11 February, 2023 10:11:32 PM


പാട്ടും നൃത്തവും തമാശകളുമായി അവര്‍ വീണ്ടും ഒത്തു ചേര്‍ന്നു; തളരാത്ത മനസുമായി



കോട്ടയം: രോഗം തളര്‍ത്തിയ ശരീരത്തിലെ തളരാത്ത മനസുമായി അവര്‍ വീണ്ടും ഒത്തുചേര്‍ന്നു. പാട്ടും നൃത്തവും തമാശകള്‍ പങ്കുവെച്ചും മറ്റും.  മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി രോഗികളുടെ കേരളത്തിലെ കൂട്ടായ്മയായ മൈൻഡ് ട്രസ്റ്റിന്‍റെ കോട്ടയം ജില്ലാസംഗമമായിരുന്നു വേദി. കോട്ടയം സിഎംഎസ് കോളേജില്‍ നടന്ന പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 17ഓളം രോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും മൈൻഡ് വോളണ്ടിയേഴ്സ് വിംഗായ കൂട്ടിലെ കൂട്ടുകാരും, സിഎംഎസ് കോളേജിലെ എന്‍എസ്എസ് വോളണ്ടിയേഴ്സും ഉൾപ്പെടെ നൂറോളം പേര്‍ പങ്കെടുത്തു.

അച്ചയാൻസ് ഗോൾഡ് ഡയറക്ടര്‍ ടോണി സംഗമം ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ ആശംസകൾ അര്‍പ്പിച്ചു. ഫോണിലൂടെ മാത്രം പരിചയപ്പെടുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്ന അംഗങ്ങൾ ഓരോരുത്തർക്കും പരസ്പരം അടുത്ത് കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വേദി കൂടിയായി മാറി സിഎംഎസ് കോളേജ് ക്യാമ്പസ്. 

കേരളത്തിലെ മസ്കുലർ ഡിസ്ട്രോഫി,സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച വ്യക്തികളുടെ വിവിധങ്ങളായ ക്ഷേമ പ്രവർത്തികൾ ലക്ഷ്യം വെച്ച് 2017 മെയ് ഒന്നിന് രൂപീകൃതമായ സംഘടനയാണ് മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റ്.  മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി  രോഗബാധിതരായ 500 ൽ പരം വ്യക്തികളാണ് സംഘടനയുടെ ഭാഗമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

രോഗത്തെക്കുറിച്ചുള്ള അവബോധം, രോഗികളുടെ വിദ്യാഭ്യാസം, തൊഴിൽ, പുനരധിവാസം, ഗവേഷണം എന്നീ 5 ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മൈൻഡിന്‍റെ പ്രവർത്തനങ്ങൾ. ഈ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനായി 17 ഓളം പ്രോജക്ടുകൾ ട്രസ്റ്റ് നടപ്പിലാക്കി വരുന്നു.  മൈൻഡ് ട്രസ്റ്റിന്‍റെ പ്രവർത്തന ഫലമായി നിരവധി അംഗങ്ങൾ വീട്ടിലിരുന്ന് കൊണ്ടുതന്നെ തൊഴിലുകൾ ചെയ്ത് സ്വന്തമായി വരുമാനം കണ്ടെത്താൻ പ്രാപ്തരായി. പഠനം മുടങ്ങിയവർക്ക് തുടർ വിദ്യാഭ്യാസം സാധ്യമാക്കാനും സാധിക്കുന്നു.

രോഗബാധിതർക്ക് വേണ്ടി രോഗബാധിതരായ വ്യക്തികൾ തന്നെ നേതൃത്വം കൊടുക്കുന്ന സംഘടനയാണിത്. 2020-21 ലെ  ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സംഘടനക്കുള്ള കേരള സർക്കാരിന്‍റെ പുരസ്കാരം മൈൻഡ് ട്രസ്റ്റിന് ലഭിച്ചിരുന്നു. കേരളത്തിലെ മറ്റു ജില്ലകളിൽ തുടർന്നും ഇത്തരം ഒത്തു ചേരലുകൾ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

സമൂഹത്തിന്റെ സഹതാപമല്ല പിന്തുണയാണ് തങ്ങൾക്ക് ആവശ്യമെന്ന് പറഞ്ഞുകൊണ്ടാണ് അവർ ഓരോരുത്തരും കോളേജിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയത്. ചെയർമാൻ കൃഷ്ണകുമാർ, കോർഡിനേറ്റർ ജോൺ, ദിവ്യ, പൂനം അബ്രഹാം, കൂട്ട് പ്രസിഡന്‍റ് അൽ അമീൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K