16 May, 2023 09:10:50 AM
കലാമണ്ഡലം കൃഷ്ണൻകുട്ടിപൊതുവാൾ ജന്മവാര്‍ഷികാഘോഷം മെയ് 28ന്
പാലക്കാട്: കഥകളി സാർവ്വഭൗമനും കലാസാഗർ സ്ഥാപകനുമായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മവാർഷികം "ഒരു പിറന്നാളിന്‍റെ ഓര്‍മ്മ" 2023 മെയ് 28ആം തിയതി വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിന്‍റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്‍റെയും സഹകരണത്തോടെ കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് ഹാളിൽ കലാസാഗർ ആഘോഷിക്കുന്നു. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം കലാസാഗർ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളും നൽകുന്നതാണ്.
മെയ് 28നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന അനുസ്മരണ യോഗത്തിന് സ്വാഗതം കലാമണ്ഡലം ഉണ്ണികൃഷ്ണൻ നിർവഹിക്കും. കെ ബി രാജ് ആനന്ദ് (ചെയർമാൻ വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ്) ആഘോഷ പരിപാടിയുടെ ആമുഖവും വിശിഷ്ടാധികളെയും കലാസാഗർ പുരസ്കാരം നേടിയവരെ സദസ്സിനു പരിചയപ്പെടുത്തും. ഡോക്ടർ ടി എസ് മാധവൻകുട്ടിയുടെ (പ്രസിഡന്‍റ് വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ്) അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ യോഗത്തിനു ഡോക്ടർ എം വി നാരായണൻ, വൈസ് ചാന്സല്ർ, കേരള കലാമണ്ഡലം ഉദ്‌ഘാടനം ചെയ്യും.
ഡോക്ടർ കെ ജി പൗലോസ്, മുൻ വൈസ് ചാന്സല്ർ, കേരള കലാമണ്ഡലം വിശിഷ്ടസാന്നിദ്ധ്യം അലങ്കരിക്കുന്ന വേദിയിൽ വി രാമൻകുട്ടി, എം ജെ ശ്രീചിത്രൻ എന്നിവര്‍ വേദിയില്‍ സംസാരിക്കും. വി കലാധരൻ മുഖ്യ പ്രഭാഷകനാകും. തുടർന്ന് 2023ലെ കലാസാഗർ പുരസ്കാരസമർപ്പണം. കലാസാഗർ പ്രസിഡന്‍റ് ശ്രീ എം. പി. മോഹനൻ നന്ദി രേഖപ്പെടുത്തും.
പുരസ്കാരസമർപ്പണത്തിനു ശേഷം കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ഭീഷ്മപ്രതിജ്ഞ ആട്ടക്കഥയിൽ കഥകളിയിലെ ദേവഭാവം കോട്ടക്കൽ ദേവദാസ് ശന്തനു മഹാരാജാവായും, വെള്ളിനേഴി ഹരിദാസൻ സത്യവതിയായു, കളിയരങ്ങിലെ നിറ സാന്നിദ്ധ്യം പീശപ്പിള്ളി രാജീവ് ഗംഗാദത്തനായും, യുവ കലാകാരന്മാരിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കലാമണ്ഡലം നീരജ് ദാശരാജാവായും വേഷമിടുമ്പോൾ അത്തിപ്പറ്റ രവിയും നെടുമ്പുള്ളി രാംമോഹനനും സംഗീതം നൽകുന്നു. കോട്ടക്കൽ വിജയരാഘവനും കോട്ടക്കൽ സുധീഷ് പാലൂർ മേളമൊരുക്കുന്നു. കലാമണ്ഡലം ശ്രീജിത്ത് ചുട്ടിയും, ബാലൻ, രാമകൃഷ്ണൻ, കുട്ടൻ (അണിയറ) തുടങ്ങിയവർ പങ്കെടുക്കുന്ന കഥകളിക്കു ചമയമൊരുക്കുന്നതു വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ് ആണ്. ആഘോഷ പരിപാടികള്‍ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യും.