25 October, 2025 07:59:14 PM
എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷീരസംഗമം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷീരകർഷകസംഗമം ഇളങ്ങുളം ശ്രീധർമ്മശാസ്‌താ ഓഡിറ്റോയത്തിൽ ക്ഷീരവികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ജേക്കബ് അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വിശിഷ്ടാതിഥിയായി. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നിർവഹിച്ചു.
പാമ്പാടി ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലായുള്ള 28 ക്ഷീരസംഘങ്ങളുടേയും അതിരുകൾ ഡിജിറ്റലായി മാപ്പു ചെയ്യുകയും അത് പൊതുയിടത്തിൽ ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയായ 'ക്ഷീര സീമ' പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും ജില്ലയിൽ 2022 ഒക്ടോബർ മുതൽ 2024 ഡിസംബർ വരെ ആഫ്രിക്കൻ പന്നിപ്പനിമൂലം പന്നികളെ നഷ്ടപ്പെട്ട കർഷകർക്ക് സംസ്ഥാന സർക്കാർ അനുവദിച്ച നഷ്ടപരിഹാരത്തുകയുടെ വിതരണോദ്ഘാടനവും മന്ത്രി ചിഞ്ചുറാണി നിർവഹിച്ചു.
സംഗമത്തോടനുബന്ധിച്ച് ഡയറി എക്സിബിഷൻ, ഇൻസെന്റീവ് വിതരണം, ക്ഷീര കർഷകരെ ആദരിക്കൽ, കറവപ്പശു ധനസഹായ വിതരണം എന്നിവയും നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ, സ്ഥിരം സമിതി അധ്യക്ഷരായ എസ്.ഷാജി, അഖിൽ അപ്പുക്കുട്ടൻ, ഷേർലി അന്ത്യകുളം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനി ജോയ്, ദീപ ശ്രീജേഷ്, സെക്രട്ടറി മാർട്ടിൻ ജോർജ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി. കെ.മനോജ് കുമാർ, ജില്ലാ ഡയറി ഡെവലപ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, വെറ്ററിനറി സർജൻ ഡോ. വി.രമ്യ, ക്ഷീരവികസന ഓഫീസർ എം.വി. കണ്ണൻ,എറണാകുളം സഹകരണ മേഖല ക്ഷീരോദ്പാദക യൂണിയൻ ഡയറക്ടർ ജോയ് വാക്കയിൽ എന്നിവർ പങ്കെടുത്തു.





