28 November, 2025 12:00:15 PM
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: അതിജീവിതയുടെ പരാതിയെ തുടർന്ന് പൊതുമധ്യത്തിൽ നിന്നും മാറി നിൽക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നടപടി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെയുണ്ടെന്നാണ് പൊലീസ് നിഗമനം.
തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ടോടെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ അഞ്ചു മണിയോടെയാണ് രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫായത്. ഇന്ന് രാവിലെ ഏഴരയോടെ രാഹുലിന്റെ ഫോൺ സ്വിച്ച് ഓണായെങ്കിലും വീണ്ടും സ്വിച്ച് ഓഫായിരിക്കുകയാണ്. ഇത് ദൃശ്യം മാതൃകയിലുള്ള പദ്ധതിയാണെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം രാഹുലിനെതിരെയുള്ള പരാതിയിൽ ഹൈക്കമാൻഡ് സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. തുടർനടപടികൾ കെപിസിസിക്ക് വിടുമെന്നാണ് വിവരം.
യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുലിനൊപ്പമുള്ളവരും നിരീക്ഷണത്തിലാണ്. കോൺഗ്രസിലെ ചിലരിൽ നിന്നും ഇപ്പോഴും സംരക്ഷണം ലഭിക്കുന്നതിനാൽ അത് ഉപയോഗിച്ച് രാഹുൽ കടന്നുകളയാനുള്ള സാധ്യതയുമുണ്ട്. കൃത്യമായ ഗൂഡാലോചനയോടയാണ് രാഹുലിന്റെ നീക്കം. അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയതാണ് പരാതി നൽകാൻ വൈകിയതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. തൃക്കണ്ണാപുരത്തും പാലക്കാടുമുള്ള ഫ്‌ളാറ്റിൽ വച്ച് രാഹുൽ തന്നെ ബലാത്സംഗം ചെയ്തുവെന്നും പരാതിയിലുണ്ട്.
യുവതിയെ നിര്‍ബന്ധമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സുഹൃത്ത് വഴിയാണ് ഗര്‍ഭനിരോധന ഗുളിക എത്തിച്ചു നല്‍കിയതെന്ന് യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുമെന്ന് പറഞ്ഞാണ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചത്. എതിര്‍ത്തപ്പോള്‍ ചീത്ത വിളിച്ചു, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. സുഹൃത്ത് എത്തിച്ച ഗുളിക കഴിച്ചോയെന്ന് വീഡിയോകോള്‍ ചെയ്ത് രാഹുല്‍ ഉറപ്പാക്കിയെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.






