്നയെ പിടികൂടാൻ ശ്രമം തുടരുകയാണ്. ദൗത്യം വിജയിക്കാത്തതിനാൽ മയക്കുവെടിവെക്കാൻ ശ്രമം തുടരും. ദൗത്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. പ്രതിപക്ഷം തന്‍റെ രാജി ആവശ്യപ്പെടുന്നത് ആത്മാര്‍ഥതയില്ലായ്മ മൂലമാണെന്നും മന്ത്രി പ്രതികരിച്ചു.

ഇന്നലെ കാട്ടാന ആക്രമണത്തിൽ മരിച്ച വനംവകുപ്പ് ജീവനക്കാരൻ പോളിന് ചികിത്സ ലഭ്യമായില്ലെന്ന ആരോപണം മന്ത്രി നിഷേധിച്ചു. വിദഗ്ധ ചികിത്സ നൽകാനുള്ള എല്ലാ ശ്രമവും നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യും. വനംവകുപ്പ് കുടുംബത്തിലെ അംഗത്തെ ആണ് നഷ്ടമായത്. പോളിന് വിദഗ്ധ ചികിത്സ നൽകി എന്നാണ് പ്രാഥമിക റിപ്പോർട്ട്. ചികിത്സ വൈകിയെന്ന പരാതിയുണ്ടെങ്കിൽ അന്വേഷിക്കാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ അടുത്തയാഴ്ച ഉന്നതതല യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ യോഗം ചേരും. മന്ത്രിതല സംഘം വയനാട്ടിലേക്ക് പോകും. റവന്യൂമന്ത്രിയും തദ്ദേശഭരണ വകുപ്പ് മന്ത്രിയും ഒപ്പമുണ്ടാകും. ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ വിജയിപ്പിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K