17 November, 2023 09:57:54 AM
കിലോയ്ക്ക് 3 ലക്ഷം രൂപ; കാശ്മീരില്‍ മാത്രമല്ല, കാന്തല്ലൂരിലും പൂക്കും കുങ്കുമപ്പൂവ്
ഇടുക്കി : ഇന്ത്യക്കാര്‍ക്ക് കുങ്കുമപ്പൂവ് എന്നാല്‍ കാശ്മീരായിരുന്നു. എന്നാല്‍ കേരളത്തിലും ഇത് വിജയകരമായി കൃഷി ചെയ്യാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി കാന്തല്ലൂരിലെ ഒരു കര്‍ഷകൻ.
കാന്തല്ലൂര്‍ പെരുമലയില്‍ പ്രദേശവാസിയും വി.എഫ്.പി.സി.കെ. ലേലവിപണിയുടെ ഫീല്‍ഡ് അസിസ്റ്റന്റുമായ ബി. രാമമൂര്‍ത്തിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ കുങ്കുമപ്പൂ കൃഷി ചെയ്തത്. ഇന്ത്യയില്‍ കശ്മീരിലാണ് വൻതോതില്‍ കുങ്കുമപ്പൂ വിളയുന്നത്. എന്നാല്‍, അവിടുത്തേതിനേക്കാള്‍ 1.5 മില്ലിമീറ്റര്‍ വലുപ്പം പെരുമലയിലെ പൂവിന് കൂടുതലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആദ്യമായാണ് കുങ്കുമപ്പൂ വിളവെടുക്കുന്നത്. കാന്തല്ലൂരിലെ തണുത്ത കാലാവസ്ഥ അനുകൂലമായതിനാല്‍ അടുത്ത വര്‍ഷം കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 25 സെന്റില്‍ ചെയ്ത കൃഷിയില്‍ നിന്ന് 300 പൂക്കളാണ് ലഭിച്ചത്.
കുങ്കുമപ്പൂവ് എന്ന് കേള്‍ക്കുമ്പോള്‍ പാലില്‍ കലക്കി കുടിക്കുന്ന വസ്‍തുവെന്ന രീതിയിലായിരിക്കും പലരും പെട്ടെന്ന് ഓര്‍ക്കുന്നത്. ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ് കുങ്കുമപ്പൂവ് എന്ന പേരില്‍ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നത്. 15 മുതല്‍ 20 സെ.മീ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണിത്
കാശ്മീരില്‍ കൂടുതലായി വളരുന്ന കുങ്കുമപ്പൂവിന് ഇന്ത്യയിലുടനീളം ആവശ്യക്കാരേറെയാണ്. കിലോയ്ക്ക് 3 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.
ധാരാളം ഔഷധഗുണങ്ങളുള്ള കുങ്കുമപ്പൂവ് സുഗന്ധദ്രവ്യമായും, സൗന്ദര്യവര്‍ദ്ധക വസ്‌തുവായും ഉപയോഗിക്കുന്നു. പെര്‍ഫ്യൂമുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്.ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവില്‍ നിന്നാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. 15 മുതല്‍ 20 സെ.മീ വരെ ഉയരത്തില്‍ ഇവ വളരും.
കുങ്കുമപ്പൂവിന്റെ കൃഷിയില്‍ കാലാവസ്ഥയേക്കാള്‍ പ്രാധാന്യം മണ്ണിന്റെ പ്രത്യേകതയ്ക്കാണ്. ഉപോഷ്‍ണ മേഖലാ പ്രദേശങ്ങളിലാണ് ഈ ചെടി തഴച്ചുവളരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തില്‍ വളരും. 12 മണിക്കൂര്‍ സൂര്യപ്രകാശം ആവശ്യമാണ്. കുറഞ്ഞ താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും പൂക്കളുണ്ടാകുന്നതിനെ കാര്യമായി ബാധിക്കും. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. പി.എച്ച് മൂല്യം 6 നും 8 നും ഇടയിലായിരിക്കണം. കളിമണ്ണ് പോലുള്ളവ ഒഴിവാക്കണം.
