21 January, 2023 04:51:42 PM


'പോപ്പുലർ ഫ്രണ്ടുകാർ മാത്രമോ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത്?' - സുന്നി നേതാവ്



മലപ്പുറം: മിന്നൽ ഹർത്താൽ ആക്രമണ കേസുകളിലുൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികൾ പുരോഗമിക്കുമ്പോൾ പോപ്പുലർ ഫ്രണ്ടുകാർ മാത്രമാണോ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത് എന്ന ചോദ്യവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍.

കോടതിയുടെയും സർക്കാരിന്റെയും ജാ​ഗ്രത ശുഭസൂചനയെന്ന് പറഞ്ഞ അദ്ദേഹം, ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും ജാഗ്രത കാണിക്കാത്തതിന്റെ താത്പര്യം എന്താണെന്നും ചോദിക്കുന്നു. വിവേചനമെന്ന് തോന്നിക്കുന്ന തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിന്റെയോ നിയമ വാഴ്ചയുടേയോ ലക്ഷണമല്ലെന്നും സത്താർ പന്തല്ലൂർ കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ ദ്രുത ഗതിയിൽ ജപ്തി നടപടികൾ നടക്കുകയാണ്. പൊതുമുതൽ നശിപ്പിച്ചാൽ അത് ബന്ധപ്പെട്ടവരിൽ നിന്ന് തിരിച്ച് പിടിക്കാൻ കോടതിയും സർക്കാറും ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണ്.
എന്നാൽ ഈ പോപ്പുലർ ഫ്രണ്ട് കാർ മാത്രമാണോ നമ്മുടെ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത് ? ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും ഈ ജാഗ്രത കാണിക്കാത്തതിന്റെ താത്പര്യം എന്താണ് ?
പോപുലർ ഫ്രണ്ട് ഒരു തീവ്രമായ ആവിഷ്കാരമാണ്. എന്നുവെച്ച് പൊതുമുതൽ നശിപ്പിച്ച കുറ്റം അവരുടെ ഹർത്താൽ മുതൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യേണ്ടതല്ല. എന്നാൽ വിവേചനമെന്ന് തോന്നിക്കുന്ന തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിന്റെയോ നിയമ വാഴ്ചയുടേയോ ലക്ഷണമല്ല. അനീതിക്കിരയാവുന്നവർ അവർ ആരായാലും അവർക്ക് വേണ്ടി നിലകൊള്ളുന്നതാകണം നമ്മുടെ നീതിന്യായ സംവിധാനവും ജനാധിപത്യ വ്യവസ്ഥയും.
പോപുലർ ഫ്രണ്ട്, എൻ ഡി എഫ് ആയിരുന്ന കാലം മുതൽ കൃത്യമായ അകലവും എതിർപ്പും സമുദായ നേതൃത്വം കാണിച്ചിട്ടുണ്ട്. ആ നിലപാടിലൊന്നും യാതൊരു മാറ്റവുമില്ല.'


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K