05 December, 2025 10:28:47 PM


ദേശീയപാത തകർന്നതിനാൽ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിൽ ഗതാഗതക്രമീകരണം



കൊല്ലം: കൊട്ടിയം സിത്താര ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് തകർന്നതിൻ്റെ ഭാഗമായി കൊട്ടിയം ടൗണിലും ദേശീയപാതയിലും വാഹനഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താഴെപ്പറയുന്ന രീതിയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയിനറുകൾ മുതലായ ഹെവി വാഹനങ്ങളും മറ്റ് ഗുഡ്‌സ് വാഹനങ്ങളും ചവറ കെ.എം.എം.എൽ ജംഗ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ് - കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.

തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ ചവറ - ആൽത്തറമൂട് -കടവൂർ കല്ലുംതാഴം അയത്തിൽ കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് തുടരാവുന്നതും അല്ലെങ്കിൽ കണ്ണനല്ലൂർ-മീയന്നൂർ-കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരാവുന്നതുമാണ്.

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ അയത്തിൽ-കണ്ണനല്ലൂർ-കട്ടച്ചൽ- ചാത്തന്നൂർ വഴി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം, ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് പാരിപ്പളളി-പരവൂർ -പൊഴിക്കര  വഴി (തീരദേശം റോഡ്) യാത്ര തുടരാവുന്നതാണ്.

പൊതുജനങ്ങൾക്ക് ഗതാഗത കുരുക്ക് ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പ് വരുത്തുന്നതിനായി പോലീസ് നിർദ്ദേശിക്കുന്ന ഈ ഗതാഗത ക്രമീകരണങ്ങളോട് എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934