08 February, 2023 08:13:29 PM
കഞ്ചാവ് വാങ്ങാൻ വേഷം മാറി പച്ചക്കറിക്കടയിലെത്തി പൊലീസ്; ഇടുക്കിയിൽ രണ്ടുപേർ പിടിയിൽ
ഇടുക്കി: വണ്ടൻമേട്ടിൽ നാലു കിലോഗ്രാമിലേറെ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. വണ്ടൻമേട്ടിൽ പച്ചക്കറി കട നടത്തുന്ന കമ്പം സ്വദേശിയായ ചുരുളി ചാമി , വാഹനത്തിൽ ഇയാൾക്ക് കൈമാറാനായി കഞ്ചാവെത്തിച്ച മുരിക്കാശ്ശേരി മേലെചിന്നാർ പാറയിൽ വീട്ടിൽ ജോച്ചൻ മൈക്കിൾ എന്നിവരെയാണ് ഡാൻസാഫ് ടീമും വണ്ടൻമേട് പൊലീസും ചേർന്നു നടത്തിയ നീക്കത്തിലൂടെ പിടിയിലായത്.
ആവശ്യക്കാരെന്ന വ്യാജേന വേഷം മാറിയെത്തിയാണ് പൊലീസ് ചുരുളി ചാമിയെയും ജോച്ചനെയും കുടുക്കിയത്. ചുരുളി ചാമിയുടെ കട കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സജീവമാണെന്ന രഹസ്യവിവരത്തെ തുടർന്ന് ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു ഇയാൾ. മാസങ്ങൾക്കുമുൻപ് ഇയാളുടെ പച്ചക്കറി കടയിൽ നിന്നും ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പാൻ ഉൽപ്പന്നങ്ങൾ വണ്ടെൻ മേട് പൊലീസ് പിടിച്ചെടുത്തിരുന്നു.
റിസോർട്ടിലേക്ക് ആവശ്യത്തിനെന്ന പേരിൽ നാലു കിലോ കഞ്ചാവ് ആവശ്യപ്പെട്ട് ഡാൻസാഫ് അംഗങ്ങൾ ചുരുളിചാമിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇയാൾ മേലെ ചിന്നാർ സ്വദേശിയായ ജോച്ചനെ ഫോണിൽ ബന്ധപ്പെട്ടു. ജോച്ചൻ കഞ്ചാവുമായി എത്തുകയുമായിരുന്നു. കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ 4.250 കിഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.