കിഴങ്ങാണ് നടാനുപയോഗിക്കുന്നത്. കിഴങ്ങുകള്‍ക്ക് ഉരുണ്ട ആകൃതിയും നീണ്ട നാരുകളും ഉണ്ടായിരിക്കും.കളകള്‍ പറിച്ചുമാറ്റി ജൈവവളം കൊണ്ട് സമ്ബുഷ്‍ടമാക്കിയ മണ്ണിലാണ് ചെടി നടുന്നത്. കൃഷി ചെയ്യാനുള്ള അനുയോജ്യമായ സമയം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഒക്ടോബര്‍ മാസത്തില്‍ പൂക്കളുണ്ടാകാന്‍ തുടങ്ങുകയും ചെയ്യും.
12 മുതല്‍ 15 വരെ സെ.മീ ആഴത്തിലാണ് കിഴങ്ങുകള്‍ നടുന്നത്. ഓരോ ചെടിയും തമ്മില്‍ 12 സെ.മീ അകലമുണ്ടായിരിക്കണം.കിഴങ്ങ് നട്ടാല്‍ 30 മുതല്‍ 50 ദിവസത്തിനകം വിളവെടുക്കാം. കിഴങ്ങിന്റെ വലുപ്പമനുസരിച്ച് മൂന്നുമുതല്‍ അഞ്ചു വരെ പൂക്കള്‍ ലഭിക്കും. ഒരേക്കറില്‍ ഒരു ലക്ഷം കിഴങ്ങുവരെ നടാം. ഇതില്‍നിന്നും 2.4 ലക്ഷം മുതല്‍ 2.50 ലക്ഷം പൂക്കള്‍ കിട്ടും. ഇതിന് ഒന്നരക്കിലോഗ്രാം തൂക്കം വരും. ഒരു കിലോ കുങ്കുമപ്പൂവിന് മൂന്നുലക്ഷം രൂപയാണ് വിപണി വില എന്നോര്‍ക്കണം.
ഗുണങ്ങള്‍
1. ആര്‍ത്തവത്തിനു മുൻപായി സ്ത്രീകളിലുണ്ടാവുന്ന പ്രീമെൻസ്ട്രല്‍ സിൻഡ്രോം ലക്ഷണങ്ങളായ ദേഷ്യം, തലവേദന, വേദന, ഉത്കണ്ഠ തുടങ്ങിയവ അകറ്റാൻ കുങ്കുമപ്പൂ കഴിക്കുന്നത് സഹായിക്കുന്നു.
2. ഫെര്‍ട്ടിലിറ്റി മെച്ചപ്പെടുത്തുന്നു. കുങ്കുമപ്പൂവ് പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക ശേഷിയും ലൈംഗിക സംതൃപ്തിയും വര്‍ദ്ധിപ്പിക്കും
3. കുങ്കുമപ്പൂവില്‍ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, വിഷാദരോഗവുമായി ബന്ധപ്പെട്ട സെറോടോണിന്റെയും തലച്ചോറിലെ മറ്റ് കെമിക്കലുകളുടെയും അളവ് വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.
4. കുങ്കുമപ്പൂവിന്റെ ഔഷധഗുണം കാരണം ഗര്‍ഭിണികള്‍ക്ക് ആരോഗ്യ വിദഗ്‌ധര്‍ ശുപാര്‍ശ ചെയ്യുന്നു. കുങ്കുമപ്പൂവിന്റെ ആന്റീഡിപ്രസന്റ് പ്രവര്‍ത്തനം ഗര്‍ഭകാലത്ത് ഉണ്ടാകുന്ന മൂഡ് സ്വിങ്സിനെ കുറയ്ക്കാൻ സഹായിക്കുന്നു. കുങ്കുമപ്പൂവ് ദഹനത്തിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
5. ആന്റിഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമായ കുങ്കുമപ്പൂവ് ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കും.(ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് പാലില്‍ കലക്കി കുടിച്ചാല്‍ കുഞ്ഞിന് വെളുപ്പ് നിറമുണ്ടാകുമെന്ന് പറയപ്പെടുന്നത് ഇതുകൊണ്ടാണ്.പക്ഷെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല)